ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ലുസിസി. ഒരുഘട്ടത്തിലും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തണം എന്നാണ് ഡബ്ല്യുസിസിയുടെ നിലപാടെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ ഡബ്ല്യൂസിസി അംഗം ദീദി ദാമോദരന്‍ വ്യക്തമാക്കി.
കമ്മിറ്റിക്ക് മുന്നില്‍ രഹസ്യ സ്വഭാവം പാലിക്കേണ്ട ചില മൊഴികളുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും രഹസ്യമൊഴിയല്ല നൽകിയത്. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയായിരിക്കാം മന്ത്രിക്കുണ്ടായത്. എന്തിനാണ് മന്ത്രി അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു. നാലാം തീയതി സർക്കാർ വിളിച്ച യോഗത്തിൽ പറയാനുള്ളത് പറയുമെന്നും, ആശയക്കുഴപ്പങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമാ സംഘടനകളിൽ നിന്ന് ഒരു കാലത്തും നീതി ലഭിച്ചിട്ടില്ലെന്നും ദീദി ദാമോദരൻ പ്രതികരിച്ചു. ഇന്നിതുവരെ വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും ‘അമ്മ’ നടത്തിയിട്ടില്ല. ഈ മൗനം കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാന്‍ തീരുമാനിച്ചാല്‍ അത് തെറ്റിന് കൂട്ട് നിൽക്കുന്നതിന് തുല്യമാണെന്നും ദീദി ദാമോദരൻ വിമർശിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി തന്നെ ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്ത്യന്‍ എക്സ് പ്രസിന് നല്കിയ അഭിമുഖത്തില്‍ നിയമ മന്ത്രി പി രാജീവ് പറഞ്ഞത്. കമ്മീഷൻ ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വെളിപ്പെടുത്തല്‍ ഡബ്ലുസിസി നിഷേധിച്ചെങ്കിലും വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മന്ത്രി.
‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്നല്ല, ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ഡബ്ലുസിസി ആവശ്യപ്പെട്ടത്’ താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യമാണ് പറഞ്ഞതെന്നും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഡബ്ല്യുസിസി നിലപാട് മാറ്റിയോ എന്നറിയില്ലെന്നും പി രാജീവ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെന്നും പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.