തെന്നിന്ത്യന്‍ താരം തൃഷയുടെ ഏറ്റവും പുതിയ തെലുങ്ക് വെബ്സീരീസിന്റെ ഭാഗമാകാന്‍ മലയാളികളുടെ പ്രിയ നടന് ഇന്ദ്രജിത്തും. ‘ബൃന്ദ’ എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഉടന്‍ തന്നെ സോണി ലിവില്‍ സട്രീമിങ് ആരംഭിക്കും. സൂര്യ വംഗല സംവിധാനം ചെയ്യുന്ന സീരീസില്‍ സായ് കുമാര്‍, അമാനി, രവീന്ദ്ര വിജയ്, ആനന്ദ് സാമി എന്നിവരും ഉണ്ട്.
ഇതാദ്യമായല്ല ഇന്ദ്രജിത്ത് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത്. 2009ല്‍ വി കെ പ്രകാശ് സംവിധാനം ചെയ്ത കാവ്യാസ് ഡയറി എന്ന തെലുങ്ക് സിനിമയില്‍ ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു. ചാര്‍മി കൗറും മഞ്ജുള ഘട്ടമനേനിയും ഇന്ദ്രജിത്തിനൊപ്പം ഉണ്ടായിരുന്നു.
വെബ് സീരീസിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തൃഷ സീരീസിൽ ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ റാമിലും ഇന്ദ്രജിത്തും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. കൊവിഡ് വ്യാപനം മൂലം ചിത്രീകരണം മുടങ്ങിയിരുന്ന റാമിന്റെ അടുത്ത ഷെഡ്യൂള്‍ ജൂലൈയില്‍ ലണ്ടനില്‍ പുനരാരംഭിക്കാന്‍ ആലോചനയുണ്ടെന്ന് ഇന്ദ്രജിത്ത് നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, മലയാളത്തിലും തമിഴിലുമായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഇന്ദ്രജിത്തിന്. തമിഴില്‍ വിഷ്ണു വിശാലിന്റെ മോഹന്‍ദാസ്, കാര്‍ത്തിക് നരേന്റെ നരഗാശൂരന്, എം പത്മകുമാറിന്റെ പത്താം വളവ്, ഇന്ദു വി.എസിന്റെ ആര്‍ട്ടിക്കിള്‍ 19 (1)(എ), രതീഷ് അമ്പാട്ടിന്റെ തീര്‍പ്പ്, ഷാന്‍ തുളസീധരന്റെ അനുരാധ ക്രൈം നമ്പര്‍.59/2019, രാജീവ് രവിയുടെ തുറമുഖം എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.