‘ഇത് ഇലക്ഷനല്ല’; വിജയ് സീനിയർ, ബഹുമാനിക്കുന്നു എന്ന് യാഷ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെജിഎഫ്: ചാപ്റ്റർ 2-ന്റെ ട്രെയിലർ ഞായറാഴ്ച ബെംഗളൂരുവിൽ നടന്ന ഒരു മെഗാ ഇവന്റിൽ റിലീസ് ചെയ്തു. ചടങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ, തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ പുതിയ ചിത്രം ബീസ്റ്റ് ബോക്‌സ് ഓഫീസിൽ ഉയർത്തിയേക്കാവുന്ന വെല്ലുവിളിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത് ഇലക്ഷനല്ല, സിനിമയാണ് എന്നായിരുന്നു കെജിഎഫ് താരം യാഷിന്റെ മറുപടി.

ബീസ്റ്റ്-കെജിഎഫ് മത്സരത്തെ കുറിച്ചുള്ള തർക്കത്തിനും ചർച്ചകൾക്കും വളരെ പക്വമാർന്ന പ്രതികരണത്തോടെയായിരുന്നു യാഷ് വിരാമം കുറിച്ചത്.

“ഇത് കെജിഎഫും ബീസ്റ്റുമാണ്. കെജിഎഫോ ബീസ്റ്റോ എന്നല്ല. ഇതൊരു ഇലക്ഷനല്ല. ഇലക്ഷനിൽ എല്ലാവർക്കും ഒരു വോട്ട് മാത്രമേയുള്ളൂ, ആ വോട്ടുകൾ നേടുന്നതിന് മത്സരിക്കേണ്ടതുണ്ട്. ഒരാൾ ജയിച്ചാൽ മറ്റേയാൾ തോൽക്കണം. ഇത് സിനിമയാണ്. എന്റെ സിനിമയും അദ്ദേഹത്തിന്റെ സിനിമയും ആളുകൾക്ക് കാണാം. വിജയ് സാർ ഒരു വലിയ താരമാണ്, നമ്മൾ അദ്ദേഹത്തെ ബഹുമാനിക്കണം,” യാഷ് പറഞ്ഞു.

രണ്ട് സിനിമകൾക്കും വിജയിക്കാൻ രാജ്യത്ത് മതിയായ ഇടമുണ്ടെന്നും യാഷ് പറഞ്ഞു. “കെജിഎഫ് ഒരു പാൻ-ഇന്ത്യ സിനിമയാണ്, എട്ട് മാസം മുമ്പ് ഞങ്ങൾ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. പിന്നെ ഏത് സിനിമയാണ് എപ്പോൾ വരാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന് (വിജയ്) അതൊരു ഉത്സവം കൂടിയാണ്. KGF vs Beast എന്ന് കരുതുന്നത് ശരിയായ കാര്യമല്ല. ഇത്രയും വർഷമായി അദ്ദേഹം നമ്മെ രസിപ്പിച്ചു. ഞാൻ എന്റെ സീനിയേഴ്സിനെക്കാൾ വലുതാണെന്ന് ചിന്തിക്കാൻ തുടങ്ങുന്ന നിമിഷം, എന്റെ പതനം ആരംഭിക്കും. ആരാധകരെല്ലാം അദ്ദേഹത്തിന്റെ സിനിമകൾ ആഘോഷിക്കും. വിജയ് സാറിന്റെ ആരാധകർക്ക് ഞങ്ങളുടെ സിനിമ ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാനും ബീസ്റ്റ് കാണും. നമുക്കെല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ടൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കെജിഎഫ് 2 ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തും. നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിച്ച വിജയ്‌യുടെ ബീസ്റ്റ് ഏപ്രിൽ 13 ന് തിയേറ്ററുകളിലെത്തും. പൂജ ഹെഗ്ഡെ, മലയാളി താരം അപർണ ദാസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

UPDATES
STORIES