ഉക്രൈന്‍ പ്രസിഡന്റ് ഓസ്‌കാര്‍ വേദിയിലെത്തിയേക്കും; റഷ്യന്‍ അധിനിവേശത്തിനിടെ നിര്‍ണ്ണായക നീക്കം?

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി 94ാ-മത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അഥിതിയായി എത്താന്‍ സാധ്യത. യുഎസ് ആസ്ഥാനമായ ന്യൂയോര്‍ക്ക് പോസ്റ്റാണ് എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടിലൂടെ ഇതുസംബന്ധിച്ച സൂചന പുറത്തുവിടുന്നത്. റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയാകുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ചടങ്ങിന് ഒരു ദിവസം മാത്രം ശേഷിക്കവെ അക്കാദമി വേദിയിലെത്തുന്നത് സംബന്ധിച്ച് സെലന്‍സ്‌കിയുമായി അധികൃതര്‍ ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരിട്ട് എത്താന്‍ സാധ്യതയില്ലെങ്കിലും റെക്കോര്‍ഡു ചെയ്യപ്പെട്ട സന്ദേശത്തിലൂടെയോ ലൈവായോ ഉക്രൈന്‍ പ്രസിഡന്റ് ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടേക്കാനാണ് സാധ്യത. ഓസ്‌കാര്‍ ചടങ്ങിന്റെ സംപ്രേഷണ അധികാരമുള്ള എബിസി നെറ്റ്വവര്‍ക്കിനടക്കം ഈ നീക്കത്തോട് അനുകൂല നിലപാടാണെന്നും സൂചനയുണ്ട്.

ഓസ്‌കാര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വില്‍ പാക്കര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ വിര്‍ച്വല്‍ മീറ്റിലും വിഷയം പരാമര്‍ശിക്കപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ട് നമ്മുക്ക് ഇത്തരം ഒരു ചടങ്ങിലേക്ക് കടക്കാനാകില്ലെന്നായിരുന്നു വില്‍ പാക്കറുടെ പ്രസ്ഥാവന. ഇതെല്ലാം മുന്‍ നടനും ഹാസ്യതാരവുമായ സെലന്‍സ്‌കിയെ ഓസ്‌കാര്‍ വേദിയിലെത്തുന്നതിന്റെ സൂചനയായാണ് നിരീക്ഷിക്കപ്പെടുന്നത്.

അതേസമയം, അക്കാദമി അരാഷ്ട്രീയ സ്വഭാവത്തില്‍ നിന്ന് മാറി റഷ്യ – ഉക്രൈന്‍ വിഷയത്തില്‍ പരസ്യമായ നിലപാടിലേക്ക് പോകണമോ എന്നത് സംബന്ധിച്ചും ചര്‍ച്ച സജീവമാണ്. ഈ വര്‍ഷം ഫെബ്രുവരി 24നാണ് യുക്രെയ്‌നെതിരായ റഷ്യന്‍ അധിനിവേശം ആരംഭിച്ചത്. യുദ്ധം ഒരു മാസവും രണ്ടു ദിവസവും പിന്നിടവെ, ഇതിനകം 3.7 ദശലക്ഷം പേര്‍ ഉക്രൈനില്‍ നിന്ന് പാലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്.

UPDATES
STORIES