‘നായകന്റെ ഭാര്യയായി അഭിനയിച്ച് മടുത്തു’; അഭിനയം നിര്‍ത്തിയതിനെക്കുറിച്ച് ലാറ ദത്ത

ടൈപ്പ് കാസ്റ്റ് ചെയ്ത കഥാപാത്രങ്ങള്‍ സ്ഥിരമായെത്തിയതോടെയാണ് സിനിമയില്‍നിന്നും വിട്ടുനിന്നതെന്ന് ബോളിവുഡ് നടി ലാറ ദത്ത. സ്ഥിരമായി പ്രധാന കഥാപാത്രത്തിന്റെ കാമുകിയും ഭാര്യയുമായി അഭിനയിച്ച് മടുത്തിരുന്നു. അതുകൊണ്ടാണ് അഭിനയം ഇടയ്ക്കുവെച്ച് നിര്‍ത്തിയതെന്നും ലാറ വ്യക്തമാക്കി.

‘എന്റെ മുപ്പതുകളുടെ തുടക്കത്തിലെത്തിയപ്പോഴേക്കും എന്നെ ഒരുതരം മടുപ്പ് ബാധിച്ചിരുന്നു. സിനിമയില്‍ ഗ്ലാമറസ് താരം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതു കൊണ്ട് മാത്രമാണ് നമ്മളെ കാസ്റ്റ് ചെയ്യുന്നത്. സ്ഥിരമായി നായകന്റെ കാമുകിയോ ഭാര്യയോ ആയി അഭിനയിക്കണം. എനിക്കത് മടുത്തു’, ലാറ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഈ അവസ്ഥയെ മറികടക്കാന്‍ താന്‍ ബോധപൂര്‍വം ചില കോമഡി ചിത്രങ്ങളില്‍ അഭിനയിച്ചെന്നും അവ മറ്റുള്ളവയേക്കാള്‍ അവസരങ്ങള്‍ നല്‍കിയെന്നും ലാറ ദത്ത തുറന്നുപറയുന്നു. നോ എന്‍ട്രി, ഭാഗാം ബാഗ്, പാര്‍ട്ട്ണര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ കോമഡികളുടെ ഭാഗമാകാന്‍ ലാറ തീരുമാനിച്ചത് അങ്ങനെയായിരുന്നു.

ആരുടെയെങ്കിലും ഭാര്യയോ കാമുകിയോ ആയി അഭിനയിക്കുന്നതിനേക്കാള്‍ വളരെയധികം മെച്ചപ്പെട്ടവയായിരുന്നു കോമഡി സിനിമകള്‍. വിജയിച്ചതും ആളുകള്‍ ഏറ്റെടുത്തതുമായ കോമഡി ചിത്രങ്ങള്‍ ചെയ്ത് ശ്രമകരമായാണ് ഞാന്‍ എന്റെ മേലുണ്ടായിരുന്ന ഭാര്യാ-കാമുകി പേര് മാറ്റിയത്. ഗ്ലാമറസ് നടി എന്നതിനപ്പുറം അഭിനേതാവ് എന്നനിലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളുണ്ടായി’, ലാറ വിവരിക്കുന്നു. 2000-ല്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2003ല്‍ അന്‍ദാസ് എന്ന ചിത്രത്തോടെയായിരുന്നു ലാറയുടെ സിനിമാ ജീവിതം ആരംഭിച്ചത്. 2015വരെ നിരവധി സിനിമകളില്‍ സാന്നിധ്യമായ ഇവര്‍ പിന്നീട് സിനിമകളുടെ എണ്ണം കുറച്ചു. മകള്‍ സൈറയ്ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായി സിനിമയില്‍നിന്നും മാറിനിന്ന സമയം ഉപയോഗിച്ചെന്നും ലാറ പറയുന്നു.

UPDATES
STORIES