തെന്നിന്ത്യന്‍ താരം വിക്രമും മകനും ധ്രുവും ഒന്നിക്കുന്ന ആദ്യചിത്രം ‘മഹാന്’ റിലീസില്‍ തീരുമാനമായി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി പത്തിന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും. ഒടിടി റിലീസിലെത്തുന്ന കാര്‍ത്തിക്കിന്റെ രണ്ടാമത്തെ ചിത്രമാണിത്. ‘ജഗമേ തന്തിര’വും ഒടിടിയിലൂടെയായിരുന്നു പ്രദര്‍ശനത്തിനെത്തിയത്.
വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ധുവ് മകന് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിക്രത്തിന്റെ സിനിമാ ജീവിതത്തിലെ അറുപതാമത്തെ ചിത്രം കൂടിയാണിത്. സിമ്രാന്, ബോബി സിംഹ, വാണി ഭോജന് തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.
ആമസോണ്‍ പ്രൈമിലൂടെ ചിത്രമെത്തുന്നതില് താന്‍ അത്യധികം സന്തോഷത്തിലാണെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ലളിത് കുമാര്‍ പറയുന്നത്. ‘ആക്ഷനും ഡ്രാമയും വൈകാരികതയുമൊക്കെ കൂട്ടിയിണക്കി ഗംഭീര വര്‍ക്കാണ് കാര്‍ത്തിക് സുബ്ബരാജ് നിര്‍വഹിച്ചിരിക്കുന്നത്. കഥയെ അതിന്റെ സത്ത ചോരാതെ പ്രേക്ഷകരിലെക്കെത്തിക്കാന്‍ പോന്ന അവിശ്വസനീയമാം വിധം കഴിവുറ്റതും അതിശയിപ്പിക്കുന്നതുമായ താരനിരയാണ് സിനിമയിലുള്ളത്’, ലളിത് അഭിപ്രായപ്പെട്ടു.
വ്യക്തി സ്വാതന്ത്ര്യവും സമ്പത്തും തേടി വീടുവിട്ടുപോകുന്ന ഒരാളുടെ കഥയാണ് മഹാന് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന വിവരം. ഒടുവില്‍ തന്റെ ലക്ഷ്യമെന്താണെന്ന് അയാള്‍ കണ്ടെത്തുന്നു. ഒരുഘട്ടത്തില്‍ അയാള്‍ മകനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ വേദനിക്കുന്നതും തുടര്‍ന്നുള്ള സംഭവുമൊക്കെയായാണ് ചിത്രം മുന്നോട്ടുനീങ്ങുന്നത്.