പാട്ടിനിടെ തിരക്കും അടിപിടിയും നിര്‍ത്തിച്ച റോക് സ്റ്റാറുകള്‍; ട്രാവിസ് സ്‌കോട്ട് ഇടപെട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവായേനെയെന്ന് വിമര്‍ശനം

ഹൂസ്റ്റണിലെ ആസ്‌ട്രോവേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലിനിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിച്ചത് ഞെട്ടലോടെയാണ് സംഗീതലോകം കേട്ടത്. അമേരിക്കന്‍ റാപ്പര്‍ ട്രാവിസ് സ്‌കോട്ട് പാടുന്ന സ്റ്റേജിന്റെ മുന്നിലേക്ക് 50,000ലധികം വരുന്ന കാണികളില്‍ വലിയൊരു വിഭാഗം കുതിച്ചെത്തിയതാണ് ദുരന്തത്തിന് കാരണമായത്. തിരക്കില്‍ പെട്ട് 25 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഒരു പത്ത് വയസുകാരന്റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ട്രാവിസ് സ്‌കോട്ട് സന്ദര്‍ഭത്തിന്റെ ഗൗരവത്തിനനുസരിച്ച് ഉയര്‍ന്നിരുന്നെങ്കില്‍ തിരക്ക് നിയന്ത്രിക്കാമായിരുന്നെന്നും അപകടം ഒഴിവാക്കാമായിരുന്നെന്നും വിമര്‍ശനമുയരുന്നുണ്ട്.

ഗായകരായ അഡല്‍, ഡേവ് ഗ്രോള്‍, ലിങ്കിന്‍ പാര്‍ക്, കര്‍ട് കൊബെയ്ന്‍ തുടങ്ങിവര്‍ പരിപാടിക്കിടെ കാണികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാട്ടുനിര്‍ത്തിവെച്ച് ഇടപെടുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

തന്റെ ഹിറ്റ് ഗാനമായ ‘റോളിങ് ഇന്‍ ദ ഡീപ്’ ലൈവായി പാടുന്നതിനിടെയാണ് അഡല്‍ ആരാധകരില്‍ ഒരാള്‍ കുഴഞ്ഞുവീണത് ശ്രദ്ധിക്കുന്നത്. അഡല്‍ ഉടന്‍ തന്നെ പാട്ട് നിര്‍ത്തി. ‘നിങ്ങളിത് കാണുന്നില്ലേ?’ എന്ന് ഗായിക മെഡിക്കല്‍ ടീമിനോട് ചോദിച്ചു. ‘ദയവായി ആരെങ്കിലും എന്തെങ്കിലും ചെയ്യൂ? ആരോ അവിടെ കുഴഞ്ഞു വീണിരിക്കുന്നു.’ മെഡിക്കല്‍ സംഘത്തിന് കുഴഞ്ഞുവീണയാളുടെ അടുത്തേക്ക് വഴിയൊരുക്കാന്‍ ജനക്കൂട്ടം മാറിക്കൊടുക്കണമെന്ന് അഡല്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ആള്‍ സുരക്ഷിതകരങ്ങളിലെത്തിയെന്ന് ഉറപ്പ് കിട്ടിയതിന് ശേഷമാണ് ഓസ്‌കര്‍ ജേതാവ് പാട്ട് തുടര്‍ന്നത്.

ആരാധകരില്‍ ഒരാള്‍ ആക്രമണോത്സുകനായതു കണ്ടപ്പോഴാണ് അമേരിക്കന്‍ റോക്ക് ബാന്‍ഡായ ‘ഫൂ ഫൈറ്റേഴ്‌സി’ന്റെ ഡേവ് ഗ്രോള്‍ ഇടപെട്ടത്. അക്രമം നടത്തിയ കാണിയെ ഗായകന്‍ നല്ല ചീത്തയും വിളിച്ചു. ‘എന്റെ ഷോയില്‍ ******* അടികൂടല്‍ നടക്കില്ല*******.’ കുഴപ്പക്കാരനെ തിരിച്ചറിഞ്ഞ് കാണികള്‍ക്കിടയില്‍ നിന്ന് മാറ്റാന്‍ ഗ്രോള്‍ അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രവും പറഞ്ഞുകൊടുത്തു. ‘എന്റെ ഷോയില്‍ വന്നാല്‍ നൃത്തം ചെയ്യുകയാണ് വേണ്ടത്. അടികൂടലല്ല. ഇത്തരം രീതികള്‍ എനിക്ക് ഇഷ്ടമല്ല.’ഗായകന്‍ മൈക്കിലൂടെ പറഞ്ഞു.

ലിങ്കിന്‍ പാര്‍ക് പരിപാടിക്കിടെ മോഷ് പിറ്റില്‍ (വേദിയുടെ തൊട്ടുമുന്നിലുള്ള ഭാഗം) ചാടിത്തുള്ളുന്ന ആരാധകരിലൊരാള്‍ വീണത് ബാന്‍ഡ് അംഗങ്ങള്‍ കണ്ടു. മൈക്ക് ഷിനോഡ ഉടന്‍ തന്നെ പാട്ടുപാടല്‍ നിര്‍ത്തി. വീണുപോയ ആളെ പിടിച്ചെഴുന്നേല്‍പിക്കൂ എന്ന് അന്തരിച്ച പാട്ടുകാരന്‍ ചെസ്റ്റര്‍ ബെന്നിങ്ടണ്‍ മൈക്കിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു. നമ്മുടെ സുരക്ഷിതത്വമാണ് ആദ്യം നോക്കേണ്ടതെന്നും അത് കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂയെന്നും ഷിനോഡ ചൂണ്ടിക്കാട്ടി. ‘ആരെങ്കിലും വീണാല്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്?’ എന്ന് ബെന്നിങ്ടണ്‍ ജനക്കൂട്ടത്തോട് ചോദിച്ചു. ‘അവരെ പിടിച്ചെഴുന്നേല്‍പിക്കും’ എന്ന് കാണികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

‘നിര്‍വാണ’യുടെ ഒരു പ്രകടനത്തിനിടെയാണ് റോക് സ്റ്റാര്‍ ഇതിഹാസം കര്‍ട് കൊബെയ്ന്‍ ഒരു സ്ത്രീയ്‌ക്കെതിരെ നടക്കുന്ന ലൈംഗീക അതിക്രമം കണ്ടത്. തന്റെ ഗിറ്റാര്‍ നിലത്തിട്ട് കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റ് കര്‍ട് കൊബെയ്ന്‍ സ്‌റ്റേജിന്റെ മുന്‍ ഭാഗത്തേക്ക് വന്നു. അക്രമിയോട് ഷോയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അതിക്രമം നടത്തിയയാളെ കര്‍ട് പാട്ട് തുടരുന്നതിന് മുന്‍പ് പരിഹസിക്കുകയും ചെയ്തു.

കോള്‍ഡ് പ്ലെ ബാന്‍ഡിലെ ക്രിസ് മാര്‍ട്ടിനും അവന്‍ജ്ഡ് സെവന്‍ഫോള്‍ഡിലെ അംഗമായിരുന്ന നിയാല്‍ ഹൊറാനും കാണികളുടെ സുരക്ഷയ്ക്ക് വേണ്ടി ഇടപെടുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

UPDATES
STORIES