‘കലാഭവൻ മണിയുടെ മോനായിക്ക് പകരം ആര്?’; ‘സമ്മര്‍ ഇന്‍ ബത്‌ലഹേം 2’ ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ലെന്ന് നിർമാതാവ്

മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പാണ് നിര്‍മാതാവ് സിയാദ് കോക്കര്‍ പുറത്തുവിട്ടത്. എന്നാല്‍ 1998ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‌റെ തുടര്‍ച്ചയാകില്ല രണ്ടാം ഭാഗം എന്നാണ് നിര്‍മാതാവ് തന്നെ ഇപ്പോള്‍ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘രണ്ടാം ഭാഗത്തിന്റെ ഷൂട്ട് എപ്പോള്‍ തുടങ്ങുമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. കുറച്ചു കാലമായി സിനിമയുടെ സംവിധായകന്‍ സിബി മലയിലും ഞാനും അതിന്റെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. സിനിമ എങ്ങനെ അവതരിപ്പിക്കണം എന്നതിനെ കുറിച്ചുള്ള ഒരു ചെറിയ ചിന്ത മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’

ഒന്നാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍ തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. എന്നാല്‍ കലാഭവന്‍ മണി അവതരിപ്പിച്ച മോനായി എന്ന കഥാപാത്രത്തിന് പകരമായി ആരെ കൊണ്ടുവരും എന്നകാര്യത്തില്‍ ഒരറിവും ഇല്ലെന്നും അദ്ദേഹം പറയുന്നു. രണ്ടാം ഭാഗത്തിലും സംഗീതം ഒരുക്കുന്നത് വിദ്യാ സാഗര്‍ തന്നെയായിരിക്കും.

ജയറാമിന്റെ കഥാപാത്രമായ രവിശങ്കറിനെ രഹസ്യമായി പ്രണയിക്കുകയും പൂച്ചയെ അയച്ചു നല്‍കുകയും ചെയ്ത കഥാപാത്രം ആരെന്ന് രണ്ടാം ഭാഗത്തില്‍ വെളിപ്പെടുത്തുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ ആദ്യ സിനിമയുടെ തുടര്‍ച്ചായായിരിക്കില്ല രണ്ടാം ഭാഗം എന്ന് അദ്ദേഹം പറയുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം ചിത്രീകരിച്ച ഊട്ടിയിലെ വീടും പരിസരവും തന്നെ പ്രധാന ലൊക്കേഷനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അത് കിട്ടിയില്ലെങ്കില്‍ സമാനമായ മറ്റൊരിടം കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

UPDATES
STORIES