പ്രണവ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ ഹൃദയം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ നന്ദിയറിയിച്ച് സംവിധായകന് വിനീത് ശ്രീനിവാസന്. ചിത്രത്തിന്റെ നിര്‍മ്മാതാവും സുഹൃത്തുമായ വിശാഖ് സുബ്രഹ്മണ്യത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിനീതിന്റെ കുറിപ്പ്.
കൊവിഡ് ആശങ്കകള്‍ വീണ്ടുമുയരുന്നതിനിടയിലും വെള്ളിയാഴ്ച തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തനിക്കറിയില്ലാത്ത ആളുകളെ പോലും പ്രാര്‍ത്ഥന കൂടെയുണ്ടായിരുന്നെന്നും എല്ലാവര്ക്കും നന്ദിയെന്നും വിനീത് മറ്റൊരു പോസ്റ്റില്‍ കുറിച്ചിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും വിനീതും കണ്ട സ്വപ്നമാണ് ഹൃദയമെന്ന് മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ചത്രം നിര്‍മ്മിച്ച വിശാഖ് സുബ്രഹ്മണ്യനും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ‘തീയേറ്റര്‍ മാത്രം സ്വപ്നം കണ്ടു ഞാന്‍ നിര്‍മ്മിച്ച ‘ഹൃദയം’ നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ആഘോഷങ്ങളും ആര്‍പ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുള് ബോര്‍ഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകള്‍ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വന്‍ വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക് ‘ഹൃദയത്തില്‍’ നിന്നും ഒരായിരം നന്ദി! കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാന്‍ ഞങ്ങള്ക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ്’, വിശാഖിന്റെ വാക്കുകള്‍ ഇങ്ങനെ.
നോബിള്‍ സാബു തോമസാണ് ഹൃദയത്തിന്റെ സഹനിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും അഭഇനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ റിലീസിന് പിന്നാലെ ചര്‍ച്ചയാവുന്നുണ്ട്. അരുണ്‍ നീലകണ്ഠന് എന്ന് പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ 17 മുതല്‍ 30 വയസുവരെയുള്ള കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്.