‘വോം’ എഫക്ട്; രണ്ടാമത്തെ ആഴ്ച്ചയില്‍ തിയേറ്റര്‍ ഷോ ഇരട്ടിപ്പിച്ച് ‘ജാന്‍ എ മന്‍’

നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ‘ജാന്‍ എ മന്‍’ സ്‌ക്രീനിങ്ങുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രദര്‍ശനം തുടരുകയാണ്. നവംബര്‍ 19ന് സംസ്ഥാനത്തെ 90 തിയേറ്ററുകളില്‍ റിലീസായ ചിത്രം രണ്ടാമത്തെ ആഴ്ച്ചയില്‍ 150ലധികം സിനിമാശാലകളിലേക്ക് വളര്‍ന്നുകഴിഞ്ഞു. മള്‍ട്ടിപ്ലക്‌സുകളില്‍ 3-4 ഷോകളുണ്ടായിരുന്നത് പലയിടത്തും 8 മുതല്‍ 10 വരെ ആയതോടെ സൂപ്പര്‍ഹിറ്റിലേക്കാണ് ജാന്‍ എ മന്നിന്റെ ഓട്ടം. സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ട മികച്ച പ്രതികരണങ്ങളും സിനിമ കണ്ടവരുടെ ‘വേഡ് ഓഫ് മൗത്ത്’ അഭിപ്രായങ്ങളുമാണ് ചിത്രം കാണാന്‍ കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നത്. ആദ്യ ആഴ്ച്ചയില്‍ രണ്ടേകാല്‍ കോടി രൂപ കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ‘ജാന്‍ എ മന്‍’ റീമേക്കിന് വേണ്ടി ഇതരഭാഷകളില്‍ നിന്ന് അന്വേഷണങ്ങളും എത്തുന്നുണ്ട്.

ചെറുപ്പക്കാര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ചിദംബരവും കൂട്ടരും സിനിമയൊരുക്കിയത്. തുടക്കം മുതലേ തമാശ മൂഡുമായി മുന്നോട്ടുപോകുന്ന ചിത്രത്തില്‍ പതുക്കെ ഏറിവരുന്ന സംഘര്‍ഷം ഒട്ടേറെ വൈകാരിക രംഗങ്ങളും മുന്നിലെത്തിക്കുന്നുണ്ട്. റോഡിനിരുവശത്തുള്ള വീടുകളിലൊന്നില്‍ മരണം നടന്ന് സംസ്‌കാരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ തൊട്ടപ്പുറത്ത് ജന്മദിനമാഘോഷിക്കുന്നിനേത്തുടര്‍ന്നുള്ള സംഭവങ്ങളാണ് ജാന്‍ എ മന്നില്‍. ആഘോഷത്തിനും ദുഃഖത്തിനുമിടയിലെ വൈരുധ്യത്തില്‍ പരമാവധി സാന്ദര്‍ഭിക തമാശകള്‍ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ക്കായി. ക്ലൈമാക്‌സിലെ രസികന്‍ ട്വിസ്റ്റാകട്ടെ അമ്പരപ്പിക്കുന്നതിനൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് വിശ്വസനീയമായി തോന്നുകയും ചെയ്തു. കുറേ നാളുകള്‍ക്ക് ശേഷമാണ് തുടക്കം മുതല്‍ ഒടുക്കം വരെ രസിപ്പിക്കുന്ന ഒരു കോമഡി എന്റര്‍ടെയ്‌നര്‍ തിയേറ്ററുകളിലെത്തുന്നതെന്ന് സിനിമാസ്വാദകര്‍ പറയുന്നു.

ജാന്‍ എ മന്‍ പോസ്റ്റര്‍

യഥാര്‍ത്ഥ സാഹചര്യത്തില്‍ നിന്ന് കിട്ടിയ ഒരു ആശയമാണ് ചിദംബരവും ഗണപതിയും സപ്‌നേഷ് വരച്ചാലും ചേര്‍ന്ന് തിരക്കഥയാക്കി മാറ്റിയത്. ചിദംബരത്തിന്റെ ജന്മദിനാഘോഷം നടക്കാനിരിക്കെ അടുത്ത വീട്ടിലെ ഒരാള്‍ മരിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ജന്മദിനാഘോഷങ്ങള്‍ വളരെ ലളിതമാക്കി ചുരുക്കി. ഇതിലൊരു സിനിമയുണ്ടല്ലോ എന്ന് ചിദംബരത്തിന് തോന്നി. കഥയേക്കുറിച്ച് സഹോദരന്‍ ഗണപതിയുമായി ആലോചനാ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നില്ല. ‘ഒരു നിര്‍മ്മാതാവുണ്ട്, പെട്ടെന്നൊരു കഥ വേണം’ എന്ന് അര്‍ജുന്‍ അശോകന്‍, നടന്‍ ഗണപതിയെ വിളിച്ചു പറഞ്ഞതോടെ ജാന്‍ എ മന്നിന്റെ ആശയം അവതരിപ്പിക്കപ്പെട്ടു. സംവിധാനം ചെയ്യാന്‍ മറ്റ് തിരക്കഥകള്‍ തയ്യാറാക്കി വെച്ചിരുന്നെങ്കിലും ‘ജാന്‍ എ മന്‍’ ചിദംബരത്തിന്റെ ആദ്യ ചിത്രമായി.

ജാന്‍ എ മന്‍, ഒരു രംഗം

ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, ശരത്ത് സഭ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി എന്നിവരുടെ പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലാല്‍, ചെമ്പില്‍ അശോകന്‍, റിയ സൈറ, ജിലു ജോസഫ്, പ്രാപ്തി എലിസബത്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. വിഷ്ണു തണ്ടാശ്ശേരിയാണ് ജാന്‍ എ മന്നിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ബിജി ബാല്‍ ഈണം നല്‍കി. കിരണ്‍ ദാസിന്റേതാണ് എഡിറ്റിങ്ങ്. കലാസംവിധാനം വിനേഷ് ബംഗ്ലാന്‍. ശബ്ദം എം ആര്‍ രാജകൃഷ്ണന്‍, വിക്കി, കിഷന്‍ എന്നിവര്‍ ചേര്‍ന്ന്. വസ്ത്രാലങ്കാരം മഷര്‍ ഹംസ. മേക്കപ്പ് ആര്‍ ജി വയനാടന്‍. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത് കുമാര്‍, ഷോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം എന്നിവര്‍ സഹനിര്‍മ്മാതാക്കളായി.

UPDATES
STORIES