അവൾക്കുള്ള പിന്തുണ സോഷ്യൽ മീഡിയയിൽ ഒതുങ്ങുന്നതാകരുത്: മലയാള സിനിമ ലോകത്തോട് ഡബ്ല്യൂസിസി

അക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നതാകരുത് മലയാള സിനിമ ലോകത്ത് വിവേചനം നേരിടുന്ന സ്ത്രീകളോടുള്ള പിന്തുണയും ബഹുമാനവുമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ്. ഇപ്പോൾ നൽകുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാൻ തങ്ങൾ ഈ അവസരത്തിൽ നിർബന്ധിതരാവുകയാണെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്യുകയല്ലാതെ, തങ്ങളുടെ തൊഴിലിടങ്ങളിൽ പോഷ് (POSH) മാർഗ്ഗനിർദ്ദേശങ്ങൾ പ്രായോഗികമാക്കാൻ, മലയാള സിനിമ നിർമ്മാതാക്കൾ തയ്യാറാകുന്നുണ്ടോ എന്നും കലക്ടീവ് ചോദ്യം ചെയ്യുന്നു. സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യമായ അവസരങ്ങൾ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ കലക്ടീവ് ചോദിച്ചു.

ദിലീപ് പ്രതിയായ കേസ്‌ അഞ്ചുവർഷം പിന്നിടുമ്പോൾ കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് തിങ്കളാഴ്ച രാവിലെയാണ് നടിയുടെ പോസ്റ്റ് വന്നത്. ഇതിനു പിന്നാലെ മലയാള സിനിമയിലെ നിരവധി പേരാണ് നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരും നടിയുടെ പോരാട്ടത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തിലാണ് വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രതികരണം. “മലയാള സിനിമയിൽ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളിൽ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യർഹമാണ്. എങ്കിലും അതിജീവനത്തിന്റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.”

UPDATES
STORIES