‘മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാകില്ല’; പൊതുമരാമത്ത് മന്ത്രിയെ വേദിയിലിരുത്തി ജയസൂര്യയുടെ വിമര്‍ശനം

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വേദിയിലിരിക്കെ സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയേക്കുറിച്ച് തുറന്നടിച്ച് നടന്‍ ജയസൂര്യ. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്ന് നടന്‍ പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള തടസം മഴയാണ് എന്ന വാദം ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങള്‍ മരിക്കുമ്പോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു. പിഡബ്ല്യുഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് നടന്റെ പ്രതികരണം.

മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയും?

ജയസൂര്യ

ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണില്‍ അടക്കം കേരളത്തിലെ പലയിടത്തും റോഡുകള്‍ മോശം അവസ്ഥയിലാണ്. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ല. എന്ത് ചെയ്തിട്ടാണ് നല്ല റോഡുകള്‍ ഉണ്ടാക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. പരിപാലന കാലാവധിയില്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകാരനാണ്. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി നടന്‍ വേദിയിലിരിക്കെ മറുപടിയെന്നോണം പ്രതികരിച്ചു.

UPDATES
STORIES