വിജയ് ബാബുവിനെതിരെ നടപടിയില്ല ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു

താരസംഘടനയായ ‘അമ്മ’യുടെ പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്വേത മേനോനും ഐസിസി അംഗത്വത്തിൽ നിന്ന് കുക്കു പരമേശ്വരനും രാജിവെച്ചു. വിജയ് ബാബു കേസിൽ അമ്മ സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ഐസിസി അംഗമായ മാല പാർവതിയുടെ രാജിക്ക് പുറമെയാണ് ശ്വേതയും കുക്കുവും സമാനമായ നടപടി സ്വീകരിച്ചത്.

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സണായ ആഭ്യന്തര പ്രശ്ന പരിഹാര സമയി ശുപാർശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.

എന്നാൽ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. വിജയ് ബാബു സംഘടനയ്ക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

ബലാത്സംഗ പരാതി ഉയർന്നതിനെ തുടർന്ന് നിരപരാധിത്വം തെളിയും വരെ മാറി നിൽക്കുകയാണെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയിൽ അയച്ചിരുന്നു. ഇതേ തുടർന്നാണ് അമ്മ എക്സിക്യൂട്ടീവ് സമിതി യോഗം തീരുമാനമെടുത്തത്. വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതിൽ നടപടി വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അമ്മ നിലവിൽ എടുത്തിരിക്കുന്നത് അച്ചടക്ക നടപടിയല്ലെന്നും മാല പാർവതി പറഞ്ഞിരുന്നു.

ശ്വേതാ മേനോൻ അധ്യക്ഷയായ സമതിയിൽ മാലാ പാർവതി, കുക്കു പരമേശ്വരൻ, രചന നാരായണൻകുട്ടി, അഡ്വ. അനഘ എന്നിവരാണ് അം​ഗങ്ങളായുണ്ടായിരുന്നത്. ഇതിൽ മൂന്നുപേരാണ് വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ട് ദിവസങ്ങളിലായി രാജിവെച്ചിരിക്കുന്നത്.

UPDATES
STORIES