ഒടുവില്‍ മാധ്യമപ്രവര്‍ത്തകയോട് വിനായകന്റെ മാപ്പ്; ‘ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു’

ഒരുത്തി സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തകയോട് മാപ്പുപറഞ്ഞ് നടന്‍ വിനായകന്‍. മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ക്കിടെ നടത്തിയ പ്രസ്ഥാവനയിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനായകന്‍ മാപ്പു ചോദിച്ചത്.

താന്‍ നടത്തിയ ഭാഷാപ്രയോഗത്തിന്മേല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായും പരാമര്‍ശം ഒട്ടും വ്യക്തിപരമല്ലായിരുന്നു എന്നുമാണ് ക്ഷമാപണത്തില്‍ വിനായകന്‍ പറയുന്നത്.

വിനായകന്റെ കുറിപ്പ്

‘നമസ്‌കാരം,

ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ (ഒട്ടും വ്യക്തിപരമായിരുന്നില്ല)വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

വിനായകന്‍’.

നടനെതിരായ മീ ടൂ ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, മീ ടൂ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു വിനായകന്റെ ആദ്യ മറുപടി. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന്‍ അക്കാര്യം അവരോടു നേരിട്ടു ചോദിക്കുമെന്നും അതാണ് മീ ടൂ എങ്കില്‍ താനത് ഇനിയും ചെയ്യുമെന്നും വിനായകന്‍ തുടര്‍ന്നു. ഇതിനിടെ സദസിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താത്പര്യമുണ്ടെങ്കില്‍ അവരോടും ചോദിക്കുമെന്ന തരത്തിലും നടന്‍ പ്രതികരിച്ചു. ഒരുത്തിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി നവ്യാ നായരും സംവിധായകന്‍ വി.കെ പ്രകാശും വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍.

ഈ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി നടത്തിയ പ്രതികരണത്തില്‍ മാപ്പുപറഞ്ഞെങ്കിലും മീടൂ ആരോപണത്തിനെതിരെയുണ്ടായ പരാമര്‍ശത്തിനോട് വിനായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

UPDATES
STORIES