‘അവള്‍ക്ക് നീതി ഉറപ്പാക്കൂ’; മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ഡബ്ല്യൂസിസി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിത കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതിനടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പങ്കുവച്ച കുറിപ്പിലൂടെയാണ് കൂട്ടായ്മ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.

അക്രമത്തെ അതിജീവിച്ച നടിയുടെ ഇതുവരെയുള്ള യാത്ര അവള്‍ക്ക് ചുറ്റുമുള്ള സമൂഹത്തിന്‌റേയും ഭരണകൂട വ്യവസ്ഥയുടേയും നേര്‍ക്കാഴ്ചയാണെന്നും കുറിപ്പില്‍ ഡബ്ല്യൂസിസി പറയുന്നു.

‘നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്‌റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നത്,’ കുറിപ്പില്‍ പറയുന്നു.

Read More: ‘എനിക്ക് നീതി വേണം’; ദിലീപിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്‌

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിത സംഘടനയുടെ പ്രതികരണം. സംവിധായകന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കണമെന്നും രണ്ടാം പ്രോസിക്യൂട്ടറും രാജി വെച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ പറയുന്നു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് നടിയും രംഗത്തെത്തിയിരിക്കുന്നത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ രാജിയില്‍ ആശങ്കയുണ്ടെന്നുമാണ് നടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍ കുമാര്‍ കഴിഞ്ഞദിവസമാണ് രാജിവെച്ചത്. നേരത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുകേശനും രാജി വെച്ചിരുന്നു. രണ്ട് പ്രോസിക്യൂട്ടര്‍മാരും ഒരേ കാരണം പറഞ്ഞാണ് രാജിവെച്ചതെന്നും നടി ചൂണ്ടിക്കാട്ടുന്നു.

UPDATES
STORIES