ഈ വിധി മലയാളി സ്ത്രീ ചരിത്രത്തിലെ നാഴികക്കല്ല്; കോടതിക്ക് നന്ദി പറഞ്ഞ് ഡബ്ല്യുസിസി

മലയാള സിനിമ സെറ്റുകളിൽ ആഭ്യന്തര പ്രശ്ന പരിഹാര സെൽ വേണമെന്ന ഹൈക്കോടതി വിധിയ്ക്ക് നന്ദി പറഞ്ഞ് വിമൻ ഇൻ സിനിമ കളക്ടീവ്. സിനിമയിലെ എല്ലാ സ്ത്രീകൾക്കും, ഈ രംഗത്തേക്ക് കടക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഈ വിധി നൽകുന്ന ആശ്വാസം ചെറുതല്ലെന്നും ഈ വിധി മലയാളി സ്ത്രീ ചരിത്രത്തിൽ തന്നെ വലിയ നാഴികകല്ലാണെന്നും ഡബ്ല്യുസിസി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവിനെ WCC സ്വാഗതം ചെയ്യുന്നു, സുരക്ഷിതവും തുല്യവുമായ ജോലിസ്ഥലത്തിനായുള്ള സ്ത്രീകളുടെ അവകാശങ്ങളും അതിലൂടെ അവളുടെ അന്തസ്സും ഉയർത്തിപ്പിടിച്ചതിന്, ബഹുമാനപ്പെട്ട കോടതിയോട് ആത്മാർത്ഥമായി ഞങ്ങൾ നന്ദി പറയുന്നു.

പ്രസ്തുത ഹൈക്കോടതി വിധിയിലൂടെ ലഭിച്ച ചില പ്രധാന നേട്ടങ്ങൾ ഇവയാണ്:

1. നിർമ്മാതാവിനെയും പ്രൊഡക്ഷൻ യൂണിറ്റിനെയും വ്യക്തമായി തന്നെ ഒരു സ്ഥാപനമായി അംഗീകരിക്കുകയും ആയതിനാൽ 2013 ലെ PoSH ആക്റ്റിൽ നിർവചിച്ചിരിക്കുന്ന പ്രകാരം തൊഴിലിടങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കുന്നതിന് അവരെ പ്രാഥമിക ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്യുന്നു. ആഭ്യന്തര സെല്ലിന്റെ രൂപത്തിൽ ഒരു പരാതി പരിഹാര സെൽ സ്ഥാപിക്കുന്നത് ഈ വിധി നിർബന്ധമാക്കുന്നു എന്നതാണ് സുപ്രധാനമായ കാര്യം. സിനിമയിലെ ‘തൊഴിൽ ഇടം’ എന്താണെന്ന ചോദ്യം ഇതാദ്യമായാണ് ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ദൂരവ്യാപകമായ ചർച്ചകൾ ഇതുണ്ടാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു

2. സംഘടനകൾ, അതായത്, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, A.M.M.A, മാക്ട, കേരള സ്റ്റേറ്റ് ഗവൺമെന്റ്, ഫിലിം ചേംബർ എന്നിവയെല്ലാം പോഷ് ആക്ട് 2013 ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. ഇത് നടപ്പിലാക്കപ്പെടുന്നു എന്ന് സിനിമാ വ്യവസായത്തിലെ നാമെല്ലാവരും ഉറപ്പാക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് സ്ത്രീകളുടെ മാന്യത ഉറപ്പുവരുത്തുകയും അത് ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുക എന്നത് ഒരു ഔപചാരികത എന്നതിലുപരി പൂർണ്ണമായും ശരിയായ മനോഭാവത്തോടെ നടപ്പിലാക്കേണ്ട ഒരു ഉത്തരവാദിത്വമാണ്.

3. PoSH ആക്റ്റ് 2013 പ്രകാരം തന്നെയാണ് ഐ സി നടപ്പിലാക്കുന്നതെന്നു് ഉറപ്പാക്കാൻ A.M.M.A യോട് ഈ വിധി ആവശ്യപ്പെടുന്നു

.4. അതോടൊപ്പം ഈ കോടതി വിധി ഭരണഘടനാപരമായ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിപ്പിടിക്കുകയും സിനിമാമേഖലയിലെ സ്ത്രീകൾക്ക് ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും അംഗീകരിക്കുകയും ചെയ്യുന്നു.

സുപ്രധാനമായ ഈ കോടതി വിധി സമ്മാനിച്ചതിന് ആത്മാർത്ഥമായ നന്ദി ഞങ്ങൾ ഒരിക്കൽ കൂടി അറിയിക്കുന്നു.

എന്നിരുന്നാലും, ഈ വിധിയുടെ വിജയകരമായ നടപ്പാക്കലിന്, സ്ത്രീയുടെ വ്യക്തിത്വവും അധ്വാനത്തിൻ്റെ മഹത്വവും അംഗീകരിക്കുന്ന ഒരു മലയാള ചലച്ചിത്ര മേഖലയെ കൂടി ആവശ്യപ്പെടുന്നുണ്ട്. മലയാള സിനിമാ സംഘടനകൾ ഈ വിധിയെ ഏറെ താൽപര്യത്തോടെ സ്വാഗതം ചെയ്യുന്നത് സന്തോഷകരമാണ്. എന്നാൽ അതിനൊപ്പം വിധി നടപ്പാക്കലിന്റെ സ്വഭാവത്തെക്കുറിച്ചും അതിന്റെ ആത്യന്തികമായ ഫലപ്രാപ്തിയെക്കുറിച്ചും നമ്മൾ എല്ലാവരും ജാഗ്രത പാലിക്കേണ്ടതുമാണ് .ഇതിനായി, സമാന ചിന്താഗതിക്കാരായ എല്ലാ സംഘടനകളുമായും കൈകോർക്കുന്നതിൽ WCC ക്ക് സന്തോഷമേ ഉള്ളൂ.

സിനിമയിലെ എല്ലാ സ്ത്രീകൾക്കും, ഈ രംഗത്തേക്ക് കടക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഈ വിധി നൽകുന്ന ആശ്വാസം ചെറുതല്ല. ഈ വിധി മലയാളി സ്ത്രീ ചരിത്രത്തിൽ തന്നെ വലിയ നാഴികകല്ലാണ്. അഭിനന്ദനങ്ങൾ!

ഈ നിർണായക വിധി WCCയുടെ ഒരു നീണ്ട പോരാട്ടമായിരുന്നു. ഈ യാത്രയിലുടനീളം ഞങ്ങൾക്കൊപ്പം നിന്നവരില്ലാതെ ഈ നേട്ടം ഒരിക്കലും സാധ്യമാകുമായിരുന്നില്ല. ഞങ്ങളുടെ പങ്കാളികളും ഇംപ്ലീഡറുമായ CINTAA, Kerala WCD, സന്തോഷ് മാത്യു, താലിഷ് റേ, ബിനോദ് പി, സുനീത ഓജ എന്നിവരുൾപ്പെടെയുള്ള ഞങ്ങളുടെ അഭിഭാഷകരുടെ ടീമിനോടും, സിനിമ, രാഷ്ട്രീയം, കലാ സാഹിത്യ രംഗത്തു നിന്നും ഞങ്ങളെ പിന്തുണച്ച സുഹൃത്തുക്കളോടും ഈ അവസരത്തിൽ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എല്ലാവർക്കും തുല്യമായ തൊഴിലിടം ഉറപ്പ് വരുത്താനുള്ള ഒരു വലിയ ചുവട്ടുപടിയാണ് ഈ പോരാട്ടം. മുന്നോട്ട്‌ !

UPDATES
STORIES