വലിമൈ കോപ്പിയടി വിവാദം: പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെട്രോയുടെ നിര്‍മ്മാതാവ്, നിയമ നടപടിക്കെന്ന് എച്ച് വിനോദ്

അജിത്തിന്റെ കേന്ദ്രകഥാപാത്രമാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈ തമിഴ്‌നാട്ടില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം തിയേറ്ററുകളിലെത്തിയതിന് പിന്നാലെത്തന്നെ കോപ്പിയടി വിവാദങ്ങളും ഉരുത്തിരിഞ്ഞിരുന്നു. വലിമൈയുടെ കഥ ആനന്ദകൃഷ്ണന്‍ 2016ല്‍ സംവിധാനം ചെയ്ത മെട്രോയില്‍ നിന്നും കോപ്പിയടിച്ചതാണ് എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് വഴിവെച്ചവരെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരിക്കുകയാണ് എച്ച് വിനോദ്.

യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് വലിമൈ ഒരുക്കിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ ചൂണ്ടിക്കാട്ടിയത്. തെറ്റിദ്ധാരണ പരത്തുന്ന വിധം പ്രചാരണം നടത്തിയ മെട്രോയുടെ നിര്‍മ്മാതാവ് ജയകൃഷ്ണനെതിരെ കേസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വലിമൈ റിലീസായതിന് പിന്നാലെത്തന്നെ തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ നിന്നുയര്‍ന്ന പ്രധാന ആരോപണമായിരുന്നു 2016ല്‍ ശിരിഷ്, ബോബി സിംഹ തുടങ്ങിയവരെ അണിനിരത്തി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്ത മെട്രോ എന്ന ചിത്രവുമായുള്ള സാമ്യത. സോഷ്യല്‍ മീഡിയകളിലും ഈ ആരോപണം ഉന്നയിക്കപ്പെട്ടു. തന്റെ സഹോദരന്‍ മയക്കുമരന്ന് കടത്തിലും മറ്റും പങ്കാളിയാണെന്ന് മനസിലാക്കുന്ന നായകന്‍ സഹോദരനെ കൊലപ്പെടുത്തുന്നതാണ് മെട്രോയുടെ കഥയുടെ കേന്ദ്രബിന്ദു. ഈ കഥയുടെ തന്നെ മറ്റൊരു ആവിഷ്‌കാരമാണ് വലിമൈയിലുള്ളതെന്നാണ് ആരോപണം.

തുടര്‍ന്ന് മെട്രോയുടെ നിര്‍മ്മാതാവ് ജയകൃഷ്ണന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മദ്രാസ്‌ഹൈക്കോടതിയില്‍ ഒരു ഹരജി നല്‍കുകയായിരുന്നു. വലിമൈയുടെ കഥയും കഥാപാത്രങ്ങളും മെട്രോയില്‍നിന്നും പകര്‍ത്തിയതാണെന്ന ആരോപണമാണ് അദ്ദേഹം ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. അനുവാദമില്ലാതെ മെട്രോയുടെ കഥാപാത്രങ്ങളെ പകര്‍ത്തിയതിന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി. ഹരജിയില്‍ തീര്‍പ്പാവാതെ വലിമൈയുടെ ഒടിടി റിലീസ് അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

UPDATES
STORIES