ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി, ഇപ്പോള്‍ കമല്‍ ഹാസന്‌റെ വില്ലന്‍; വിജയ് സേതുപതി പറയുന്നു

കമല്‍ ഹാസനുമൊന്നിച്ച് ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രം തനിക്ക് ലഭിച്ച അനുഗ്രഹമാണെന്ന് വിജയ് സേതുപതി. ‘വിക്രം’ പോലൊരു സിനിമ തന്നെ തേടി എത്തും എന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ഇത് തന്‌റെ സിനിമ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാകുമെന്നും വിജയ് സേതുപതി ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ജൂനിയര്‍ ആര്‍ട്ടിസ്റ്റായി 250 രൂപ ശമ്പളത്തിലാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്. യാത്ര എളുപ്പമായിരുന്നില്ല, പക്ഷേ അത് ഫലം കണ്ടു. ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. കമല്‍ സാറിനും രജനി സാറിനും ഒപ്പം അഭിനയിക്കുന്നതുള്‍പ്പെടെ. ഇതിനെല്ലാം ഞാന്‍ നന്ദിയുള്ളവനാണ്,’ വിജയ് സേതുപതി പറഞ്ഞു.

‘വിക്രം പോലെ ഒരു സിനിമ എന്‌റെ കരിയറില്‍ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. കമല്‍ സാറിനെ പോലെ ഉത്തരവാദിത്തമുള്ള ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല. എന്തൊരു താരമാണ് അദ്ദേഹം! ഓരോ വീഴ്ചകളില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ‘വിക്രം’ എനിക്ക് ഒരു അനുഗ്രഹമാണ്. എന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവാകും ഈ സിനിമയെന്ന് ഞാന്‍ വിശ്വസിക്കുന്നു. 1994ല്‍ ‘നമ്മവര്‍’ ഷൂട്ടിങ്ങിന് പോയിരുന്നതായി ഓര്‍ക്കുന്നു. ഓഡിഷന്‍ ചെയ്ത വേഷം അഭിനയിക്കാന്‍ ഞാന്‍ വളരെ ചെറുപ്പമാണെന്ന് തോന്നിയതിനാല്‍ എനിക്ക് അവസരം ലഭിച്ചില്ല. അന്ന് ഞാന്‍ ദൂരെ നിന്ന് കമല്‍ സാറിനെ കണ്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ ഞാന്‍ വില്ലനായി അഭിനയിക്കുന്നു!’ വിജയ് സേതുപതി പറഞ്ഞു.

ഉയര്‍ച്ചകളും താഴ്ചകളും എല്ലായിടത്തും ഉണ്ടാകുമെന്നും വിമര്‍ശനങ്ങള്‍ തന്നെ മാനസികമായി ബാധിക്കാന്‍ അനുവദിക്കാറില്ലെന്നും വിജയ് സേതുപതി.

‘നല്ല തിരക്കഥകളില്‍ ഞാന്‍ വിശ്വസിക്കുന്നു. ഒരു സിനിമ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞാന്‍ ഒരുപാട് ആലോചിക്കും. ഒരു മോശം സിനിമ ചെയ്യാന്‍ ആരും ആഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ പരിശ്രമം വിജയകരമാകും, ചിലപ്പോള്‍ ഫലിക്കില്ല. ഉദാഹരണത്തിന്, ‘ലാബം’, ‘തുഗ്ലക്ക് ദര്‍ബാര്‍’ എന്നീ ചിത്രങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ച്. അവ മോശം സിനിമകളാണോ? അല്ല. വിമര്‍ശനങ്ങള്‍ എന്നെ അലട്ടാന്‍ ഞാന്‍ അനുവദിക്കാറില്ല. ഉയര്‍ച്ച താഴ്ചകള്‍ എല്ലായിടത്തും ഉണ്ട്. പ്രേക്ഷകരില്‍ നിന്ന് പൂര്‍ണ ഹൃദയത്തോടെ ഞാന്‍ വിജയത്തെ സ്വീകരിക്കുമ്പോള്‍ പരാജയങ്ങളിലും അവരുടെ അഭിപ്രായങ്ങള്‍ ഞാന്‍ സ്വീകരിക്കേണ്ടതുണ്ട്,’ വിജയ് സേതുപതി പറഞ്ഞു.

UPDATES
STORIES