‘അക്കാദമി അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനായില്ല’; വിൽ സ്മിത്ത് രാജിവച്ചു

അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് നടൻ വിൽ സ്മിത്ത് രാജിവച്ചു. ഓസ്‌കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ചതിൽ ഖേദം പ്രകടിപ്പിച്ചാണ് രാജി. ഓസ്കര്‍ വേദിയില്‍ അവതാരകനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഏപ്രിൽ 18ന് യോഗം ചേരാനിരിക്കേയാണ് വിൽ സ്മിത്തിന്റെ രാജി.

അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് വിൽ സ്‌മിത്ത് വ്യക്തമാക്കി. ഓസ്‌കര്‍ വേദിയിലെ തന്‍റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്‌മിത്ത് അറിയിച്ചു.

94-ാമത് ഓസ്‌കാര്‍ ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ വില്‍ സ്മിത്ത് ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു അവതാരകനായ ക്രിസ് റോക്കിനെ വേദിയില്‍വെച്ച് ആക്രമിച്ചത്. അലോപേഷ്യ രോഗബാധിതയായ ഭാര്യ ജേഡ പിങ്കറ്റ് സ്മിത്തിനുനേരെ ക്രിസ് റോക്ക് നടത്തിയ ജി.ഐ. ജെയിന്‍ (G.I. Jane) പരാമര്‍ശത്തില്‍ പ്രകോപിതനായ നടന്‍ അവതാരകനെ വേദിയില്‍ കയറി മുഖത്തടിക്കുകയായിരുന്നു. ഈ സംഭവത്തിന് വെറും അരമണിക്കൂര്‍ ശേഷമാണ് വില്‍ സ്മിത്ത് ഓസ്‌കാര്‍ പുരസ്‌കാരം അതേ വേദിയില്‍ ഏറ്റുവാങ്ങിയത്.

തുടര്‍ന്ന് തന്റെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തിയില്‍ അക്കാദമിയോടും ക്രിസ് റോക്കിനോടും വില്‍ സ്മിത്ത് ക്ഷമാപണം നടത്തി. രോഗത്തെ പരിഹസിക്കുന്നതുവഴി തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും അതിന് ക്ഷമചോദിക്കുന്നതായും ക്രിസ് റോക്കും പ്രസ്താവനയിലൂടെ അറിയിച്ചു.

UPDATES
STORIES