മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. അന്ന ബെന്‍, റോഷന് മാത്യു എന്നിവര്‍ രാത്രി ഒരു കാറിന് മുന്നില്‍ പരിഭ്രാന്തരായി നില്‍ക്കുന്നതാണ് പോസ്റ്ററില്‍. കരഞ്ഞുകൊണ്ടിരിക്കുന്ന അന്ന ബെന്‍ കഥാപാത്രത്തെ റോഷന് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തില്‍ കാണാം. ‘വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്നു’ എന്ന ടാഗ് ലൈനും രക്ത നിറത്തിലുളള ‘വി’ അക്ഷരവുമെല്ലാം ഒരു ഡാര്‍ക് ഇമോഷണല്‍ ക്രൈം ത്രില്ലറിന്റെ സൂചന നല്‍കുന്നുണ്ട്. ഇന്ദ്രജിത്ത് സുകുമാരന്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണോ ചെയ്യുന്നതെന്ന് പ്രേക്ഷകര്‍ ചോദിച്ചുതുടങ്ങിയിട്ടുണ്ട്.
ഇത്തവണ വ്യത്യസ്തമായ ഒന്നിന് വേണ്ടിയാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് എല്ലാവര്ക്കും അത് ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.
വൈശാഖ്
അഭിലാഷ് പിള്ളയുടേതാണ് നൈറ്റ് ഡ്രൈവിന്റെ തിരക്കഥ. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രഞ്ജിന് രാജാണ് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. വരികള്‍ മുരുകന് കാട്ടാക്കട. എഡിറ്റിങ്ങ് സുനില്‍ എസ് പിള്ള. കലാ സംവിധാനം ഷാജി നടുവില്‍. സംഘട്ടനം മാഫിയ ശശി. പ്രൊഡക്ഷന്‍ കണ്ട്രോളര് സതീഷ് കാവില്‍ക്കോട്ട. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കപ്പേളയ്ക്ക് ശേഷം അന്ന ബെന്‍, റോഷന് മാത്യു എന്നിവര്‍ ഒന്നിക്കുകയാണെന്ന പ്രത്യേകത കൂടി നൈറ്റ് ഡ്രൈവിനുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ‘പുലിമുരുകന്’, മമ്മൂട്ടിയുടെ ‘മധുരരാജ’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് യുവ താരനിരയുമായി എത്തുന്നത് കൗതുകമുണര്‍ത്തുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ‘മോണ്‍സ്റ്റര്‍’ എന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രവും വൈശാഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.