ലൈംഗികാതിക്രമ പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസുകൂടി വിജയ് ബാബുവിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പരാതിയോടുള്ള പ്രതികരണം എന്ന നിലയില്‍ നടത്തിയ ഫെയ്സ്ബുക്ക് ലൈവിലായിരുന്നു ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയത്. ഇതോടെ ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളിലാണ് നടനെതിരെ കേസുള്ളത്.
സിനിമകളില്‍ സജീവമായി പ്രവർത്തിക്കുന്ന യുവ നടിയാണ് പരാതിക്കാരി. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കൊച്ചിയിലെ ഫ്ലാറ്റില്‍ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ ശാരീരികമായി ആക്രമിച്ചു എന്നുമാണ് പരാതി. ഏപ്രില്‍ 22 ന് ലഭിച്ച പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. അതേസമയം, പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഈ കേസില്‍ താന്‍ തെറ്റുചെയ്തിട്ടില്ലെന്നും ഇര താന്‍ ആണെന്നുമായിരുന്നു വിജയ് ബാബുവിന്റെ വിശദീകരണം. ഇരയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രതികരണത്തില്‍ മാന നഷ്ടത്തിന് പരാതി നല്‍കുമെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും നടന് അവകാശപ്പെട്ടു.
തുടർന്ന് ‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പെണ്‍കുട്ടി നടത്തിയിട്ടുണ്ട്. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെ പോലെ പെരുമാറിയ വിജയ് ബാബു അതിന്റെ മറവില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് കുറിപ്പില്‍ പെണ്‍കുട്ടി പറയുന്നു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതിയെന്നും നിരവധി സ്ത്രീകള്‍ ഇതിന് ഇരയായിട്ടുണ്ടെന്നും പെണ്‍കുട്ടി ആരോപിച്ചു.