മഞ്ജുവിന്റെയും സൗബിന്റെയും ‘വെള്ളരിക്കാപ്പട്ടണം’ ഇനി ‘വെള്ളരിപ്പട്ടണം’; മാറ്റം വിശദീകരിച്ച് നിര്‍മ്മാതാവ്

മഞ്ജു വാര്യറും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ എന്ന ചിത്രത്തിന്റെ പേരില്‍ മാറ്റം. ‘വെള്ളരിപ്പട്ടണം’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ‘വെള്ളരിക്കാപ്പട്ടണം’ എന്ന പേരില്‍ മറ്റൊരു ചിത്രം സെന്‍സര്‍ ചെയ്തിട്ടുള്ളതുകൊണ്ടാണ് പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ‘വെള്ളരിപ്പട്ടണ’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ഉടന്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിന്റെ പേര് സംബന്ധിച്ച് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്നാണ് പേരുമാറ്റത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ കടന്നത്. ഇക്കാര്യത്തെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ:

‘കേരളത്തില്‍ സിനിമാ നിര്‍മാണത്തിന് അനുമതി നല്കുന്നതിനും ടൈറ്റില്‍ രജിസ്ട്രേഷനുമുള്ള അധികാരം ഫിലിംചേംബറിനാണ്. ഇതനുസരിച്ച് 2019 നവംബര്‍ 5ന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ഫിലിംചേംബറില്‍ ‘വെള്ളിരിക്കാപട്ടണം’ എന്ന പേര് രജിസ്റ്റര്‍ ചെയ്തു. ചേംബറിന്റെ നിര്‍ദേശപ്രകാരം, ഇതേപേരില്‍ 1985ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ ശ്രീ.തോമസ് ബെര്‍ളിയുടെ അനുമതിപത്രം ഉള്‍പ്പെടെയാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ് രജിസ്ട്രേഷന് അപേക്ഷിച്ചത്. ഈ രേഖകളെല്ലാം ഇപ്പോഴും ഫിലിം ചേംബറില്‍ തന്നെയുണ്ട്. എന്നാണ് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് പേര് രജിസ്റ്റര്‍ ചെയ്തത് എന്നതിനും അപേക്ഷയ്ക്കൊപ്പം ശ്രീ. തോമസ് ബെര്‍ളിയുടെ കത്ത് ഉണ്ടായിരുന്നോ എന്നതിനുമെല്ലാം ഫിലിം ചേംബര്‍ രേഖകള്‍ സാക്ഷ്യം പറയും’.

‘ഒരു ചിത്രത്തിന്റെ പേരിന്റെ രജിസ്ട്രേഷനുമായി അതിലെ അഭിനേതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. എന്നിട്ടും അവരെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് മേല്‍പ്പറഞ്ഞ സംവിധായകന്‍ നടത്തുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ഇതിനകം പ്രേക്ഷകപ്രശംസയും വിശ്വാസ്യതയും നേടിയ ബാനറാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ്. കേരളത്തില്‍ സിനിമാനിര്‍മാണത്തിനുള്ള ഫിലിം ചേംബറിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്’.

‘വെള്ളരിക്കാപട്ടണം എന്ന പേരിലുള്ള ഫിലിംചേംബറിന്റെ ഔദ്യോഗിക രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഫുള്‍ ഓണ്‍സ്റ്റുഡിയോസിനാണ്. കേരളത്തില്‍ സിനിമകളുടെ ടൈറ്റില്‍ രജിസ്ട്രേഷനുള്ള ഔദ്യോഗികസ്ഥാപനം ഫിലിംചേംബര്‍ ആണെന്നുതന്നെയാണ് ഇപ്പോഴും ഞങ്ങളുടെ വിശ്വാസം. എന്നിരിക്കിലും ഞങ്ങളുടെ സിനിമയുടെ റിലീസിങ് അനാവശ്യ വിവാദങ്ങല്‍ലക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കള്‍ ഇനിയും സമൂഹമധ്യത്തില്‍ നുണകള്‍കൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമായി ഞങ്ങള്‍ പേരുമാറ്റത്തിന് തയ്യാറാകുകയാണ്’, നിര്‍മ്മാതാവ് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

മഞ്ജുവിനും സൗബിനുമൊപ്പം സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ്, അഭിരാമി, മാലാ പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം – അലക്‌സ് കെ പുളിക്കല്‍. അപ്പു എന്‍ ഭട്ടതിരി എഡിറ്റിങ് നിര്‍വഹിക്കുന്നു.

UPDATES
STORIES