ആ പ്രചാരണം തെറ്റ്; ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രം ജനുവരി 21 ന് തന്നെ തിയേറ്ററുകളിലെത്തും. റിലീസ് മാറ്റി വെച്ചെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും വിനീത് അറിയിച്ചു.

‘ഹൃദയം ജനുവരി 21ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളിലെത്തും,’ വിനീത് വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടൊവിനോ തോമസ് ചിത്രം നാരദനും ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് എന്നിവ റിലീസ് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയവും റിലീസ് നീട്ടിവെച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായത്.

പ്രണവ് മോഹന്‍ലാലിനോടൊപ്പം കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന, അരുണ്‍ കുര്യന്‍, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരും ‘ഹൃദയ’ത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 15 പാട്ടുകളുമായാണ് ഹൃദയമെത്തുക. ഇതില്‍ ചില പാട്ടുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഹിഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെറിലാന്‍ഡ് നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്.

UPDATES
STORIES