വിനയ് ഫോര്‍ട്ട് അഭിമുഖം: ലിജോ ചേട്ടന് ഒരു ലഹരിയുണ്ട്… ഞാന്‍ അതിനൊപ്പം യാത്ര ചെയ്തു

/ November 27, 2021

ചുരുളിയും കനകം കാമിനി കലഹവും റിലീസ് ചെയ്തതിന് പിന്നാലെ ഏറെ ചര്‍ച്ചയാവുകയാണ് ഇരു ചിത്രങ്ങളിലെയും വിനയ് ഫോര്‍ട്ടിന്റെ പ്രകടനം. മാലിക്കിലെ ഡേവിഡ് മുതല്‍ പതിവ് രീതികളില്‍നിന്നും മാറിയാണ് നടന്‍ ക്യാമറയ്ക്ക് മുമ്പിലെത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചുരുളിയെയും കനകത്തില്‍ മാറ്റിപ്രയോഗിച്ച കോമഡിയെയും കുറിച്ച് വിനയ് ഫോര്‍ട്ട് സൗത്ത്‌റാപ്പിനോട് സംസാരിക്കുന്നു.

വിനയ് ഫോര്‍ട്ട് ഇതുവരെ ചെയ്തിട്ടുള്ളതില്‍വെച്ച് വ്യത്യസ്തമായ കഥാപാത്രമാണല്ലോ ചുരുളിയിലേത്. ചിത്രത്തെയും കഥാപാത്രത്തെയും എങ്ങനെ വിലയിരുത്തുന്നു?

എന്നെ സംബന്ധിച്ച് കഥാപാത്രത്തെക്കാളും ചുരുളി എന്ന സിനിമയും സംവിധായകനും ഒരു എക്‌സൈറ്റ്‌മെന്റാണ്. എല്ലാ സിനിമകളിലും സംവിധായകനും തിരക്കഥയും പ്രധാനപ്പെട്ടതാണെങ്കില്‍ക്കൂടിയും, സിനിമയില്‍ എത്തിയ കാലം മുതലേ ലിജോ ചേട്ടന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. ചുരുളി പോലുള്ള സിനിമ എല്ലാക്കാലത്തും നിലനില്‍ക്കും. മറ്റ് കൊമേഴ്‌സ്യല്‍ സിനിമകളൊക്കെ അതിന്റെയൊരു ഓളം കഴിഞ്ഞുകഴിഞ്ഞാല്‍ തീരും. എന്നാല്‍ ഇത്തരം സിനിമകള്‍ എപ്പോഴും ചര്‍ച്ചകളിലുണ്ടാവും. അല്ലെങ്കില്‍ ഇദ്ദേഹം മറ്റൊരു സിനിമകള്‍ വരുമ്പോഴും ഫിലിം ഫെസ്റ്റിവലുകളിലുമൊക്കെ ഇത് വീണ്ടും ചര്‍ച്ചയാവും. കഥാപാത്രത്തിനപ്പുറം അങ്ങനെയൊരു സിനിമയില്‍ പ്രധാന വേഷം ചെയ്യാന്‍ പറ്റുന്നതുതന്നെ വലിയ കാര്യമാണ്. പിന്നെ 19 ദിവസത്തെ ഷൂട്ടിങ് ഭയങ്കര രസമുള്ള ഒരു അനുഭവമായിരുന്നു.

ചുരുളിയില്‍ വിനയ് ഫോര്‍ട്ട്‌

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിലേക്ക് വിനയ് ഫോര്‍ട്ട് എങ്ങനെയാണ് എത്തിയത്?

ഇവര്‍ പ്രൊഡ്യൂസ് ചെയ്ത സിനിമയായിരുന്നു തമാശ. തമാശയ്ക്ക് ശേഷം ലിജോ ചേട്ടന്‍ എന്നെ വിളിക്കുകയും ആ കഥാപാത്രത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഫോണ്‍ വെക്കാന്‍നേരം എന്നോട് പറഞ്ഞു, എന്തെങ്കിലും ഒത്തുവന്നാല്‍ നമുക്ക് ഒരുമിച്ച് ചെയ്യാമെന്ന്. എന്നെ സംബന്ധിച്ച് എന്റെ ബക്കറ്റ് ലിസ്റ്റിലുള്ളതാണത്. എനിക്ക് അതിയായ ആഗ്രഹമുണ്ട്. ക്രിയേറ്റീവായ അദ്ദേഹത്തെപ്പോലൊരു സംവിധായകനെ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കാന്‍ പറ്റില്ലല്ലോ. അവസരം ചോദിച്ച് വെറുപ്പിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ലാത്തതുകൊണ്ടാണ് ഒന്നും ചോദിക്കാത്തതെന്ന് ഞാന്‍ പറഞ്ഞു. ഏയ് അങ്ങനെയൊന്നുമില്ലെടാ എന്ന് പറഞ്ഞ് പുള്ളി ഫോണ്‍ വെച്ചു. തമാശയുടെ പ്രൊജക്ട് ഓപ്പറേറ്റ് ചെയ്തത് ചെമ്പന്‍ ചേട്ടനാണ്. ചെമ്പന്‍ ചേട്ടനും ഞാനും വലിയ അടുപ്പമുള്ള ആളുകളാണ്. ഈ സിനിമയുടെ കാര്യം വന്നുപ്പോള്‍ ചെമ്പന്‍ ചേട്ടന്‍ എന്നോട് ‘ചെറിയൊരു പെഡോഫയല്‍ ഷേഡുള്ള കഥാപാത്രമാണ്, കുഴപ്പമുണ്ടോ’ എന്ന് ചോദിച്ചു. എനിക്കെന്ത് കുഴപ്പമെന്ന് ഞാന്‍ പറഞ്ഞു. പിന്നീടാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണെന്ന് പറഞ്ഞതും ഞാന്‍ തിരക്കഥ വായിച്ചതുമൊക്കെ. അങ്ങനെയാണ് അത് സംഭവിച്ചത്.

19 ദിവസംകൊണ്ട് ഷൂട്ട് ചെയ്തതാണല്ലോ ചുരുളി. കാടിനുള്ളിലെ അനുഭവങ്ങളും ചിത്രീകരണവും എങ്ങനെയായിരുന്നു?

ഒരു ദിവസം മാത്രം കൊല്ലത്തുള്ള ഒരു വീട്ടില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. ഫാന്റസി കാണിക്കുന്ന രംഗം. ബാക്കി കാട്ടിനുള്ളിലെ ഷൂട്ടിങ് ഗംഭീര അനുഭവമായിരുന്നു. ഫിസിക്കലി നല്ല വെല്ലുവിളിയുമായിരുന്നു. കാരണം, അഞ്ചെട്ട് കിലോമീറ്റര്‍ അകത്തേക്ക് കയറിയായിരുന്നു ഷൂട്ട്. സിനിമയില്‍ കാണിക്കുന്ന അത്രതന്നെ ബുദ്ധിമുട്ട് യഥാര്‍ത്ഥത്തില്‍ അവിടെയെത്താനുണ്ട്. അത്യാവശ്യം നല്ല മഴയുള്ള സമയത്താണ് ഷൂട്ട് നടക്കുന്നത്. കാരവാനോ സമീപത്ത് വീടുകളോ ടോയ്‌ലറ്റോ ഉണ്ടായിരുന്നില്ല. ആകെയുള്ളത് ഒരു കള്ളുഷാപ്പാണ്. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ എല്ലാവരും അതിനകത്ത് കയറും. അങ്ങനെയൊരു അന്തരീക്ഷത്തില്‍നിന്ന് ചെയ്ത ചിത്രമാണത്. ഒരു അഭിനേതാവിനെ സംബന്ധിച്ച് നമ്മുടെ ഹൈ എന്ന് പറയുന്നത് സംവിധായകനെടുക്കുന്ന ഷോട്ടും ഓരോ സീനുമാണ്. ലിജോ ചേട്ടന് ഒരു ട്രിപ്പുണ്ട്. പലപ്പോഴും അദ്ദേഹം ബ്രേക്കൊന്നും പറയില്ല. കോടയിറങ്ങുന്ന സമയത്തും ഷൂട്ട് ചെയ്യും. പക്ഷേ, അതൊന്നും നമ്മളെ ബാധിച്ചിരുന്നില്ല. കാരണം, നമുക്കറിയാലോ ഇതിന്റെ റിസള്‍ട്ട് എന്താണെന്ന്. അപ്പോള്‍ പുള്ളിയുടെ വിഷനെ സപ്പോര്‍ട്ട് ചെയ്യുക, പുള്ളിയുടെ ഒപ്പം സഞ്ചരിക്കുക… അതൊക്കെയാണ് ചെയ്തത്.

ചുരുളി ഷൂട്ടിങ്ങിനിടെ
ചിത്രം ഇറങ്ങിയതിന് ശേഷം ഏറ്റവുമധികം ചര്‍ച്ചയാവുന്നത് അതിലെ തെറിവാക്കുകളാണല്ലോ. തെറി പറയാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ?

എനിക്കൊരു തെറി പറയാനും ബുദ്ധിമുട്ടില്ല. ഒരുത്തന്‍ എന്റെ പോസ്റ്റിനടിയില്‍ വന്ന് കമന്റ് ചെയ്‌തേക്കുവാ ഞാന്‍ സിബിഎസ്ഇ സ്‌കൂളിലാണ് പഠിച്ചതെന്ന്. ഞാന്‍ ഫോര്‍ട്ട് കൊച്ചിയിലെ നല്ല അടിപൊളി ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. എന്നെ സംബന്ധിച്ച് തെറി പറയുക എന്നത് ഒരു വിഷയമേ ആയിരുന്നില്ല. ശരിക്കും തെറി പറയുന്നതിലല്ല കാര്യം. രണ്ട് പേര് ഒരു ക്രിമിനലിനെ അന്വേഷിച്ച് ക്രിമിനലുകള്‍ മാത്രം ജീവിക്കുന്ന ഒരു സ്ഥലത്തേക്കാണ് പോവുന്നത്. അന്നാട്ടിലൊരാള്‍ ആകണമെങ്കില്‍ അവരുടെ സംസ്‌കാരത്തോട് നമ്മള്‍ ചേരുകയും അവര്‍ സംസാരിക്കുന്നതുപോലെ സംസാരിക്കുകയും ചെയ്യണമല്ലോ. അത് ന്യായമായ കാര്യമാണ്. ഇത്രയും തെറിവാക്കുകളില്ലാത്ത പതിപ്പായിരുന്നു ഐഎഫ്എഫ്‌കെയിലേത്. അത് കണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. എന്നെ സംബന്ധിച്ച് ചുരുളി അതിന്റെ ഏറ്റവും റോ ആയ വേര്‍ഷനാണ്. ഈ സിനിമ ഇങ്ങനെയാണ്, അതിങ്ങനെയാണ് കാണേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ ഒരുമിച്ച് കൂടുമ്പോള്‍ തെറിവാക്കുകളാണ് വിളിക്കുന്നത്. സ്‌നേഹവും അരിശവും ഒക്കെ വരുമ്പോഴുള്ള നമ്മുടെ എക്‌സ്പ്രഷന്‍ രീതിയാണത്.

ചുരുളിയില്‍ നിന്ന്‌

ഐഎഫ്എഫ്‌കെയില്‍ സിനിമ കണ്ടപ്പോള്‍ ഭാര്യയും സുഹൃത്തുക്കളുമൊക്കെ കൂടെയുണ്ടായിരുന്നു. സോണി ലിവ്‌സില്‍ സിനിമ കണ്ടത് ഞാനും അമ്മയും കൂടെയാണ്. അമ്മ സിനിമയുടെ കഥയും തിരക്കഥയുമൊക്കെ വായിച്ചിരുന്നു. അമ്മയെ ഈ വാക്കുകളൊന്നും ബാധിച്ചിട്ടേയില്ല. എനിക്കങ്ങനെയൊരു മോശം ഫീലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാന്‍ അമ്മയെ കാണിക്കില്ലല്ലോ. പക്ഷേ, എന്റെ കസിന്‍ സിസ്റ്റര്‍ വിളിച്ചിട്ട് സിനിമ കൊള്ളാം ഉണ്ണിച്ചേട്ടാ… എന്നാലും ഉണ്ണിച്ചേട്ടന്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍… അത് കാണുമ്പോ… ഒരു വിഷമം എന്നുപറഞ്ഞു. എന്റെ തൊഴിലല്ലേ, അത് ഞാനല്ലല്ലോ, ആ കഥാപാത്രമല്ലേ അങ്ങനെ ചെയ്യുന്നതെന്ന് ഞാനും തിരിച്ചു പറഞ്ഞു.

സിനിമയുടെ അന്തസത്തയാണത്. ഈ സിനിമയുടെ കള്‍ച്ചറിന്റെ ഭാഗമായി നില്‍ക്കുന്നതാണ് തെറി. തെറിയില്ലാതെ ചുരുളി ഒരിക്കലും പൂര്‍ണമാവില്ല. പാലം കടന്നുകഴിയുമ്പോള്‍ പ്രേക്ഷകന് ഒരു മാറ്റം തോന്നുക എന്നത് ആവശ്യമാണ്. ആ ഷോക്കുണ്ടാവുക, അസ്വസ്ഥരാവുക എന്ന് പറയുന്നത് ഒരു ആവശ്യമാണ്. കാരണം, അവിടം മുതല്‍ ചിത്രത്തിന് മൊത്തം മാറ്റമുണ്ടാവുകയാണ്. ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍. നിങ്ങളെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുമ്പോള്‍ ആ ലോകത്ത് ആകെ സംസാരിക്കുന്ന ഭാഷയാണത്. വെബ്‌സീരീസുകളും എല്ലാം ഭയങ്കര സന്തോഷത്തോടെ കാണുന്ന സമൂഹമല്ലേ നമ്മള്‍ മലയാളികളുടേത്. ക്വിന്റിന്‍ ടെറന്റീനോ ഒക്കെയല്ലേ ഇവിടുത്തെ ദൈവം. അപ്പോള്‍ മലയാളത്തില്‍ അത്തരമൊരു സംഗതി വരുമ്പോള്‍ ആളുകള്‍ക്കത് എന്തുകൊണ്ട് സ്വീകാര്യമാവുന്നില്ല എന്നാണ് ഞാന്‍ ആലോചിക്കുന്നത്. പിന്നെ ചിത്രത്തിന്റെ തുടക്കത്തില്‍ത്തന്നെ ‘സ്ട്രിക്റ്റ്‌ലി ഫോര്‍ അഡള്‍ട്ട്‌സ്’ എന്ന് എഴുതിക്കാണിക്കുന്നുണ്ട്. അങ്ങനെ ഒരു മൂഡ് സെറ്റ് ചെയ്തിട്ടാണ് ആളുകള്‍ സിനിമ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

ഷാജിവനെ പരുവപ്പെടുത്താന്‍ പെല്ലിശ്ശേരി എങ്ങനെയൊക്കെയാണ് സഹായിച്ചത്?

ഭയങ്കര ഇന്ററസ്റ്റിങാണ് ലിജോ ചേട്ടന്റെ പരിപാടികളെല്ലാം. ചേട്ടന്‍ ഒരിക്കലും നമ്മളെ അസ്വസ്ഥമാക്കില്ല. ഒരോ സംവിധായകരും അഭിനേതാക്കളെ പണിയെടുപ്പിക്കുന്നത് ഓരോ രീതിയിലാണ്. മഹേഷേട്ടനാണെങ്കില്‍ ഓരോ ഷോട്ടിലും ഒരുപാട് പാരാമീറ്റേഴ്‌സ് സെറ്റ് ചെയ്യും. ഈ ഒരു ടെംബോ ആയിരിക്കും വേണ്ടതെന്ന് പുള്ളി സെറ്റ് ചെയ്യും. ചിലപ്പോ നമ്മള്‍ കൈ ഉപയോഗിക്കുമ്പോള്‍ അത് വേണ്ടെന്ന് പറയും. അങ്ങനെ ഓരോ ഷോട്ടും പുള്ളി എഡിറ്റ് ചെയ്ത് നമ്മളെ ലോക്ക് ചെയ്യും. അത് സിനിമയെക്കുറിച്ചും തിരക്കഥയെക്കുറിച്ചും പുള്ളിയുടെ മനസിലുള്ള രൂപമാണ്. സിനിമ സ്വതവേ നാടകീയമാണ്. ഏറ്റവും നിശിതമായും സ്വാഭാവികമായും വ്യത്യസ്തമായുമുള്ള ഔട്ടാണ് മഹേഷേട്ടന് വേണ്ടത്. പുള്ളിയുടെ ഒരു രീതി കുറച്ച് കഠിനമാണ്. അഭിനേതാക്കള്‍ക്ക് കുറേക്കൂടി ചലഞ്ചിങ്ങാണ്.

ചുരുളിയുടെ ഷൂട്ടിങിനിടെ ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ചേട്ടന്‍ അങ്ങനെയല്ല. അതങ്ങനെ സംഭവിക്കട്ടെ എന്ന മൂഡാണ് പുള്ളിക്ക്. നമ്മള്‍ ചെയ്യുന്നത് പുള്ളി ഷൂട്ട് ചെയ്യും. തെറ്റുവരുത്തിയാല്‍ പിടിക്കും. അത് മൂന്നാല് ദിവസത്തിനിടയില്‍ ഒരിക്കലൊക്കെയേ സംഭവിക്കുള്ളു. സിനിമ അഭിനേതാവിനെ കേന്ദ്രീകരിച്ച് സംഭവിക്കുന്നതല്ലല്ലോ. ഈ സിനിമയില്‍ വളരെ ചുരുക്കം ക്ലോസ് അപ് ഷോട്ടുകളേയുള്ളു. എന്നോടൊരാള്‍ സംസാരിക്കുന്ന സീനില്‍ ഞാനുണ്ടാവില്ല, സംസാരിക്കുന്ന ആളെ മാത്രമേ കാണിക്കുള്ളു. പുള്ളിയുടെ രീതി അതാണ്. പുള്ളിയുടെ ഒപ്പം വര്‍ക്ക് ചെയ്യല്‍ ഭയങ്കര രസമാണ്. ഡബ്ബിങ്ങില്‍ പക്ഷേ, പുള്ളി പിടിവാശിക്കാരനാണ്. റോ സാധനം വരുന്നതുവരെ പുള്ളി ഡബ്ബ് ചെയ്യിക്കും. ഷൂട്ടിങ് ഭയങ്കര എളുപ്പമായിരുന്നു.

ഐഎഫ്എഫ്‌കെയില്‍ നിന്നും ഒടിടിയിലേക്ക് വന്നപ്പോള്‍ ചുരുളിക്ക് വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്. റീ ഷൂട്ട് ചെയ്തിരുന്നോ?

ക്രോമ ഉപയോഗിച്ച് കുറച്ച് ഭാഗങ്ങള്‍ റീഷൂട്ട് ചെയ്തിരുന്നു. പക്ഷേ, അതൊന്നും കാര്യമായി ഉപയോഗിച്ചിട്ടില്ല. എഡിറ്റിലാണ് മാറ്റങ്ങള്‍ വരുത്തിയത്. എന്നെ സംബന്ധിച്ച് ഞാന്‍ സിനിമ കണ്ടപ്പോള്‍ ഐഎഫ്എഫ്‌കെയിലെ പതിപ്പ് അല്‍പം സങ്കീര്‍ണമായി തോന്നിയിരുന്നു. അത് കുറച്ചുകൂടി ഫെസ്റ്റിവല്‍ കേന്ദ്രീകരിച്ചുള്ള പതിപ്പായിരുന്നു. തെറിവാക്കുകള്‍ ഉപയോഗിച്ചിരുന്നില്ല. ഒരു നടന്റെ സ്വാര്‍ത്ഥതയില്‍നിന്ന് നോക്കുമ്പോള്‍ ആ പതിപ്പില്‍ കുറേ പരിമിതികള്‍ എനിക്ക് അനുഭവപ്പെട്ടിരുന്നു.

പക്ഷേ, ഒടിടിയിലെത്തിയ വേര്‍ഷന്‍ ഭയങ്കര കമ്മ്യൂണിക്കേറ്റിങ് ആണ്. ഫിക്ഷണലാണ്. കഥയില്‍ കുറച്ചുകൂടി കേന്ദ്രീകൃതമാണ്. വേറൊരു ഭാഷ്യവും വ്യാഖ്യാനവും ഉണ്ടെങ്കില്‍ക്കൂടിയും കുറച്ചുകൂടി പ്രേക്ഷകനുമായി അടുത്തുനില്‍ക്കുന്നു എന്നാണ് എനിക്ക് തോന്നിയത്. എന്റെ വര്‍ക്കിന്റെ കാര്യത്തില്‍ ഐഎഫ്എഫ്‌കെയില്‍ വന്നതിനേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് ഇതാണ്. കുറച്ചൂടെ ഫ്‌ളോയും തുടര്‍ച്ചയുമൊക്കെ ഉള്ളതായി തോന്നി.

ഷാജിവന്‍ തുടക്കത്തില്‍ ആകെ സംഭ്രമത്തിലാണ്‌. പിന്നീടങ്ങോട്ട് കഥാപാത്രത്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ സംഭവിക്കുന്നുണ്ട്. ഏറ്റവും ബുദ്ധിമുട്ടായി തോന്നിയ ഭാഗം ഏതാണ്?

എനിക്കങ്ങനെ ഒന്നും ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. മൊത്തത്തില്‍ ഷൂട്ട് ചെയ്യാന്‍ എളുപ്പമായിരുന്നു. ലിജോ ചേട്ടനുമായി വലിയ കമ്മ്യൂണിക്കേഷന്‍ പോലുമുണ്ടായിരുന്നില്ല. ഞാന്‍ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ട കാര്യവുമില്ല. എങ്ങനെയാണ് ഫലിപ്പിക്കുന്നതെന്ന് ലിജോ ചേട്ടന് മാത്രമേ അറിയുള്ളൂ. എന്നോട് പറയുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും. നിര്‍ദ്ദേശങ്ങള്‍ പോലും ചോദിച്ചിരുന്നില്ല. മാലിക്കിലൊക്കെ ഓരോ ഷോട്ട് ചെയ്യുമ്പോഴും മഹേഷേട്ടന്‍ ആ കഥാപാത്രത്തിന്റെ ചരിത്രം വരെ പറഞ്ഞുതരും.

മഹേഷ് നാരായണനോടൊപ്പം വിനയ് ഫോര്‍ട്ട്‌

ലിജോ ചേട്ടനാണെങ്കില്‍ നമ്മളെ അത് ചെയ്യാനങ്ങ് വിടുകയാണ്. നമ്മളായിട്ട് കൂടുതല്‍ കോംപ്ലിക്കേറ്റഡ് ആക്കാതിരുന്നാല്‍ മതി. തിരക്കഥ വായിച്ചിട്ട് ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ ചെയ്യുകയാണുണ്ടായത്. പുള്ളി വേറൊരു ലഹരിയിലായിരിക്കും. പുള്ളിയുടേതായ ചിന്തകളിലായിരിക്കും. കാര്യമായി ഞാന്‍ പുള്ളിയോട് സംസാരിക്കുക കൂടിയുണ്ടായിരുന്നില്ല. ചെമ്പന്‍ ചേട്ടനിലൂടെയായിരുന്നു എന്റെ ആശയവിനിമയം കൂടുതലും.

മറ്റ് അഭിനേതാക്കള്‍ക്കൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?

ജാഫര്‍ക്കയും ചെമ്പന്‍ ചേട്ടനും ജോജുവും ലുക്മാനുമടക്കം എല്ലാവരും എന്റെ നല്ല സുഹൃത്തുക്കളാണ്. ആരും തമ്മില്‍ തുടക്കം മുതലേ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല. എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ ഒരാളെ സംസാരിക്കുകയുള്ളൂ-ലിജോ ചേട്ടന്‍. അങ്ങേര് സംസാരിക്കും. അദ്ദേഹത്തിന്റെ കാഴ്ചയ്‌ക്കൊപ്പം നമ്മളിങ്ങനെ സഞ്ചരിക്കുക എന്നതാണ് ചെയ്തത്.

കനകം കാമിനി കലഹം ഇതുപോലെ ഒരു ഹോട്ടലില്‍ താമസിച്ച് ഷൂട്ട് ചെയ്തതായിരുന്നല്ലോ. ഹോട്ടല്‍ മാനേജരായ ഒരാള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന പിരിമുറുക്കവും ചിത്ത്രിലുടനീളമുള്ള നാടകീയതയും. ആ അനുഭവം എങ്ങനെയായിരുന്നു?

കനകം പൊളിയായിരുന്നു. ഇതുവരെ ചെയ്തിരുന്ന തരത്തിലുള്ള കോമഡി മാറ്റിപ്പിടിക്കണമെന്ന ഉദ്ദേശം എനിക്കുണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പുതന്നെ ചെറിയ റിഹേഴ്‌സലൊക്കെ വെച്ചിരുന്നു. സിനിമയില്‍ കാണുന്നത്ര സ്‌ക്രീന്‍ സ്‌പേസ് എനിക്കുണ്ടായിരുന്നില്ല. ശരിക്കും ചിത്രത്തില്‍ ഞാനായിരുന്നില്ല അഭിനയിക്കേണ്ടിയിരുന്നത്. ഞാന്‍ കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഞാന്‍ രതീഷ് പൊതുവാളിന്റെ അടുത്ത സിനിമയിലായിരുന്നു ഉണ്ടായിരുന്നത്. ജോയ് സാറിന്റെയും എന്റെയും കഥാപാത്രങ്ങള്‍ വേറെ രണ്ടുപേരായിരുന്നു ചെയ്യേണ്ടിയിരുന്നത്. അവസാന നിമിഷമാണ് എന്നെ വിളിച്ച് ഒരു തിരക്കഥ അയച്ചുതരാം, രണ്ട് മണിക്കൂറിനുള്ളില്‍ മറുപടി പറയണമെന്ന് പറഞ്ഞത്. ഒടിടി സിനിമയായതുകൊണ്ട് സാമ്പത്തിക പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് തുടക്കത്തില്‍ വിളിക്കാതിരുന്നതെന്നും പറഞ്ഞു.

ഞാനാണെങ്കില്‍ ലോക്ഡൗണ്‍ കാരണം എങ്ങനെയെങ്കിലും വീട്ടില്‍നിന്ന് ഇറങ്ങി ഓടിയാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹത്തോടെ നില്‍ക്കുകയായിരുന്നു. പുതിയ ഫോണൊക്കെ വാങ്ങി ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്താലോ എന്നുവരെ ആലോചിച്ചു. അങ്ങനെ നില്‍ക്കുമ്പോഴാണ് രതീഷിന്റെ വിളി. അതിലെ കഥാപാത്രത്തിന്റേത് ഒരു റോക്കി ക്യാരക്ടറായിരുന്നു. പത്തിരുപത് ദിവസം മാറി നില്‍ക്കാമെന്നും ഏറ്റവും ഇഷ്ടപ്പെടുന്ന തൊഴില്‍ ചെയ്യാമെന്നൊക്കെ കരുതി അങ്ങ് ഇറങ്ങിപ്പുറപ്പെട്ടു.

എപ്പോഴും സിനിമ ചെയ്യുമ്പോള്‍ ആഗ്രഹിക്കുന്നത് നമ്മള്‍ സൈഡാവരുതെന്നും സിനിമയില്‍ നായകനും നായികയും ഉണ്ടെങ്കില്‍ക്കൂടിയും നമ്മളെ ആലോചിക്കണം എന്നുമാണ്. ശ്രമം അതായിരിക്കും, ചിലപ്പോള്‍ നടക്കും ചിലപ്പോള്‍ നടക്കില്ല. റിഹേഴ്‌സലൊക്കെ രസമായിരുന്നു. ചില സിനിമകളില്‍ നമ്മള്‍ ഉദാസീനമായി അഭിനയിച്ചുപോവും. എന്നാല്‍, ഈ കഥാപാത്രത്തിന്റെ ശരീരഭാഷയും എനര്‍ജി ലെവലും വേറെയാണ്. ഞാന്‍ പുതിയ ഒരു തരം കോമഡി ശ്രമിച്ചുനോക്കിയതാണ്. കഥാപാത്രത്തിന്റെ ദുരവസ്ഥയാണല്ലോ ഇതിന് മുമ്പ് ചിരിയുണ്ടാക്കിക്കൊണ്ടിരുന്നത്. ഇതും സാഹചര്യത്തോട് പ്രതികരിക്കുന്നതു തന്നെയാണ്. പക്ഷേ, പ്രതികരിക്കുന്ന രീതി വേറെയാണ്. കുറച്ചുകൂടി അതിശയോക്തി കലര്‍ത്തിയാണ് അവതരിപ്പിച്ചത്. അങ്ങനെയൊക്കെ ചെയ്താലേ നില്‍ക്കുള്ളൂ. അല്ലെങ്കില്‍ കഥാപാത്രം ശ്രദ്ധിക്കപ്പെടില്ല.

രതീഷ് പൊതുവാളിന്റെ മേഖലയാണത്. പുള്ളി ഭയങ്കര ക്രേസി മനുഷ്യനാണ്. ആദ്യത്തെ ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ പുള്ളിയുമായി ഒരു വിശ്വാസ്യതയിലെത്തി. എന്ത് റിസ്‌കും എടുക്കാനുള്ള ധൈര്യം പുള്ളി തന്നിരുന്നു. അല്ലെങ്കില്‍ പുതിയൊരാള്‍ വിളിച്ച് ഇത്ര ലൗഡായി അഭിനയിക്കണമെന്ന് പറഞ്ഞാല്‍ പറ്റിക്കോളണമെന്നില്ല. കൊവിഡ് കാരണം എല്ലാവരെയും ഹോട്ടലില്‍ കയറ്റി അടച്ചുകളഞ്ഞല്ലോ. എല്ലാ അഭിനേതാക്കളും എപ്പോഴും അവിടെയുള്ളതുകൊണ്ട് ലീനിയറായിട്ടാണ് ഷൂട്ട് ചെയ്തത്. അങ്ങനെ ചെയ്യുമ്പോള്‍ ഭയങ്കര എളുപ്പമാണ്. നമ്മുടെ കഥാപാത്രം, അതിന്റെ ഇമോഷണല്‍ ഗ്രാഫ്, ഇതിന് മുമ്പ് എന്ത് സംഭവിച്ചു എന്നൊക്കെ വ്യക്തമായി അറിയാമായിരുന്നു. ഞാന്‍ ഇന്നലെ ചെയ്ത മീറ്റര്‍ എവിടെവരെ എത്തിയിട്ടുണ്ടെന്ന് നാളെ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്കറിയാം. പലകാര്യങ്ങളും നമുക്ക് മുന്‍കൂട്ടി കാണാന്‍ പറ്റുമായിരുന്നു.

കനകം കാമിനി കലഹത്തിലെ ഒരു ഭാഗം

ചിലര്‍ക്ക് ആ സിനിമ ഇഷ്ടമായി. ചിലര്‍ക്ക് ഇഷ്ടമായില്ല. അതൊരു പുതിയ ഉദ്യമമാണ്. നമ്മള്‍ കണ്ട് പരിചയിച്ചതല്ലാത്ത ഹ്യൂമറും ഒരു പരിമിതമായ സ്ഥലത്തുനിന്ന് ഒരു വിഷയത്തെ കേന്ദ്രീകരിച്ച് പോവുന്നതുമൊക്കെയായ ഒരു ശ്രമം. വേറൊരു ഴോണറായിട്ടാണ് ഞാനതിന് മനസിലാക്കുന്നത്. കണ്ട് പരിചയമല്ലാത്ത അവതരണ രീതിയായതുകൊണ്ടാവാം കുറേ ആളുകള്‍ക്ക് അതിനോട് വിയോജിപ്പുകളുണ്ടായത്. ഇഷ്ടപ്പെടാത്ത ആളുകള്‍ക്ക് ഒട്ടും ഇഷ്ടമല്ല, ഇഷ്ടപ്പെട്ടവര്‍ക്ക് ഭയങ്കര ഇഷ്ടമായി.

മാലിക്കിലും കനകത്തിലും ചുരുളിയിലും സാഹചര്യങ്ങളാല്‍ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ട കഥാപാത്രങ്ങളെയാണല്ലോ ചെയ്തത്.

മാലിക്കിലെ കഥാപാത്രം പൂര്‍ണമായും വ്യത്യസ്തമാണ്. അതിനൊരു പശ്ചാത്തല കഥയുണ്ട്. പലകാലഘട്ടങ്ങളും പല ശരീര ഭാഷയും കഥാപാത്രത്തിന്റെ വൈകാരിക യാത്രയും അയാളുടെ ബന്ധങ്ങളും… അങ്ങനെ കുറേ അടരുകളുള്ള കഥാപാത്രമാണത്. കനകത്തിലെ കഥാപാത്രമാണ് ആ സാഹചര്യവുമായി ചേര്‍ന്നുണ്ടാകുന്നത്. ഞാന്‍ അങ്ങനെയാണ് അതിനെ കാണുന്നത്. മാലിക് ഒരു നടന്‍ എന്ന രീതിയില്‍ വെല്ലുവിളിയായിരുന്നു ആയിരുന്നു. കനകത്തിലേത് ഒരു എനര്‍ജി ബോള്‍ ഗെയിം ആണ്.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് സിനിമയിലേക്കെത്തി, പിന്നെ ടിവി അവതാരകനായി… വീണ്ടും സജീവമായി. എങ്ങനെയായിരുന്നു ആ യാത്ര?

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ് നേരെ ‘ഋതു’വില്‍ അഭിനയിച്ചു. പിന്നെ ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്ത സമയത്ത് എന്തെങ്കിലും ഒരു തൊഴില്‍ ചെയ്യണമല്ലോ. താരതമ്യേന പുതുതായി വരുന്ന നടന് പണം കിട്ടണമെന്നില്ല. ‘സെവന്‍ത് ഡേ’ എന്ന സിനിമ മുതലൊക്കെയാണ് എനിക്ക് പൈസ കിട്ടിത്തുടങ്ങിയത്. ‘പ്രേമ’ത്തിന് ശേഷം കൃത്യമായി പൈസ കിട്ടി. അതിന് മുമ്പ് അമ്പത് ദിവസം ഷൂട്ട് ചെയ്തിട്ടും ഒരുരൂപ പോലും തരാത്ത സിനിമകളൊക്കെയുണ്ട്. വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട ഒരു സിനിമയില്‍ പത്തമ്പത് ദിവസം ഷൂട്ട് ചെയ്തിട്ട് പതിനായിരം രൂപയാണ് എനിക്ക് കിട്ടിയത്. ആ കഷ്ടപ്പാടിനെ അതിജീവിക്കാന്‍ വേണ്ടി ഗതികെട്ടാണ് ടെലിവിഷന്‍ അവതാരകനായെത്തിയത്. ആ ജോലി മോശമാണെന്നല്ല ഞാന്‍ പറയുന്നത്. ഞാന്‍ തുടക്കത്തില്‍ അവതരിപ്പിച്ച ചെയ്ത ഷോ ഭയങ്കര ദുരന്തമായിരുന്നു. ആ അവസ്ഥയില്‍ അത് ചെയ്യാതിരിക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. ഞാന്‍ വന്‍ ദുരന്തമാണെങ്കില്‍ സ്വയം അതില്‍നിന്ന് മാറുക എന്നതാണല്ലോ മര്യാദ. ഫിലിം സ്‌കൂളില്‍നിന്ന് ഇറങ്ങിക്കഴിയുമ്പോള്‍ ഏറ്റവും റിയലായി ചെയ്യുക, കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷം സ്വാഭാവികതയോടെ അവതരിപ്പിക്കുക എന്നതൊക്കെ തലയില്‍ കയറി നില്‍ക്കുന്ന സമയത്താണ് ടെലിവിഷന്‍ ഷോ ചെയ്യേണ്ടി വരുന്നത്. ബസ് കാശ് പോലുമുണ്ടാവില്ല കയ്യില്‍. അത്രയ്ക്ക് കഷ്ടപ്പാടുണ്ടായിട്ടുണ്ട്. ആ സമയത്ത് ചെയ്തതാണ് അതൊക്കെ.

സഹനടനില്‍നിന്നും ലീഡ് റോളിലേക്ക്?

പ്രേമത്തിന് ശേഷം ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’, ‘ഹലോ നമസ്‌തേ’ എന്നീ ചിത്രങ്ങള്‍ ചെയ്തു. അതിലൊക്കെ ലീഡ് റോളായിരുന്നു. നമ്മുടേത് എന്ന് പറയാവുന്ന സിനിമ തന്നെയാണ് ലക്ഷ്യം, പക്ഷേ പ്രധാന നായകന്‍ എന്നതല്ല എന്നെ ഭ്രമിപ്പിക്കുന്നത്. മറിച്ച് കഥാപാത്രമാണ്. ഒരു സിനിമയില്‍ എന്നെ ലീഡ് റോളിലേക്ക് കാസ്റ്റ് ചെയ്തു, എനിക്ക് സെക്കന്റ് ലീഡാണ് ഇഷ്ടപ്പെട്ടത്. അപ്പോള്‍ ഞാന്‍ ലീഡ് റോള്‍ മറ്റൊരാള്‍ക്ക് കൊടുത്ത് സെക്കന്റ് ലീഡ് ചെയ്യും. കാരണം, സിനിമ നമ്മളോട് സംസാരിക്കുമ്പോള്‍ കഥാപാത്രം നമ്മളെ ഉത്തേജിപ്പിക്കുക എന്ന സംഗതിയുണ്ടല്ലോ. ആ ഉത്തേജനമില്ലെങ്കില്‍ ചെയ്യാതിരിക്കുകയാണ് ബുദ്ധി. എന്നാല്‍ക്കൂടിയും അങ്ങനെ ആവേശമുണ്ടാക്കുന്ന കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കാവുന്ന അവസ്ഥയിലേക്ക് നടന്‍ എന്ന നിലയില്‍ ഞാന്‍ എത്തിയിട്ടില്ല. അത് പറഞ്ഞ് നിന്നിട്ട് ആറുമാസം സിനിമയില്ലെങ്കില്‍ ഞാന്‍ ഫീല്‍ഡ് ഔട്ടാവും. ലീഡ് റോള്‍ ചെയ്യുക എന്നത് പ്രധാനമല്ല. നമ്മുടേതെന്ന് പറയാവുന്ന കഥാപാത്രങ്ങളെ ചെയ്യാന്‍ കഴിയുക, ആ സിനിമ സാമ്പത്തികമായി വിജയിക്കുക, ആ കഥാപാത്രത്തെ ആളുകള്‍ സ്വീകരിക്കുക, നമുക്കൊരു കൊമേഴ്‌സ്യല്‍ വാല്യു ഉണ്ടാവുക അതൊക്കെത്തന്നെയാണ് ഉദ്ദേശം.

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തില്‍ നിന്ന്‌

വ്യത്യസ്തരായ സംവിധായകരുടെ കൂടെയുള്ള അനുഭവം?

ശ്യാമപ്രസാദ് മുതല്‍ എനിക്ക് താല്‍പര്യമുള്ള ഒരുവിധം എല്ലാ സംവിധായകരുടെയും കൂടെ ഞാന്‍ അഭിനയിച്ചുകഴിഞ്ഞു. അവസാനം ടി.കെ രാജീവ് കുമാറിന്റെ സിനിമയിലാണ് അഭിനയിച്ചത്. ഓരോ സംവിധായകര്‍ക്കും അവരുടേതായ ഒരു പ്രത്യേകതയുണ്ടാവും. ചിലര്‍ ടെക്‌നിക്കലി വലിയ അറിവുള്ളവരായിരിക്കും, ചിലര്‍ വലിയ എഴുത്തുകാരായിരിക്കും. ചിലര്‍ക്ക് അഭിനേതാക്കളെ പൊലിപ്പിച്ചെടുക്കാന്‍ കഴിയും… അങ്ങനെ. ഒരു നടന്‍ അല്ലെങ്കില്‍ സിനിമാ വിദ്യാര്‍ത്ഥി എന്ന തരത്തില്‍ നമുക്ക് അവരുടെ അടുത്തുനിന്ന് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാനും പഠിക്കാനും പറ്റും. പരിചയസമ്പന്നരായ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ ഞാനതിനെ ഒരു വര്‍ക്ക് ഷോപ്പ് പോലെയാണ് സമീപിക്കുക. എപ്പോളും എന്തെങ്കിലും പഠിക്കുകയും മനസിലാക്കുകയുമാണല്ലോ വേണ്ടത്. ഈയൊരു ഫയര്‍ പോയാല്‍ തീര്‍ന്നു. ഒന്നുംചെയ്യാതെ വെറുതെയിരിക്കുമ്പോള്‍ എവിടെയൊക്കെയോ ഒരു കുറ്റബോധമുണ്ടാവുക എന്നതാണ് പ്രധാനപ്പെട്ടത്.

പുതിയ സിനിമകള്‍?

ടി.കെ രാജീവ് കുമാറിന്റെ ‘ബര്‍മുഡ’യാണ് ഇനി റിലീസ് ആവാനുള്ള വലിയ ചിത്രം. പിന്നെ ‘വാതില്‍’ എന്ന സിനിമ ചെയ്തിട്ടുണ്ട്. അത് ഒടിടി റിലീസായിരിക്കും. ഒരു ആന്തോളജിയാണ് അവസാനം ചെയ്തത്.

വിനയ് ഫോര്‍ട്ടിന് ഏറ്റവുമധികം വിമര്‍ശനമുണ്ടാകുന്നത് കൊച്ചി സ്ലാങ് ആണെന്നതാണല്ലോ. അതൊരു പരിമിതിയായി തോന്നുന്നുണ്ടോ?

അതൊരു പ്രശ്‌നമാണ്. മാലിക്കിലൊക്കെ അത് മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. ഷട്ടറിലും മാറ്റാന്‍ നോക്കിയിരുന്നു. മാലിക്കും കനകവുമൊക്കെ കഴിഞ്ഞപ്പോഴാണ് ആളുകള്‍ ഒരു നടന്‍ എന്ന തരത്തില്‍ എന്നെ സ്വീകരിക്കുന്നത്. ഈയൊരു അവസ്ഥവരെ നമ്മുടെ കഴിവിലും കഥാപാത്രത്തിന്റെ വൈകാരികതയിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ബുദ്ധി. ഭാഷാ ശൈലി എന്റെ പരിമിതിയായി ഞാന്‍ കാണുന്നുണ്ട്. ഞാന്‍ പറയുന്നത് ശരിക്കും കൊച്ചി ഭാഷയല്ല. ‘കിസ്മത്തി’ല്‍ ഞാന്‍ തനി കൊച്ചി ഭാഷയാണ് പറഞ്ഞിരിക്കുന്നത്. പൂര്‍ണമായും കൊച്ചി ഭാഷ സംസാരിക്കുന്ന ആളല്ല ഞാന്‍. വീട്ടിലൊക്കെ സംസാരിക്കുമ്പോല്‍ കുറച്ച് കൂടുതല്‍ കൊച്ചിയാവും. അല്ലാത്തപ്പോള്‍ കുറച്ചൂടി ന്യൂട്രലായ ഭാഷ പറയാന്‍ ശ്രമിക്കും. തനി കൊച്ചി ഭാഷ കുറച്ചൂടെ റോ ആണ്. നമ്മളെ ഇഷ്ടപ്പെടുന്ന ആളുകളൊക്കെ ഈ പ്രശ്‌നം ചൂണ്ടിക്കാണിക്കാറുണ്ട്.

മാലിക്കില്‍ മഹേഷേട്ടനൊക്കെ തുടക്കത്തില്‍ പറയുമായിരുന്നു. പക്ഷേ, ഞാന്‍ കഥാപാത്രത്തിന്റെ ശരീരഭാഷയിലും അയാളുടെ മാനസികാവസ്ഥയിലുമൊക്കെ നില്‍ക്കുമ്പോള്‍ സംസാരശൈലി കൂടി നോക്കിയാല്‍ അത് പെര്‍ഫോമര്‍ എന്ന നിലയില്‍ എന്നെ എവിടെയൊക്കെയോ ബ്ലോക്ക് ചെയ്യും. പക്ഷേ, ഇനിമുതല്‍ എന്തായാലും അത്തരം ശ്രമങ്ങളുണ്ടാവും.

UPDATES
STORIES