ഹാരി പോട്ടർ @20: ബ്ലോക്ക്ബസ്റ്റർ ഫാന്റസിയുടെ ഇരുപത് ഇന്ദ്രജാല വർഷങ്ങൾ

ഹാരി പോട്ടർ സീരീസുകളിലെ ആദ്യ ചിത്രം ‘ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേർസ് സ്റ്റോൺ’ പുറത്തിറങ്ങിയിട്ട് ഇരുപത് വർഷം തികയുന്നു. 2001ൽ റിലീസായ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയ സിനിമയായിരുന്നു. അന്നുവരെയുള്ള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പണം വാരിയ രണ്ടാമത്തെ ചിത്രവുമായി ഹാരി പോട്ടർ മാറി. ഹോഗ്‌വാർട്സ് സ്കൂളിൽ മാന്ത്രികവിദ്യ അഭ്യസിക്കാനെത്തുന്ന ഹാരിയുടെ ആദ്യ വർഷം മുതലാണ് കഥയുടെ തുടക്കം. ഹാരി പോട്ടർ എന്ന പേരിൽത്തന്നെ ജെ.കെ റോളിംഗിന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിച്ച് നാല് വർഷത്തിന് ശേഷമാണ് സിനിമയിറങ്ങുന്നത്. പുറത്തിറങ്ങുന്നതിന് തലേന്നാൾ രാത്രി ഗ്രന്ഥശാലകൾക്ക് മുന്നിൽ കാത്തിരുന്ന് പുതിയ വാള്യങ്ങൾ സ്വന്തമാക്കി, ഹാരി പോട്ടറിനോടൊപ്പം വളർന്നുവന്ന ബാല്യകാലമുണ്ടായിരുന്നു മുൻപ്. പൊതുവെ വായനയോട് പിന്തിരിഞ്ഞുനിന്നിരുന്ന ആൺകുട്ടികളെയുൾപ്പെടെ അക്ഷരാനുരാഗികളാക്കി മാറ്റുന്നതിൽ ഹാരി പോട്ടർ സീരീസുകൾ വലിയ പങ്കുവഹിച്ചു.

ഹാരി പോട്ടർ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റുപോകുന്നത് ചൂണ്ടിക്കാട്ടി കുട്ടികളുടെ വായനയോടുള്ള ആഭിമുഖ്യത്തിലെ പുരോഗമന മാറ്റങ്ങളെക്കുറിച്ച് വിശകലനങ്ങളുണ്ടായി. എന്നാൽ പൂർണമായും കുട്ടികളിലെ വായനാ ഉണർവ്വായിരുന്നു ഇതെന്ന് തീർപ്പുകൽപ്പിക്കാനാകുമായിരുന്നില്ല. അച്ഛനമ്മമാരും മുത്തശ്ശന്മാരുമൊക്കെ കുട്ടികൾ ആവശ്യപ്പെടാതെ തന്നെ അവർക്കായി ഹാരി പോട്ടർ വാങ്ങിനൽകി. പല കുട്ടികളും പുസ്‌തകം വായിക്കാതെ തന്നെ സിനിമ കണ്ടു. എന്നാൽ ചിലർ പുസ്‌തകം വായിക്കാതെ സിനിമ കാണില്ലെന്ന നിലപാടെടുത്തു. തിരിച്ച് സിനിമയിൽ നിന്ന് പുസ്തകത്തിലേക്കും ഒഴുക്കുണ്ടായി.

ബ്രിട്ടണിലെ ഏകദേശം 600 പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ 2014ൽ നടത്തിയ സർവ്വേ പ്രകാരം, ഏതാണ്ട് പകുതിയോളം കുട്ടികൾ കുറഞ്ഞത് ഒരു ഹാരി പോട്ടർ പുസ്തകമെങ്കിലും വായിച്ചിരുന്നു. ഇതിൽ ഭൂരിപക്ഷവും ആൺകുട്ടികളായിരുന്നു. സർവ്വേയിൽ പങ്കെടുത്ത കുട്ടികളിൽ അധികവും സീരീസിലെ ഏഴ് പുസ്‌തകവും വായിച്ചുവെന്നതും ശ്രദ്ധേയമായിരുന്നു. കേവല വായനക്കപ്പുറം ഈ കുട്ടികളിൽ വലിയൊരു വിഭാഗം പുസ്‌തകവും കഥാപാത്രങ്ങളുമായി വലിയ അളവിൽ ഇടപഴകുകയും ചെയ്‌തു എന്നുവേണം പറയാൻ. ഇത് അവരുടെ പൊതു വായനകൾക്കും ഉപകാരപ്രദമായി. സീരീസ് സ്വഭാവമുള്ള തുടർക്കഥയുടെ വായന സമ്മാനിക്കുന്ന സഫലതാ ബോധമാണ് ഈ മുഴുകൽ സാധ്യമാക്കുന്നത്. ‘എന്റെ കുട്ടിക്കാലത്ത് ഒരു പുസ്തകം ഞാൻ ആസ്വദിക്കുമ്പോൾ അത് അവസാനിക്കരുതേ എന്നായിരുന്നു ചിന്ത,’ എന്ന് റോളിങ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ഹാരി പോട്ടർ സിനിമയിൽ നിന്നും

ഹാരി പോട്ടർ സിനിമകൾ നിരന്തരം ടെലിവിഷനിൽ ബ്രോഡ്കാസ്റ്റ് ചെയ്‌തു. മാന്ത്രികലോകത്തിന്റെ പശ്ചാത്തലത്തിൽ വാർണർ ബ്രോസ്, ടെലിവിഷൻ പരമ്പര ആരംഭിക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നു. ഇന്ന് കുട്ടികളുടെ പുസ്‌തകങ്ങളുടെ ഗണത്തിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കൃതി ഹാരി പോട്ടർ അല്ലെങ്കിലും, ഇരുപത്തിനാല് വർഷത്തിന് ശേഷവും ആമസോണിന്റെ ബാലസാഹിത്യ പട്ടികയിലെ ആദ്യ പത്തിൽ ഫിലോസഫേഴ്‌സ് സ്റ്റോണുണ്ട് . മറ്റ് വാള്യങ്ങളും വിൽപനയിൽ മുന്നിൽത്തന്നെ.

എന്നാൽ ഇതൊന്നും അതിശയമായി കാണേണ്ടതില്ല. വ്യത്യസ്തരായ ജീവികളും മന്ത്രജാലങ്ങളും നൽകുന്ന അനന്തമായ ഭാവനയുടെ ലോകവും അടിസ്ഥാനപരമായി ഒരു സ്‌കൂൾ കഥയെന്ന സുപരിചിതത്വത്തിന്റെയും വാതിലുകളാണ് ഹാരി പോട്ടർ ഒരേസമയം മലർക്കെത്തുറക്കുന്നത്. ആഖ്യാന ശൈലിയും കഥാപാത്രങ്ങളും കഥയെ അവിസ്മരണീയമാക്കുന്നു. ഹാരി പോട്ടറിനോടൊപ്പം വളർന്നുവന്ന പുതുതലമുറ രക്ഷിതാക്കൾ ഇന്ന് തങ്ങളുടെ കുട്ടികളെ ‘പോട്ടർ അനുഭവത്തിലേക്ക്’ കൊണ്ടുപോകാനാഗ്രഹിക്കുന്നു. കൂടുതൽ കുട്ടികൾ പുസ്തകത്തേക്കാൾ സിനിമയെ സ്വീകരിക്കാനാണ് സാധ്യതയും.

ഈ അടുത്ത വർഷങ്ങളിൽ ഹാരിപോട്ടർ കൂടുതൽ വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. ഹോഗ്‌വാർട്സ് സ്‌കൂളിന്റെ വരേണ്യ സ്വഭാവം ഇന്ന് കൂടുതലാളുകൾ അംഗീകരിക്കുന്നു. ഹാരിപോട്ടർ സീരീസുകളിലെ സ്ത്രീ-പുരുഷ അനുപാതത്തിൽ, പ്രത്യേകിച്ച് അധ്യാപകരുടെ കഥാപാത്രങ്ങളിൽ, വലിയ അസന്തുലിതത്വം കാണാം. ചിത്രങ്ങളിലെ വിവിധവംശ പ്രതിനിധാനങ്ങൾ പേരിന് മാത്രമാണ്. ഗേ-ലെസ്ബിയൻ കഥാപാത്രങ്ങളുടെ സൂചനപോലുമില്ല. ഡംബൽഡോർ ഗേ കഥാപാത്രമായിട്ടാണ് റോളിങ് വിഭാവനം ചെയ്തതെന്ന് 2007ൽ അവകാശപ്പെട്ടിരുന്നെങ്കിലും എഴുത്തിൽ ആ സൂചനപോലുമില്ല. ട്രാൻസ്ജെൻഡർ അവകാശങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിലെ റോളിങ്ങിന്റെ പൊതു അഭിയപ്രായം തന്നെ വിവാദമായിരുന്നു. ആ നിലപാട് ആദ്യം ട്വിറ്ററിലും പിന്നീട് 2020ൽ 3700 വാക്കുള്ള ഉപന്യാസത്തിലും അവർ ആവർത്തിച്ചു.

ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേർസ് സ്റ്റോൺ സംവിധായകൻ ക്രിസ് കൊളംബസ്

ബാലസാഹിത്യശാഖയിൽ തന്നെ ഇത്തരം പ്രശ്നങ്ങളുള്ള പുസ്‌തകങ്ങൾ ഹാരി പോട്ടർ മാത്രമല്ല. ഈ ചർച്ചകളൊന്നും പുസ്തകങ്ങളുടെ വിൽപ്പനയെ പൊതുവായി ബാധിച്ചിട്ടുമില്ല. എന്നാൽ പുതിയ തലമുറ രക്ഷിതാക്കളെ തങ്ങളുടെ കുട്ടികൾക്ക് ഹാരിപോട്ടർ പരിചയപ്പെടുത്തുന്നതിൽ നിന്നും ഈ ആഖ്യാനപ്പിഴവുകൾ പിന്തിരിപ്പിക്കുമോ എന്നത് പറയാനായിട്ടില്ല. വരുംകാലത്തെ കുട്ടികൾക്കിടയിൽ ഹാരിപോട്ടർ എങ്ങനെ ചർച്ചചെയ്യപ്പെടുമെന്നും സ്വീകരിക്കപ്പെടുമെന്നും ഇപ്പോൾ തീർപ്പുകൽപിക്കാനാവില്ല. സിനിമയും പുസ്‌തകവും പുതിയകാലത്തോട് ചേർന്നുനിന്ന് മുന്നോട്ട് സഞ്ചരിക്കുമോയെന്ന് തെളിയിക്കേണ്ടത് കാലം തന്നെയാണ്.


ദ കോൺവർസേഷന്റെ പോർട്ടലിന്റെ എഡിറ്ററാണ് ലേഖകൻ മിഷ കെറ്റ്ചെൽ.

UPDATES
STORIES