‘ജയ് ഭീമില്‍ മാപ്പില്ലെങ്കില്‍ ‘എതര്‍ക്കും തുനിന്തവന്‍’ അനുവദിക്കില്ല’; സൂര്യയ്‌ക്കെതിരെ വണ്ണിയാര്‍ സമുദായം; വീടിന് പൊലീസ് കാവല്‍

ദളിത് രാഷ്ട്രീയം പറഞ്ഞ് സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം ഒരുപാട് ചര്‍ച്ചകള്‍ക്കും ചില വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടിരുന്നു. ഇപ്പോഴിതാ സൂര്യ മാപ്പ് പറയാതെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടിയായ പിഎംകെയുടെ നേതൃത്വത്തില്‍ വണ്ണിയാര്‍ സംഘം. സൂര്യ നായകനായെത്തിയ എതര്‍ക്കും തുനിന്തവന്‍ പ്രദര്‍ശനം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത പരിഗണിച്ച് നടന്റെ വീടിന് തമിഴ്‌നാട് പൊലീസ് സംരക്ഷണമൊരുക്കി.

ഗൂഡല്ലൂര്‍, മയിലാടുതുറൈ, കാരൂര്‍ തുടങ്ങിയ ജില്ലകളില്‍നിന്നാണ് വണ്ണിയാര്‍ സംഘം ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയ്ഭീമിലെ ചില രംഗങ്ങള്‍ വണ്ണിയാര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സമുദായത്തിന്റെ വികാരങ്ങള്‍ വൃണപ്പെടുത്തുന്നതാണെന്നുമുള്ള ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. സൂര്യ വണ്ണിയാര്‍ സമുദായത്തോട് മാപ്പ് പറയണമെന്ന് ചിത്രം പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെത്തന്നെ ആവശ്യമുയര്‍ന്നിരുന്നു. പിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അന്‍പുമണി രാമദാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് വണ്ണിയാര്‍ സമദായ നേതാക്കള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ സൂര്യ അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ജയ്ഭീമിനെതിരെ ഉയരുന്ന വിവാദങ്ങളെ തള്ളിപ്പറഞ്ഞും സിനിമയെ പിന്തുണച്ചും തമിഴ് സിനിമാ ലോകത്തെ പ്രമുഖ സംവിധായകരും പ്രൊഡ്യുസേഴ്‌സ് അസോസിയേഷനുകളും അന്ന് രംഗത്തുവന്നിരുന്നു. ജയ്ഭീം മുന്നോട്ടുവെക്കുന്ന ഗൗരവമേറിയ വിഷയത്തെ രാഷ്ട്രീയ ഉദ്ദേശങ്ങളോടെ ഇല്ലാതാക്കരുതെന്ന് സൂര്യയും അഭ്യര്‍ത്ഥിച്ചിരുന്നു.

ഈ വിവാദങ്ങളാണ് സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’ തിയേറ്ററുകളിലെത്തിയതോടെ വീണ്ടും തലപൊക്കിയിരിക്കുന്നത്. വണ്ണിയാര്‍ സമുദായത്തോട് സൂര്യ മാപ്പുപറയാതെ ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്ഥാവനകളിറക്കിയിരുന്നു. വിവിധ തിയേറ്ററുടമകള്‍ക്ക് ഇവര്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഈ പ്രതിഷേധങ്ങളെ വകവെക്കാതെയാണ് ചിത്രം ഇന്ന് റിലീസായിരിക്കുന്നത്.

ഈ സാഹചര്യത്തില്‍, സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് സൂര്യയുടെ ചൈന്നയിലെ ത്യാഗരായ നഗറിലെ വീടിന് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തിയിരിക്കുന്നത്. വരുന്ന ദിവസങ്ങളിലും സമാന രീതിയില്‍ പൊലീസ് സംരക്ഷണം തുടരുമെന്നാണ് വിവരം. ജയ്ഭീമിനെച്ചൊല്ലി വീണ്ടും വിവാദമുയരുന്നതില്‍ സൂര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്നുരാവിലെ മുതലാണ് ‘എതര്‍ക്കും തുനിന്തവന്‍’ പ്രദര്‍ശനം ആരംഭിച്ചത്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. കൊവിഡ് ലോക്ഡൗണില്‍ പുറത്തിറങ്ങി നിരൂപക പ്രശംസ സ്വന്തമാക്കിയ ‘സുരറൈ പോട്ര്’, ‘ജയ് ഭീം’ എന്നിവ ഒടിടി റിലീസുകളായിരുന്നു. പാണ്ടിരാജ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘എതര്‍ക്കും തുനിന്തവനി’ല്‍ പ്രയങ്ക അരുള്‍ മോഹനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. സൂരി, വിനയ് റാണി, സത്യരാജ്, രാജ് കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍ തുടങ്ങിയവും വിവിധ വേഷത്തിലെത്തുന്നുണ്ട്.

UPDATES
STORIES