‘അരവിന്ദന്‌റെ അതിഥികള്‍’ക്കു ശേഷം ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ‘കുറുക്കന്‍’

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രം പുറത്തിറങ്ങി നാല് വര്‍ഷത്തിന് ശേഷം വിനീത് ശ്രീനിവാസനും അച്ഛന്‍ ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. നവാഗത സംവിധായകന്‍ ജയലാല്‍ ദിവാകരന്റെ കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും സ്‌ക്രീന്‍ പങ്കിടുന്നത്.

വിനീതും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസും അഭിനയിക്കുന്നുണ്ട്. സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്‌റെ രചയിതാവ് മനോജ് രാംസിങ്ങിന്റെ തിരക്കഥയില്‍ മഹാ സുബൈറാണ് കുറുക്കന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഓഗസ്റ്റില്‍ ചിത്രത്തിന്‌റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കാസ്റ്റിംഗിന്റെ അവസാന ഘട്ടത്തിലാണ്. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

വിനീത് ഇപ്പോള്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സി’ല്‍ അഭിനയിക്കുകയാണ്. വിനീതിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ നല്ല കുട്ടി ഇമേജിന് വിരുദ്ധമായ ഒരു അഭിഭാഷകനായാണ് അദ്ദേഹം അഭിനയിക്കുന്നത്.

രജിഷ വിജയന്‍ നായികയായ രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘കീടം’ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ അടുത്തതായി ഒരു മുഴുനീള വേഷത്തില്‍ എത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തില്‍ സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലായ രജിഷയുടെ കഥാപാത്രത്തിന്റെ പിതാവായാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. വിജയ് ബാബുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജയറാമും മീരാ ജാസ്മിനും മുഖ്യവേഷത്തില്‍ എത്തുന്ന സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിന്റെയും ഭാഗമാണ് ശ്രീനിവാസന്‍. ഏപ്രില്‍ 28 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

UPDATES
STORIES