ഇന്ത്യയുടെ ‘ബിസ്കറ്റ് കിങ്ങ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട രാജന് പിള്ളയുടെ ജീവിതം വെബ് സീരീസാക്കാനൊരുങ്ങുകയാണ് പൃഥ്വിരാജ്. രാജന് പിള്ളയായി അഭിനയിക്കുന്നതിനൊപ്പം സീരീസ് സംവിധാനം ചെയ്യുന്നതും പൃഥ്വിരാജാണ്. സാരിഗമയുടെ ഉടമസ്ഥതയിലുള്ള യൂഡ്ലീ ഫിലിംസാണ് സീരീസ് നിര്‍മ്മിക്കുക. 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ഏത് ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുകയെന്ന് സ്ഥിരീകരിച്ചിട്ടില്ല. താന്‍ ഏറെ താല്പര്യത്തോടെയാണ് ഈ സീരീസിനെ സമീപിക്കുന്നതെന്ന് നടന് വ്യക്തമാക്കി.
‘മനുഷ്യജീവിതത്തില്‍ നിലനില്‍ക്കുന്ന ഇരുട്ടും വെളിച്ചവും ഒരു നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും എന്നെ ഏറെ ആകര്‍ഷിക്കുന്നതാണ്. രാജന് പിള്ളയുടെ കഥയില്‍ എല്ലാമുണ്ട്. അഭിലാഷം, വിജയം, ആഡംബര യാത്രാജീവിതം അതിന് പിന്നാലെ കോര്‍പറേറ്റ് അധികാരത്തിന്റെ മൂര്‍ധന്യത്തില്‍ നിന്ന് ഒരു തടവറയുടെ ഇല്ലായ്മയിലേക്കുള്ള വീഴ്ച്ച. ഇതെല്ലാം സംഭവിച്ചതാകട്ടെ 47 വയസ് മാത്രമുള്ളപ്പോഴും. 1995ല്‍ അദ്ദേഹം മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ കഥ കാലികമായ ഒരു ഉദാഹരണമാണ്. വിജയത്തിന്റേയും അധികാരത്തിന്റേയും പ്രഭാവം ധാര്‍മ്മികതയുടെ അതിരുകള്‍ക്ക് മങ്ങലേല്പിക്കുന്നതെങ്ങനെയെന്ന് ഈ തലമുറയ്ക്ക് അത് പറഞ്ഞുകൊടുക്കും. ഇത്രയും സ്വാധീനശക്തിയുണ്ടായിരുന്ന വ്യക്തിത്വം തകര്‍ന്നുപോയത് എങ്ങനെയെന്ന കണ്ടെത്തലും അദ്ദേഹത്തിന്റെ ജിജ്ഞാസയുണര്ത്തുന്നതും സങ്കീര്‍ണവുമായ ജീവിതത്തിലൂടെ വീണ്ടും കടന്നുപോകലും വളരെ താല്പര്യമുണര്ത്തുന്നുണ്ട്.’
ശതകോടീശ്വരനായ പ്രമുഖ മലയാളി വ്യവസായി ആയിരുന്നു രാജന്‍പിള്ള. ‘പ്രാതല്‍ ലണ്ടനില്‍, ഉച്ചയൂണ് ജര്‍മനിയില്‍, അത്താഴം സിംഗപ്പൂരില്‍’ രാജന് പിള്ളയേക്കുറിച്ച് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന അതിശയോക്തി കലര്‍ന്ന ഒരു പ്രയോഗമായിരുന്നു ഇത്. പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, പി വി നരസിംഹ റാവു, വിവാദ താന്ത്രികന് ചന്ദ്രസ്വാമി, ശരദ് പവാര്‍, കെ കരുണാകരന്, എ കെ ആന്റണി, മുന്‍ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാര്‍ തുടങ്ങിയവരുമായി രാജന് പിള്ളയ്ക്ക് സൗഹൃദമുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് രാജന് പിള്ള കോണ്‍ഗ്രസിന് 10 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

1947ല്‍ കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായിയും ഇന്ത്യന്‍ കാഷ്യൂ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റുമായിരുന്ന ജനാര്ദ്ദനന് പിള്ളയുടെ മൂത്ത മകനായി ജനിച്ചു. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍നിന്നു ബിരുദം നേടിയ രാജന് ഗോവയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ച് ബിസിനസ് രംഗത്ത് സജീവമായി. എഴുപതുകളുടെ മധ്യത്തില്‍ സിംഗപ്പൂരിലേക്ക് ബിസിനസ് വളര്‍ന്നു. ഉരുളക്കിഴങ്ങ് ഉപ്പേരിയും നിലക്കടലയും പായ്ക്ക് ചെയ്തു വില്‍ക്കുന്ന ട്വന്റിയത് സെഞ്ചുറി ഫുഡ്സ് സ്ഥാപിച്ചു. വൈകാതെ അമേരിക്കന്‍ ഭക്ഷ്യവ്യവസായ ഭീമന് സ്റ്റാന്‍ഡേഡ് ബ്രാന്‍ഡിന്റെ മേധാവിയും കാനഡക്കാരനുമായ എഫ് റോസ് ജോണ്‍സന്റെ ബിസിനസ് പങ്കാളിയായി. 1984ല്‍ ജോണ്സന് അദ്ദേഹത്തെ ലണ്ടനിലേക്കയച്ചു. പുതുതായി ഏറ്റെടുത്ത നബിസ്കോ കമ്മോഡിറ്റീസിനെ നയിക്കാന്‍ വേണ്ടിയായിരുന്നു അത്. നബിസ്കോയുടെ ഉപസ്ഥാപനമായ ഹണ്ട്ലി ആന്‍ഡ് പാര്‍മര്‍ ബ്രിട്ടാനിയയുടെ നിയന്ത്രണം പിടിച്ചപ്പോള്‍ ഏഷ്യന്‍ വിഭാഗത്തിന്റെ ചുമതല രാജന് പിള്ളയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബേക്കറി-ബിസ്കറ്റ് നിര്‍മ്മാണ ശൃംഖലയായിരുന്നു ബ്രിട്ടാനിയ.
നബിസ്കോയുടെ ഏഷ്യയിലെ മറ്റ് അനുബന്ധ കമ്പനികളും രാജന് പിള്ള ഏറ്റെടുത്തു. ഫ്രെഞ്ച് കമ്പനിയായ ബൂഷ്വോയ്സ് സൂഷോണ് ന്യൂവ്സെലുമായി (ബിഎസ്എന്‍) ബന്ധം സ്ഥാപിച്ചു. 1989ഓടെ ആകെ 400 ദശലക്ഷം ഡോളര്‍ ആസ്തിയുള്ള ആറ് ഏഷ്യന്‍ കമ്പനികളാണ് രാജന് പിള്ള നിയന്ത്രിച്ചിരുന്നത്. ബ്രിട്ടാനിയയുടെ ഉടമസ്ഥനെന്നാണ് വിശേഷിക്കപ്പെട്ടതെങ്കിലും മൂന്ന് ശതമാനം മാത്രമായിരുന്നു ഓഹരി പങ്കാളിത്തം. ശേഷിക്കുന്ന ബിസിനസ് ആസ്തിയും ഇടപാടുകളും സങ്കീര്‍ണവും കൂടിക്കുഴഞ്ഞുകിടക്കുന്ന നിലയിലുമായിരുന്നു.

1993ല്‍ കടം കയറിത്തുടങ്ങിയതോടെ രാജന് പിള്ള പല കമ്പനികളും വിറ്റു. ബ്രിട്ടാനിയയുടെ അസോസിയേറ്റഡ് ബിസ്കറ്റ്സ് ഇന്റര്‍നാഷണലിലെ കുറച്ച് ഓഹരികള്‍ മുഹമ്മദലി ജിന്നയുടെ കൊച്ചുമകന് കൂടിയായ യുവ വ്യവസായി നുസ്ലി വാഡിയയാണു വാങ്ങിയത്. ബ്രിട്ടാനിയയില്‍ ബിഎസ്എന്‍ ഗ്രൂപ്പിനുള്ളത്ര ഓഹരികള്‍ വാഡിയ സ്വന്തമാക്കി. നാടകീയമായിരുന്നു ഈ നീക്കങ്ങള്‍. ഒരു ബോര്‍ഡ് റൂം തര്‍ക്കത്തിനൊടുവില്‍ വാഡിയ പിള്ളയില്‍ നിന്നും കമ്പനി നിയന്ത്രണം ഏറ്റെടുത്തു. രാജന് പിള്ളയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ജോണ്സണ് ബ്രിട്ടാനിയ വാങ്ങാനായി താന്‍ നല്കിയ 30 ദശലക്ഷം ഡോളര്‍ തിരിച്ചു ചോദിച്ചു. രാജന് പിള്ളയുടെ ഇടപാടുകളേക്കുറിച്ച് ഇതിനിടെ സിംഗപ്പൂര്‍ വാണിജ്യവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. 1993 മാര്‍ച്ചില്‍ അന്വേഷണം പൂര്‍ത്തിയാക്കി പിള്ളയ്ക്കെതിരെ 22 കേസുകള്‍ ചുമത്തി. വിശ്വാസവഞ്ചനയും തട്ടിപ്പും ഉള്‍പ്പെടെയായിരുന്നു അത്. രാജന് പിള്ളയ്ക്ക് 17.2 ദശലക്ഷം ഡോളറിന്റെ കടമുണ്ടെന്നും കണ്ടെത്തി. രാജന് പിള്ളയ്ക്ക് സിംഗപ്പൂര്‍ കോടതി 14 വര്‍ഷത്തെ തടവ് വിധിക്കുന്നതിന് മുന്‍പ് അദ്ദേഹം സിംഗപ്പൂരിലെ ആസ്ഥാനം വിട്ട് ഇന്ത്യയിലേക്ക് വന്നു.
അറസ്റ്റിന് വേണ്ടി ഇന്റര്‍പോളിന്റെ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നെങ്കിലും രാജന് പിള്ള കേരളത്തില്‍ നിന്ന് ജാമ്യവും സിംഗപ്പൂരിന് കൈമാറുന്നതില്‍ നിന്ന് സ്റ്റേയും നേടി. 1995 ജൂലൈ നാലിന് പുലര്‍ച്ചെ പൊലീസ് രാജന് പിള്ള താമസിച്ചിരുന്ന ന്യൂഡല്‍ഹി ലെ മെറിഡിയന് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റെയ്ഡ് ചെയ്തു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയി. സാരമായ കരള്‍രോഗം രാജന് പിള്ളയ്ക്കുണ്ടായിരുന്നു. ചികിത്സ നല്‍കണമെന്ന് അദ്ദേഹം കോടതിയോട് അപേക്ഷിച്ചിരുന്നു. രാജന് പിള്ളയുടെ ആരോഗ്യവിവരം അന്വേഷിച്ച് ജഡ്ജി ജയിലിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തയച്ചെങ്കിലും പിന്നീട് നടപടികളുണ്ടായില്ല. അറസ്റ്റിലായി മൂന്നാം ദിവസം ലിവര്‍ സിറോസിസ് മൂര്‍ച്ഛിച്ചതിന് പിന്നാലെ രാജന് പിള്ള മരിച്ചു. സിംഗപ്പൂരിന് കൈമാറാനുള്ള കേസിലും ജാമ്യാപേക്ഷയിലും വാദം നടക്കാനിരിക്കെയായിരുന്നു 47കാരനായ രാജന് പിള്ളയുടെ മരണം. ജയിലില്‍ വെച്ച് രാജന് പിള്ളക്ക് മര്‍ദ്ദനമേറ്റതായി ആരോപണമുണ്ട്.

ഇന്ത്യയിലെത്തിയാല്‍ സഹായിക്കാമെന്നേറ്റ സുഹൃത്തുക്കളും രാഷ്ട്രീയ പ്രമുഖരും അദ്ദേഹത്തെ കൈയൊഴിയുകയും വഞ്ചിക്കുകയും ചെയ്തെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്ന രാജന് പിള്ളയ്ക്ക് ഇംഗ്ലണ്ടില്‍ അഭയം ലഭിച്ചേനെയെന്നും വാദങ്ങളുണ്ട്. രാജന് പിള്ള അറസ്റ്റിലായപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് ചെന്ന ഭാര്യ നീന പിള്ളയോട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ മുഖം തിരിച്ചെന്നും സുഹൃത്തുക്കള്‍ കുറ്റപ്പെടുത്തുന്നു. കെ കരുണാകരനും അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവും സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ രാജന് പിള്ളയുടെ ജീവന് രക്ഷിക്കാമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രോഗം കലശലായ അവസരത്തില്‍ കരളിനു ക്ഷതം സംഭവിച്ച് ആമാശയത്തിലെയും അന്നനാളത്തിലെയും ഞരമ്പുകള്‍ വീര്‍ത്തുപൊട്ടി രക്തം ഛര്‍ദിച്ചുവെന്നാണ് രാജന് പിള്ളയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ശ്വസനവ്യവസ്ഥയില്‍ രക്തം കട്ട പിടിച്ചതിനേത്തുടര്ന്നുണ്ടായ അസ്ഫിക്സിയയാണ് രാജന് പിള്ളയുടെ മരണകാരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സിഎംഎമ്മിന് മൊഴി നല്കി. നീനയും രണ്ടു മക്കളും ബന്ധുക്കളുമടങ്ങുന്ന കുടുംബം നിയമപോരാട്ടം തുടര്‍ന്നു. കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ലീലാ സേത്തിന്റെ അദ്ധ്യക്ഷതയില്‍ കമ്മീഷനെ നിയോഗിച്ചു. ഗൂഢാലോചനയ്ക്ക് തെളിവ് കണ്ടെത്താന്‍ ലീലാ കമ്മീഷനായില്ല. ജനങ്ങളുടെ സഹായം തേടി കമ്മീഷന് പത്രത്തില്‍ പരസ്യം നല്‍കുക വരെ ചെയ്തു. ഗൂഢാലോചനയ്ക്ക് തെളിവ് നല്‍കാമെന്ന് ആദ്യം പറഞ്ഞ നീന പിന്നീട് ഗൂഢാലോചനക്കാരന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. അന്വേഷണത്തില്‍ ഗൂഢാലോചനയേക്കുറിച്ച് വ്യക്തമായ നിഗമനത്തിലെത്താന്‍ ലീലാ സേത്ത് കമ്മീഷനും കഴിഞ്ഞില്ല. രാജനെ ചികിത്സിക്കുന്നതില്‍ ജയില്‍ അധികൃതരും ഗുരുതരമായ അനാസ്ഥ കാട്ടിയെന്ന് കമ്മീഷന് കണ്ടെത്തി.

രാജന് പിള്ളയ്ക്ക് നീതി ലഭ്യമാക്കാനായില്ലെങ്കിലും നീന പിള്ളയുടെ നിയമ പോരാട്ടം ഒരു മനുഷ്യാവകാശ ഇടപെടലായി മാറി. തടവുപുള്ളികളുടെ ആരോഗ്യസുരക്ഷയ്ക്ക് വേണ്ടി കാതലായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ലീലാ സേത്ത് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഐക്യരാഷ്ട്ര സംഘടന നിഷ്കര്‍ഷിക്കുന്ന അടിസ്ഥാന നിയമങ്ങള്‍ പാലിക്കണം, സ്വന്തം ഡോക്ടറെ കൊണ്ട് ചികിത്സിക്കാന്‍ തടവുകാരനെ അനുവദിക്കണം, വിദഗ്ധരായ ഡോക്ടര്‍മാര്‍ ജയിലില്‍ നിയമിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെ തിഹാര്‍ ജയിലില്‍ മാറ്റങ്ങളുണ്ടായി. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമായി. മുന്‍പ് 16 ഡോക്ടര്മാരായിരുന്നിടത്ത് നിന്ന് 75 ഡോക്ടര്‍മാരെ വരെ വിളിച്ചുവരുത്താവുന്ന തരത്തില്‍ സജ്ജരാക്കി.
2001ല്‍ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന് നീന ആരോപിക്കുന്നു. രാജന് പിള്ളയുടെ മരണത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നീന പിള്ള മറ്റൊരു ഹര്‍ജി കൂടി നല്‍കിയിരുന്നു. വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ടിയിരുന്ന ആശയവിനിമയം മജിസ്ട്രേറ്റും ജയില്‍ അധികൃതരും തമ്മിലുണ്ടായില്ലെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തി. രാജന് പിള്ളയുടെ മരണത്തിന് ഉത്തരവാദി ഭരണകൂടമാണെന്ന് ചൂണ്ടിക്കാട്ടി പത്ത് ലക്ഷം രൂപ ഭാര്യക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്കി. 2012 മാര്‍ച്ചില്‍ നീന പിള്ള വീണ്ടും കോടതിയെ സമീപിച്ചു. രോഗികളായ തടവുകാരെ പരിചരിക്കുന്നതിനായി കോടതി നടത്തിയ പരിഷ്കരണ ഉത്തരവുകള്‍ ജയിലില്‍ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

രാജന് പിള്ളയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സിംഗപ്പുരിലെ സ്വത്തുക്കള്‍ അവിടുത്തെ സര്‍ക്കാര്‍ പിടിച്ചെടുത്തു. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലെ ഏറ്റവും വലിയ കശുവണ്ടിത്തോട്ടം ഒരിക്കല്‍ രാജന് പിള്ളയുടേതായിരുന്നു. അതും സര്‍ക്കാരിന്റെ അധീനതയിലായി. ഈ സ്ഥലം അടുത്തിടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. രാജന്‍പിള്ളയുടെ മരണശേഷം ഭാര്യ നീന കുറെക്കാലം ഇന്ത്യന്‍ എക്സ്പ്രസില്‍ കോളമെഴുതി. ദില്ലിയില്‍ ആര്‍ട്ട് ബിസിനസും പിന്നെ റിയല്‍ എസ്റ്റേറ്റ് ബിസിനസും ചെയ്തിരുന്ന നീന മക്കളായ ശിവയ്ക്കും കൃഷ്ണയ്ക്കുമൊപ്പം ഡല്‍ഹിയിലാണ് താമസം. രാജന് പിള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നീന. ഇളയ സഹോദരന് രാജ്മോഹന്‍ പിള്ള സഹോദരന്റെ പേരില്‍ ഫൗണ്ടേഷന് സ്ഥാപിച്ച് വിവിധ പുരസ്കാരങ്ങള്‍ ഏര്‍പ്പാടാക്കി. 200 കോടി ഡോളര്‍ ടേണ്‍ ഓവറുള്ള ബീറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് രാജ്മോഹന്‍ പിള്ള. കെ ഗോവിന്ദന് കുട്ടിയുമായി ചേര്‍ന്ന് രാജ്മോഹന്‍ പിള്ള ‘എ വേസ്റ്റഡ് ഡെത്ത്: ദ് റൈസ് ആന്‍ഡ് ഫാള്‍ ഓഫ് രാജന് പിള്ള’ എന്ന പുസ്തകമെഴുതി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.
(രാജ്മോഹന്‍ പിള്ളയുടെ സുഹൃത്ത് വിനോദ് രാജന് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയത്.)