ഡബ്ല്യൂസിസി അംഗങ്ങൾ വനിത കമ്മീഷനെ കണ്ടു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യം

നടിയെ ആക്രമിച്ച കേസില്‍ നീതി തേടി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നടി പാര്‍വതി തിരുവോത്തിന്‌റെ നേതൃത്വത്തില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ കമ്മീഷൻ ഇടപെടണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. കോഴിക്കോട് ഗൗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

ഡബ്ല്യൂസിസി അംഗങ്ങളായ നടി പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോൻ, ദീദി, അർച്ചന പദ്മിനി തുടങ്ങിയവരാണ് വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്. ഇനി കാത്തിരിക്കാനാകില്ലെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വനിത കമ്മീഷൻ ഇടപെടൽ നടത്തണമെന്നും ഡബ്ലൂസിസി അംഗങ്ങൾ ആവശ്യപ്പെട്ടു.

അതേസമയം ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്നും സിനിമയിലെ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സിനിമ നിർമാണ് കമ്പനികളുടെ ചുമതലയാണെന്നും വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചു. ഡബ്ല്യൂസിസി അംഗങ്ങൾ ഉന്നയിച്ച വിഷയത്തിൽ ഇടപെടൽ നടത്തുമെന്നും പി.സതീദേവി വ്യക്തമാക്കി.

അക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.

അതിജീവിച്ച നടിക്കൊപ്പം നിന്നുകൊണ്ട് കേസിൽ നീതിനടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യൂസിസി ആവശ്യപ്പെട്ടിരുന്നു. അക്രമത്തെ അതിജീവിച്ച നടിയുടെ ഇതുവരെയുള്ള യാത്ര അവള്‍ക്ക് ചുറ്റുമുള്ള സമൂഹത്തിന്‌റേയും ഭരണകൂട വ്യവസ്ഥയുടേയും നേര്‍ക്കാഴ്ചയാണെന്നും കുറിപ്പില്‍ ഡബ്ല്യൂസിസി പറഞ്ഞിരുന്നു.

കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

UPDATES
STORIES