വിജയ് ചിത്രം ‘ബീസ്റ്റ്’ മെയ് 11ന് നെറ്റ്ഫ്ലിക്സിൽ റിലീസ്

ദളപതി വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മെയ് 11 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിക്കും. ഏപ്രിൽ 13നായിരുന്നു ‘ബീസ്റ്റി’ന്റെ തിയേറ്റർ റിലീസ്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നെങ്കിലും ബോക്സ് ഓഫീസ് കളക്ഷനെ അത് ബാധിച്ചിരുന്നില്ല. യാഷ് നായകനായ കന്നട ചിത്രം ‘കെജിഎഫ്: ചാപ്റ്റർ 2’ വുമായുള്ള കടുത്ത മത്സരത്തിനിടയിലും ‘ബീസ്റ്റ്’ മെച്ചപ്പെട്ട കളക്ഷൻ നേടിയിരുന്നു.

തിയേറ്റുകളിലെത്തി ആറ് ദിവസത്തിനുള്ളിൽ 200 കോടി രൂപ നേടിയ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്തിരുന്നു. വിജയ്‌യുടെ ഏറ്റവും വലിയ റിലീസായിരുന്നു ‘ബീസ്റ്റ്’. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പൂജാ ഹെഗ്‌ഡെയായിരുന്നു നായിക. മലയാളി താരങ്ങളായ അപർണ ദാസ്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി.

റിപ്പോർട്ടുകൾ പ്രകാരം ബീസ്റ്റ് ആഗോള ബോക്സ് ഓഫീസിൽ 240 കോടി രൂപ നേടിയിട്ടുണ്ട്. ‘മെർസൽ’, ‘സർക്കാർ’, ‘ബിഗിൽ’ എന്നിവയ്ക്ക് ശേഷം 250 കോടി ക്ലബ്ബിലെത്തുന്ന വിജയുടെ നാലാമത്തെ ചിത്രമായി മാറുകയാണ് ബീസ്റ്റ്.

സിനിമയിൽ വീരരാഘവൻ എന്ന സ്പൈ ഏജന്റ് ആയാണ് വിജയ് എത്തിയത്. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിങ്സ്‌ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിങ് ആര്‍ നിര്‍മ്മല്‍.

UPDATES
STORIES