കൊങ്കണയുടെ ‘ഗീലി പുച്ചി’; ജാതിയും ലൈംഗികതയും അധികാരവും വരച്ചിടുന്ന അസാമാന്യ അഭിനയം

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിനോദവിപണിയെ അടിമുടി പൊളിച്ചെഴുതിയ ഒരു മാറ്റം ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കിട്ടിയ സ്വീകാര്യതയാണ്. തിയേറ്ററുകളോ മുഖ്യധാരാ ചാനലുകളോ പ്രദർശിപ്പിക്കാൻ വിമുഖതയോ ഭയക്കുകയോ ചെയ്യുന്ന വിഷയങ്ങൾ നെറ്റ്ഫ്ളിക്സ്‌, ആമസോൺ തുടങ്ങിയ ഒടിടികൾ പ്രദർശിപ്പിക്കാൻ തയ്യാറാവുന്നു. രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ പറയാൻ സാധിക്കാത്ത ചെറിയ കഥകൾക്കും സിനിമകൾക്കും കൂടി ഇടമൊരുക്കുന്നതിലൂടെ വലിയ ജനാധിപത്യം വിനോദമേഖലയിൽ കൊണ്ട് വരാൻ ഇത്തരം ഒടിടി സേവനങ്ങൾക്ക് സാധിച്ചു.

2021-ൽ കരൺ ജോഹർ, അപൂർവ മേത്ത എന്നിവർ നിർമ്മിച്ച് നെറ്റ്ഫ്ളിക്സ് വഴി റിലീസ് ചെയ്ത ഒരു ആന്തോളജി സിനിമയാണ് ‘അജീബ് ദാസ്താൻ ‘. സങ്കീർണമായ മനുഷ്യവികാരങ്ങൾ വിഷയമാക്കുന്ന നാല് സംവിധായകരുടെ നാല് വ്യത്യസ്ത കഥകളാണ് സിനിമ ദൃശ്യവത്കരിക്കുന്നത്. അതിൽ മൂന്നാമത്തെ സിനിമ നീരജ് ഘായ്‌വാൻ രചനയും സംവിധാനവും നിർവഹിച്ച നാൽപത് മിനിറ്റോളം ദൈർഘ്യമുള്ള ‘ഗീലി പുച്ചി ‘ എന്ന ഹ്രസ്വചിത്രമാണ്. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം കൊണ്ടും ശക്തമായ ആവിഷ്കാരമികവ് കൊണ്ടും സിനിമയിലെ ഏറ്റവും മികച്ച കഥ ‘ഗീലി പുച്ചി’യാണ് എന്ന് പറയാം. അനേകം അടരുകളുള്ള ഈ ചലച്ചിത്രം ഒരേസമയം ജാതി, ലൈംഗികത, കുടുംബം, അധികാരം എന്നീ സാമൂഹ്യവിഷയങ്ങളും ഏകാന്തത, സ്വാഭിമാനം, പ്രണയം തുടങ്ങിയ വൈകാരികവിഷയങ്ങളും തീവ്രമായി അവതരിപ്പിക്കുന്നു.

ഒരു സ്വകാര്യ ഫാക്ടറിയിലെ ഏക വനിതാ തൊഴിലാളിയായ ഭാരതി മണ്ഡൽ എന്ന ദളിത് സ്ത്രീയുടെയും ആ സ്ഥാപനത്തിലേക്ക് ഡാറ്റാ എൻട്രി ഉദ്യോഗസ്ഥയായി പുതുതായി വന്ന പ്രിയ ശർമ എന്ന ബ്രാഹ്മണ സ്ത്രീയുടെയും കഥയാണ് സിനിമയുടെ പ്രമേയം. ജാതി എന്ന ഒരൊറ്റ പ്രിവിലേജ് കൊണ്ട് തൽസ്ഥാനത്തേക്കെത്താൻ എല്ലാവിധ യോഗ്യതയുമുണ്ടായിരുന്ന ഭാരതി മണ്ഡലിനെ മറികടന്നുകൊണ്ടാണ് പ്രിയ ശർമ ആ സ്ഥാപനത്തിലേക്ക് വരുന്നത്. ഭൂരിപക്ഷവും പുരുഷന്മാർ മാത്രമുള്ള ഒരു പണിയിടത്തിൽ വച്ച് രണ്ടു സ്ത്രീകൾക്കിടയിൽ ഉണ്ടാവുന്ന, പിന്നീട് പല തലങ്ങളിലൂടെയും കടന്നുപോകുന്ന സൗഹൃദത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. അതിഥി റാവു അവതരിപ്പിച്ച വിവാഹിതയും എല്ലാവിധ സാമൂഹിക അംഗീകാരവും അനുഭവിക്കുന്ന പ്രിയ എന്ന മധ്യവർഗ സ്ത്രീയെയും കൊങ്കണ സെന്നിന്ററെ ദളിതയും ഏകാന്തജീവിതം നയിക്കുന്നവാളുമായ ഭാരതി മണ്ഡൽ എന്ന ക്വീയർ സ്ത്രീ കഥാപാത്രത്തെയും മുൻനിർത്തി സംവിധയകാൻ ഏറെ സങ്കീർണമായ വിഷയങ്ങളിലേക്ക് ക്യാമറ ചലിപ്പിക്കുന്നു.

അതിഥി റാവുവും കൊങ്കണ സെന്നും ഗീലി പുച്ചിയിൽ

ജാതിയും അധികാരവും

ജാതി, ലൈംഗികത എന്നീ ഘടകങ്ങളാണ് സിനിമ വിനിമയം ചെയ്യുന്ന പ്രധാന ആശയങ്ങൾ. അതിൽത്തന്നെ ജാതി എന്ന സാമൂഹിക യാഥാർഥ്യമാണ് സിനിമ നേരിട്ട് സംവദിക്കാൻ ശ്രമിക്കുന്നത്. ഒരു ഫാക്ടറി, രണ്ടു വീടുകൾ – ഇവയാണ് ഗീലി പുച്ചിയിലെ പ്രധാന സ്ഥലങ്ങൾ. പ്രിയ ശർമ വരുന്നതിന് മുൻപ് ഒരൊറ്റ സ്ത്രീ, അതും ദളിത് സ്ത്രീ മാത്രം തൊഴിലെടുത്തിരുന്ന സ്ഥാപനമാണ് ആ ഫാക്ടറി. ഒരു ദളിത് ശരീരത്തെ ആ ഫാക്ടറിയിലെ ആൺ അധികാരം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് ഒരൊറ്റ രംഗത്തിലൂടെ സംവിധായകൻ കാണിച്ചു തരുന്നുണ്ട്. പ്രിയ ശർമ വരുന്ന ദിവസം സ്ത്രീകൾക്കുള്ള ടോയിലറ്റ് എവിടെ എന്ന അവളുടെ ചോദ്യത്തോട് ഫാക്ടറിയിലെ ഒരു ആൺ തൊഴിലാളി പ്രതികരിക്കുന്നയിടത്താണത്. സ്ത്രീ എന്ന നില പോയിട്ട് മനുഷ്യൻ എന്ന പരിഗണനയെങ്കിലും ആ അധികാരസ്ഥാപനം അവർക്ക് കൊടുക്കുന്നില്ല. അർഹതപ്പെട്ട ജോലിയിൽ, കൂട്ടുകാരിക്ക് മുന്നിൽ, മേലുദ്യോഗസ്ഥർക്ക് മുന്നിൽ, കുടുംബത്തിനുള്ളിൽ എല്ലാം ഭാരതി മണ്ഡൽ ഒരു മനുഷ്യസ്ത്രീ എന്ന നിലയിൽ അല്ല ഒരു ദളിത എന്ന നിലയിൽ മാത്രമാണ് പരിഗണിക്കപ്പെടുന്നത്. സിനിമയിലുടനീളം ഈ ഒരു അവസ്ഥ നിലനിർത്താൻ സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്. പ്രേക്ഷകർക്ക് നേരെ എറിഞ്ഞ കല്ലുകൾ പോലെയാണ് സിനിമ ഇത് കൈകാര്യം ചെയ്യുന്നത്.

ആദ്യമായി പരിചയപ്പെടുമ്പോൾ തന്നെ പ്രിയ ശർമ ‘ഭാരതി ‘ എന്ന് പരിചയപ്പെടുത്തുന്ന സുഹൃത്തിനോട് മുഴുവൻ പേര് പറയാൻ ആവശ്യപ്പെടുന്നുണ്ട്. അപ്പോൾ ഭാരതി സ്വയം ഭാരതി ബാനർജി എന്നാണ് പരിചയപ്പെടുത്തുന്നത്. പ്രിയ തന്റെ അമ്മായിയമ്മയോട് ബാനർജി എന്നാൽ ബംഗാളിലെ ബ്രാഹ്മണരാണ് എന്ന് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. സിനിമയിൽ ദൃശ്യവത്കരിക്കുന്ന രണ്ടു വീടുകളിൽ ഒന്ന് ഭാരതി മണ്ഡൽ ഒരു വളർത്തുനായയുമായി കഴിയുന്ന വീടും മറ്റൊന്ന് പ്രിയ ശർമയുടെ ഭർതൃഗൃഹവുമാണ്. ക്ഷേത്രപൂജാരിയായ പ്രിയയുടെ ഭർതൃപിതാവാണ് ആ കുടുംബത്തിന്റെ അധികാരി. ശുദ്ധിയും അയിത്തവും കാത്തുരക്ഷിക്കാൻ ബദ്ധശ്രദ്ധ പുലർത്തുന്ന ആ കുടുംബം പക്ഷേ സാമ്പത്തികമായി ഒരു മധ്യവർഗ സ്ഥാപനം മാത്രമാണ്. പ്രിയക്കും ഭർത്താവിനും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പോലുമുള്ള ഇടം ആ വീട്ടിലില്ല. അതിനായി അവർ കണ്ടെത്തുന്നത് ഭാരതിയുടെ വീടാണ്. ഒരേസമയം ഇന്ത്യയിലെ പൊള്ളയായ ജാത്യാഭിമാനവും വർഗ വിഭജനവും കൃത്യമായി സിനിമ അടയാളപ്പെടുത്തി പോകുന്നു. സ്വതന്ത്രയായ അതേസമയം പ്രിവിലേജുകൾ ഇല്ലാത്ത ദലിത് സ്ത്രീയും പ്രിവിലേജുകൾ ഉള്ള, പല ഘടകങ്ങളാൽ തളയ്ക്കപ്പെട്ട ഒരു ബ്രാഹ്മണസ്ത്രീയും വിവിധ സ്ഥാപനങ്ങളിൽ ജീവിക്കുന്നതിലൂടെ ആണധികാരത്തിന്റെ പ്രവർത്തനശൈലി ഉടനീളം സിനിമ ദൃശ്യവത്കരിക്കുന്നുണ്ട്.

സിനിമ പറയുന്ന ക്വീയർ രാഷ്ട്രീയം

ഇരട്ട പാർശ്വവൽക്കരണം എന്ന പ്രയോഗം ഒരു വ്യക്തി, സമൂഹത്തിന്റെ വിവിധ അധികാര-പൊതുബോധ ഘടകങ്ങളാൽ ഒന്നിലധികം പാർശ്വവൽക്കരണങ്ങൾക്ക് വിധേയരാക്കപ്പെടുന്ന അവസ്ഥയാണ്. ഗീലി പുച്ചിയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളായ ഭാരതി മണ്ഡലും പ്രിയ ശർമയും സ്ത്രീ എന്ന നിലയിലുള്ള പാർശ്വവൽക്കരണം അനുഭവിക്കേണ്ടി വരുന്നവരാണ്. പ്രിയക്ക് അത് കുടുംബത്തിനുള്ളിലാണെങ്കിൽ ഭാരതിക്ക് അത് അവർ തൊഴിലെടുക്കുന്ന സ്ഥാപനം മുതൽ സമൂഹത്തിലെല്ലായിടത്തുമുണ്ട്. ഭാരതി മണ്ഡൽ ഒരു ദളിത് ക്വീയർ സ്ത്രീയാണ്. അതിനാൽ മറുവശത്ത് പ്രിയ ശർമയെ മുൻനിർത്തി ഭാരതി മണ്ഡൽ അനുഭവിക്കുന്ന ഇരട്ട പാർശ്വവൽകരണത്തിന്റെ തീവ്രത സംവിധായകൻ പ്രേക്ഷകർക്ക് വ്യക്തമാക്കിത്തരുന്നു. ദലിത് വ്യക്തി എന്ന അവസ്ഥയിൽ സാമൂഹ്യമായും ദളിത് ക്വീയർ അവസ്ഥയിൽ വൈകാരികമായും ഭാരതി മണ്ഡൽ അനുഭവിക്കുന്ന ഒറ്റപ്പെടൽ അനേകം സീനുകളിൽ സംവിധായകൻ ചിത്രീകരിക്കുന്നുണ്ട്.

ഗീലി പുച്ചിയിൽ നിന്നും

പുരുഷന്മാർ മാത്രമുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടു സ്ത്രീകൾക്കിടയിൽ ഉണ്ടാവുന്ന സൗഹൃദത്തിന്റെ വൈകാരികമായ വളർച്ചയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. സിനിമയുടെ തുടക്കത്തിൽ തന്നെ ഭാരതി മണ്ഡൽ തന്റെ മുൻ കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ കാണുന്ന രംഗത്തിൽ തന്നെ ഭാരതിയുടെ ക്വീയർ ഐഡന്റിറ്റി സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം രണ്ടു സ്ത്രീകളുടെ ചുംബനരംഗത്തിലൂടെയാണ് ആ പ്രഖ്യാപനം. തന്റെ പഴയ കൂട്ടുകാരി കവിതയെ അനുസ്മരിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പ്രിയ ഭാരതിയുമായി അടുപ്പം സ്ഥാപിക്കുന്നത്. ക്രമേണ കവിത എന്ന സുഹൃത്ത് പ്രിയയ്ക്ക് ഏറെ വൈകാരിക അടുപ്പം തോന്നിയിട്ടുള്ള സ്ത്രീയാണ് എന്ന് സംഭാഷണങ്ങളിലൂടെ വെളിപ്പെടുന്നു. ഭാരതിയും പ്രിയയും പരസ്പരം അടുക്കുന്ന രംഗം ഭർതൃവീട്ടിൽ നിഷിദ്ധമായ മാംസാഹാരം ഭാരതിയുടെ വീട്ടിൽ വച്ച് പ്രിയ കഴിക്കുന്ന അവസരത്തിലാണ്. ചുറ്റുമുള്ളവർ കല്പിക്കുന്ന ഒരു നിയമം ലംഘിക്കുന്നു എന്ന രീതിയിൽ ആണ് അവരുടെ ചുംബനരംഗത്തിന്റെ ആവിഷ്കാരം. നിഷിദ്ധമായ ആഹാരം നിഷിദ്ധമായ ആത്മബന്ധം എന്നീ രൂപകങ്ങൾ മനുഷ്യരുടെ സ്വാഭാവികമായ ആഹ്ലാദങ്ങളെ ലോകം തടഞ്ഞുവയ്ക്കുന്നു എന്ന ഒരു ഇമ്പാക്ട് പ്രേക്ഷകർക്ക് നൽകുന്നു. കൊങ്കണ സെൻ അതിഥി റാവു എന്നീ പ്രശസ്ത നടിമാർ സ്‌ക്രീനിൽ ചുംബിക്കുന്നു എന്നത് ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന ക്വീയർ രാഷ്ട്രീയ പ്രഖ്യാപനത്തിൽ ഏറെ പ്രധാനപ്പെട്ട രംഗമാണ്.

ഭാരതി തന്റെ ഐഡന്റിറ്റി പ്രിയയോട് വെളിപ്പെടുത്തുന്ന രംഗത്തിൽ താൻ ഒരു ദളിതയാണെന്ന് വെളിപ്പെടുത്തുന്ന വരെയെ പ്രിയ കേൾക്കുന്നുള്ളു. അതിനപ്പുറത്തേക്ക് അവളുടെ ഐഡന്റിറ്റി എന്താണ് എന്ന് കേൾക്കാൻ പ്രിയ തയാറാകുന്നില്ല. അത് അറിയുന്നതോടെ ഭാരതിയോടുള്ള പ്രിയയുടെ മനോഭാവം മാറുകയും അവൾ ഉത്തമകുടുംബിനിയും അമ്മയുമായാൽ തന്റെ സ്വത്വപ്രതിസന്ധി മറികടക്കാൻ കഴിയുമെന്നും കരുതുന്നു. അത് അവളെ ഉപദേശിക്കുന്നതും ഭാരതിയാണ്. വിവാഹിതയായ ഒരു ക്വീയർ സ്ത്രീ നേരിടുന്ന ആശയക്കുഴപ്പത്തെ പ്രിയ ശർമ എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്നു. ഭാരതിക്ക് പ്രിയയോടുള്ള വൈകാരികബന്ധവും അവളെ കുടുംബം എന്ന സ്ഥാപനത്തിന് ആവശ്യമുള്ള നിലയിൽ പരുവപ്പെടുത്തി സ്വയം പിന്മാറാനുള്ള തീരുമാനവുമെല്ലാം ഇന്ത്യ പോലൊരു രാജ്യത്ത് രണ്ടു ക്വീയർ സ്ത്രീകൾ നേരിടുന്ന വൈകാരികമായ അരക്ഷിതാവസ്ഥ എത്രത്തോളമുണ്ടെന്നു ബോധ്യപ്പെടുത്തുന്ന ഒന്നാണ്. കറുപ്പ് വെളുപ്പ് എന്നീ കണ്ണികളിൽ ഒതുക്കാതെ പൂർണ്ണമായും വായനാ സ്വാതന്ത്ര്യം പ്രേക്ഷകർക്ക് വിട്ടു തരുന്ന നിലയിലാണ് ഈ രണ്ടു കഥാപാത്രങ്ങളുടെയും പരിണാമഗുപ്തി സംവിധായകൻ ചിത്രീകരിക്കുന്നത്. ഒരു ലെസ്‌ബിയൻ പ്രണയകഥയുടെ പശ്ചാത്തലത്തിൽ ജാതി എന്ന സങ്കീർണമായ വിഷയത്തെ സംവിധായകൻ നീരജ് കയ്യൊതുക്കത്തോടെ കൈകാര്യം ചെയ്യുന്നുണ്ട് ‘ഗീലി പുച്ചി ‘ യിൽ.

കൊങ്കണ സെൻ എന്ന മെതഡ് ആക്ടർ

‘ഗീലി പുച്ചി ‘ യുടെ ഏറ്റവും പ്രധാന ആകർഷണം ഭാരതി മണ്ഡൽ എന്ന ദളിത് ക്വീയർ സ്ത്രീയായുള്ള കൊങ്കണ സെന്നിന്റെ പ്രകടനമാണ്. സിനിമയെ മുന്നോട്ട് നയിക്കുന്ന ഒരു കേന്ദ്രബിന്ദു തന്നെയാണ് ഭാരതി മണ്ഡൽ. സിനിമയിൽ മറ്റെല്ലാ കഥാപാത്രങ്ങളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരാണ്. സിനിമയുടെ ആരംഭരംഗം പുരുഷന്മാർ മാത്രം തൊഴിലെടുക്കുന്ന ഒരു ഫാക്ടറിയിൽ ഏറെ ശാരീരികക്ഷമതയുള്ള തൊഴിലിലേർപ്പെട്ടിരിക്കുന്ന ഭാരതി മണ്ഡലിനെ കാണിച്ചു കൊണ്ടാണ്. ആ രംഗം മുതൽ സിനിമയുടെ ഒടുക്കം വരെയും അടിമുടി ഭാരതി മണ്ഡലായി തന്റെ ശരീരത്തെ മുഴുവൻ മാറ്റിയെടുത്തു കൊണ്ടാണ് കൊങ്കണ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലൂസ് ആയി കിടക്കുന്ന ഷർട്ടും നിർഭയമായ നടത്തവും ആരോഗ്യവും കരുത്തുമുള്ള ശരീരഭാഷയിൽ ഒരു ദളിത് ക്വീയർ സ്ത്രീയായി അക്ഷരാർത്ഥത്തിൽ ജീവിക്കുക തന്നെയാണ് കൊങ്കണ സെൻ. യാഷ്‌ക്ക ദത്ത് എഴുതിയ ‘കമിങ് ഔട്ട് എ ദളിത്’ എന്ന പുസ്തകം ഈ കഥാപാത്രത്തെ അവതരിപ്പിക്കും മുൻപ് കൊങ്കണ വായിച്ചിരുന്നു എന്ന് സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു ക്വീയർ സ്ത്രീ സ്വയം ആവിഷ്‌കരിക്കുന്നത് എങ്ങനെയെന്നറിയാനും കൊങ്കണ ധാരാളം ഗവേഷണം ചെയ്തു എന്ന് കൂടി സംവിധായകൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. വളരെ വൾനെറബിൾ ആയ ഒരു സ്ത്രീകഥാപാത്രത്തെ മിതത്വം നിലനിർത്തി അവതരിപ്പിച്ചു ഫലിപ്പിക്കാൻ കൊങ്കണയ്ക്കായി. ആ അനായാസമായ അഭിനയമികവ് കൊണ്ട് തന്നെയാണ് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ‘ഗീലി പുച്ചി’യിലൂടെ കൊങ്കണ നേടിയത്. അവരുടെ അഭിനയജീവിതത്തിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഭാരതി മണ്ഡൽ എന്ന് നിസ്സംശയം പറയാം.

‘മസാൻ’ എന്ന സിനിമയിലൂടെയും ‘സേക്രഡ് ഗെയിംസ് ‘ എന്ന നെറ്റ്ഫ്ളിക്സ് പരമ്പരയിലൂടെയും പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധനേടിയ നീരജ് ഘായ്‌വാന്റെ ‘ഗീലി പുച്ചി’ ഈ വർഷം റിലീസ് ചെയ്ത ഏറ്റവും മികച്ച ഒരു ചലച്ചിത്രസൃഷ്ടിയാണെന്നും, ജാതി, ലൈംഗികത എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന സിനിമയാണെന്നും നിസ്സംശയം പറയാം.

UPDATES
STORIES