വിഐപികളല്ല, വന്നത് ഇഡി തന്നെയെന്ന് ഉണ്ണിമുകുന്ദൻ

എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പരിശോധനകൾ സംബന്ധിച്ച വാർത്തകളിൽ സ്ഥിരീകരണവുമായി നടനും നിർമാതാവുമായ ഉണ്ണിമുകുന്ദൻ. മേപ്പടിയാൻ എന്ന ചിത്രത്തിന്റെ സാമ്പത്തിക കാര്യങ്ങളാണ് ഇഡി ചോദിച്ചതെന്നും സാമ്പത്തിക സ്രോതസുകളെ പറ്റി കൃത്യമായ കണക്കുകൾ നൽകിയിട്ടുണ്ടെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി. കഴിഞ്ഞദിവസം ഉണ്ണിമുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഈ വാർത്ത ഉണ്ണിമുകുന്ദന്റെ അച്ഛൻ നിഷേധിച്ചിരുന്നു. ഇഡിയല്ല, മകനെ കാണാനെത്തിയ വിഐപികളായിരുന്നു എന്നായിരുന്നു വിശദീകരണം.

ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ പരിശോധന നടത്തിയത്. മൂന്ന് മണിക്കോറോളം നീണ്ടു നിന്ന പരിശോധനയായിരുന്നു എന്നാണ് റിപ്പോർട്ട്. രണ്ട് കാറുകളിലായിട്ടായിരുന്നു ഉദ്യോ​ഗസ്ഥരെത്തിയത്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളിൽ പരാതി ഉയർന്നതിനെ തുടർന്നായിരുന്നു പരിശോധന.

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഉണ്ണിമുകുന്ദൻ തന്നെയാണ്. അഞ്ജു കുര്യനാണ് മേപ്പടിയാനിൽ നായികാ വേഷത്തിലെത്തുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിർവ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. സിനിമ ജനുവരി 14ന് തിയറ്ററുകളിലെത്തും.

UPDATES
STORIES