‘പൈറസിക്കെതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹമായി മാറി’: ഉണ്ണി മുകുന്ദന്‍

വിഷ്ണു മോഹന്റെ ആദ്യ സംവിധാന സംരഭമായ ‘മേപ്പടിയാന്‍’ വ്യാജ പതിപ്പിനെതിരെ നടന്‍ ഉണ്ണി മുകുന്ദന്‍. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ചിത്രം തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ വ്യാജപ്രിന്റ് ഇറങ്ങിയിരിക്കുന്നത്. എത്ര തവണ പൈറസിക്ക് എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹമായി മാറുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

‘നാല് വര്‍ഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നമാണ് ‘മേപ്പടിയാന്‍’! ഈ കൊവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷന്‍സ് ചെയ്ത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടില്‍ ഇരുന്നു കാണുന്നു എന്ന്. കോവിഡ് ബാധിച്ച് തിയേറ്ററില്‍ വരാന്‍ പറ്റാത്തവര്‍ ഉണ്ടാകും. എന്നിരുന്നാലും മോറല്‍ എത്തിക്‌സ് വെച്ചിട്ട് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടില്‍ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങള്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ’, ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘എത്രയോ പേരുടെ അധ്വാനമാണ് സിനിമയെന്നും 50 ശതമാനം മാത്രം സീറ്റിങ് പരിധിയില്‍ ആണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്നതാണെന്നും ഓര്‍ക്കണം. ഒരുപാട് മുതല്‍മുടക്കില്‍ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു മുതല്‍മുടക്കിയ ഞാനും, വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകന്‍ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. തിങ്കള്‍ തൊട്ട് മേപ്പടിയാന്‍ 138-ല്‍ പരം തീയേറ്ററുകളില്‍ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്യത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വീണ്ടും നന്ദി’, നടന്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 14ന് തിയേറ്ററുകളിലെത്തിയ മേപ്പടിയാന്റെ നിര്‍മ്മാണവും ഉണ്ണിമുകുന്ദനാണ് നിര്‍വഹിച്ചത്. ചിത്രം പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായത്. ഉണ്ണിമുകുന്ദന്റെ അഭിനയ മികവ് ചിത്രത്തിലുണ്ടായെന്ന അഭിപ്രായത്തോടൊപ്പം തന്നെ ചിത്രത്തിന് ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്ന മറുവാദവും ശക്തമാണ്. എന്നാല്‍, രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയല്ല മേപ്പടിയാന്‍ എന്നാണ് സംവിധായകന്‍ വിഷ്ണു മോഹന്‍ ആവര്‍ത്തിച്ച് പറയുന്നത്.

UPDATES
STORIES