‘കരൺ ജോഹർ നമ്മുടെ സിനിമ കണ്ട് റീമേക്കിന് ചോദിച്ചാലോ?’; വിശാഖിന്റെ ആ ചോദ്യം സത്യമായ സന്തോഷത്തിൽ വിനീത്

‘ഹൃദയം’ എന്ന ചിത്രത്തിന്റെ റിമേക്ക് അവകാശം ബോളിവുഡ് നിർമ്മാതാവ് കരൺ ജോഹർ സ്വന്തമാക്കിയതിന് പിന്നാലെ രസകരമായ ഓർമ്മ പങ്കുവച്ച് ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ. ചിത്രത്തിന്റെ റിലീസിന് മുന്നേ നിർമ്മാതാവ് വിശാഖ് സുബ്രമണ്യവുമായി നടത്തിയ ഒരു സംഭാഷണമാണ് വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഹൃദയം കണ്ട് ഇഷ്ടപെട്ട് കരൺ ജോഹർ റീമേക്ക് ചെയ്താലോ എന്ന് വിശാഖ് ചോദിച്ചിരുന്നെന്നും അതിപ്പോൾ യാഥാർഥ്യമായെന്നും വിനീത് പറയുന്നു.

“കഴിഞ്ഞ വർഷം, ഹൃദയത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിൽ, വിശാഖ് ഒരു രാത്രി എന്നോട് ചോദിച്ചു, ‘വിനീത്, നമ്മുടെ സിനിമ റിലീസ് ചെയ്യുമ്പോൾ കരൺ ജോഹർ അത് കണ്ട് ഹിന്ദിയിലേക്ക് റീമേക്ക് അവകാശം നമ്മളോട് ചോദിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?’ ഞാൻ വിശാഖിനോട് പറഞ്ഞു, ‘പോയി കിടന്നുറങ്ങെടാ,’ എന്ന്. ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു. അത് സംഭവിക്കുന്നു… ദൈവത്തിന് നന്ദി. ഹൃദയത്തിന്റെ മുഴുവൻ ടീമിനും നന്ദി,” വിനീത് കുറിച്ചു.

പ്രണവ് മോഹന്‍ലാല്‍-ദര്‍ശന-കല്യാണി പ്രിയദര്‍ശന്‍ കോമ്പോയിലെത്തിയ ഹൃദയം കേരളത്തില്‍ വലിയ ബോക്‌സ്ഓഫീസ് വിജയമായിരുന്നു. തുടര്‍ന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലും റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കുള്ള റീമേക്ക് റൈറ്റ്‌സ് ആണ് കരൺ ജോഹർ സ്വന്തമാക്കിയിരിക്കുന്നത്.

സിനിമകളുടെ തുടക്കത്തില്‍ ധര്‍മ്മയുടെ ലോഗോ കാണുന്നത് തന്റെ നല്ല ഓര്‍മ്മകളില്‍ ഒന്നായിരുന്നെന്ന് വിശാഖ് ഫേസ്ബുക്കില്‍ കുറിച്ചു. ‘എനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ നോക്കിയിരുന്ന ബാനറാണ് ധര്‍മ്മ പ്രൊഡക്ഷന്‍സ്. സിനിമകളുടെ തുടക്കത്തില്‍ ധര്‍മ്മയുടെ ലോഗോ പ്രത്യക്ഷെടുമ്പോഴെല്ലാം എന്റെ മുഖത്തൊരു പുഞ്ചിരി വിടരാറുണ്ട്. കൂടെ ഒരുപാട് ഓര്‍മ്മകളും. വര്‍ഷങ്ങളായി ഞാന്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്ത ഏറ്റവും അഭിമാനകരമായ രണ്ട് ബാനറുകള്‍ എന്റെ സിനിമയുടെ റീമേക്ക് അവകാശം നേടി എന്നത് ഒരു സ്വപ്ന സാക്ഷാത്കാരം കൂടിയാണ്’, വിശാഖ് പറയുന്നു.

ധര്‍മ്മ പ്രൊഡക്ഷന്‍സും മെറിലാന്‍ഡ് സിനിമാസും ഒരുമിക്കുന്ന മനോഹരമായ ഒരു യാത്രയുടെ തുടക്കം മാത്രമാണ് ‘ഹൃദയം’ എന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം കുറിച്ചു. 1979-ല്‍ യാഷ് ജോഹറാണ് നിര്‍മ്മാണ-വിതരണ കമ്പനിയായി ധര്‍മ്മ പ്രൊഡക്ഷന്‍സിന് രൂപം നല്‍കിയത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം 2004ല്‍ മകന്‍ കരണ്‍ ജോഹര്‍ കമ്പനി ഏറ്റെടുക്കുകയായിരുന്നു.

UPDATES
STORIES