ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിക്കുകയാണെന്ന് പി രാജീവ്; സമഗ്ര നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് ഡബ്ല്യുസിസി, കൊച്ചിയില്‍ കൂടിക്കാഴ്ച

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആവശ്യങ്ങളുന്നയിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ നിയമമന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തി. സമഗ്ര നിയമനിര്‍മ്മാണം നടത്തണമെന്നും അതിന് മുന്നോടിയായി ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തണമെന്നും അംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. റിമ കല്ലിങ്കല്‍, രഞ്ജിനി, സംഗീത ജനചന്ദ്രന്‍, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുവരികയാണെന്നും ഈ പഠന റിപ്പോര്‍ട്ടിന് ശേഷം മാത്രമേ സമഗ്ര നിയമനിര്‍മ്മാണം ആലോചിക്കാനാവൂ എന്നുമാണ് മന്ത്രി ഡബ്ല്യുസിസിയെ അറിയിച്ചിരിക്കുന്നത്. കൊച്ചി കുസാറ്റിലെ ഗസ്റ്റ്ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ നടി പാര്‍വതി തിരുവോത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് വനിതാ കമ്മീഷനോട് ഇവര്‍ ആവശ്യപ്പെട്ടത്. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി, അര്‍ച്ചന പദ്മിനി തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്. ഇനി കാത്തിരിക്കാനാകില്ലെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വനിത കമ്മീഷന്‍ ഇടപെടല്‍ നടത്തണമെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

അതേസമയം ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും സിനിമയിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സിനിമ നിര്‍മാണ് കമ്പനികളുടെ ചുമതലയാണെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പ്രതികരിക്കുകയും ചെയ്തു. ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച വിഷയത്തില്‍ ഇടപെടല്‍ നടത്തുമെന്നും പി.സതീദേവി വ്യക്തമാക്കി.

അക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്. അതിജീവിച്ച നടിക്കൊപ്പം നിന്നുകൊണ്ട് കേസില്‍ നീതിനടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. അക്രമത്തെ അതിജീവിച്ച നടിയുടെ ഇതുവരെയുള്ള യാത്ര അവള്‍ക്ക് ചുറ്റുമുള്ള സമൂഹത്തിന്റേയും ഭരണകൂട വ്യവസ്ഥയുടേയും നേര്‍ക്കാഴ്ചയാണെന്നും കുറിപ്പില്‍ ഡബ്ല്യൂസിസി പറഞ്ഞിരുന്നു. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെ തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

UPDATES
STORIES