വീണ്ടും യഷ്; കോടികള്‍ വാഗ്ദാനം ചെയ്ത പാന്‍മസാല പരസ്യം നിരസിച്ച് താരം

‘കെജിഎഫ് ചാപ്ടര്‍ 2’ മികച്ച പ്രതികണങ്ങളോടെ പ്രദര്‍ശനം തുടരവെ, പാന്‍ മസാല ബ്രാന്‍ഡിന്റെ കോടികളുടെ കരാര്‍ നിരസിച്ച് നടന്‍ യഷ്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ വാഗ്ദാനം ചെയ്ത കരാറാണ് യഷ് വേണ്ടെന്നുവെച്ചിരിക്കുന്നത്. നടന്‍ കരാറില്‍നിന്നും പിന്മാറിയെന്ന് യഷിന്റെ ബിസിനസ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയായ എക്‌സീഡ് എന്റര്‍ടൈന്‍മെന്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

യഷ് പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യം നിഷേധിച്ചതിനെക്കുറിച്ച് എക്‌സീഡ് എന്റര്‍ടൈന്‍മെന്റ്‌സ് മേധാവി അരുണ്‍ ബാനര്‍ജി വിശദീകരിക്കുന്നതിങ്ങനെ, ‘യഷുമായും അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും അസോസിയേറ്റുമായ പ്രശാന്തുമായും 2020 മാര്‍ച്ചില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ഘട്ടം മുതല്‍ എന്റെ ഓര്‍മ്മയിലുണ്ട്. കാര്യങ്ങള്‍ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാനായി ‘ദ സ്റ്റോം ഈസ് കമിങ്’ എന്ന പേരില്‍ ഞങ്ങളൊരു അനൗദ്യോഗിക ഗ്രൂപ്പ് തുടങ്ങിയിരുന്നു. കെജിഎഫിന് രണ്ടാം ഭാഗമുണ്ടാകുമെന്നോ അത് വമ്പന്‍ ഹിറ്റാകുമെന്നോ പോലും ആര്‍ക്കുമറിയില്ലാത്ത സമയത്ത് യഷ് ഞങ്ങളിലേക്ക് പകര്‍ന്ന വിശ്വാസമായിരുന്നു അത്’.

‘ഈ ഘട്ടത്തില്‍, ഒരു ടീം എന്ന നിലയില്‍ ദീര്‍ഘകാല പങ്കാളിത്തമുറപ്പുവരുത്തുന്ന തരം ബിസിനസുകള്‍ക്ക് മാത്രം കൈകൊടുത്താല്‍ മതി എന്നതാണ് ഞങ്ങളുടെ ആലോചന. അടുത്തിടെ, കോടികളുടെ വരുമാനം വാഗ്ദാനം ചെയ്ത ഒരു പാന്‍മസാല ബ്രാന്‍ഡിന്റെ കരാര്‍ യഷ് നിരസിച്ചു. കെജിഎഫ് സീരീസുകളോടെ ഒരു പാന്‍ ഇന്ത്യന്‍ പ്രതിഛായയാണ് യഷ് സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരാധകരിലേക്കും അദ്ദേഹത്തെ സ്‌നേഹക്കുന്നവരിലേക്കും നല്ല സന്ദേശങ്ങള്‍നല്‍കാനും ഞങ്ങളുടെ സമയവും അധ്വാനവും നല്ല ബ്രാന്‍ഡുകള്‍ക്കായി നല്‍കാനും ഈ അവസരം ഉപയോഗിക്കാമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’, അരുണ്‍ ബാനര്‍ജി വ്യക്തമാക്കി. പാന്‍ മസാല പരസ്യങ്ങളില്‍നിന്നും പിന്മാറുന്നെന്ന് കഴിഞ്ഞ ദിവസം ബോളിവുഡ് താരം അക്ഷയ് കുമാറും അറിയിച്ചിരുന്നു.

Also Read: രണ്ടാഴ്ചകൊണ്ട് 1000 കോടി കടന്ന് ‘കെജിഎഫ് 2’ ബോക്‌സ് ഓഫീസ് കളക്ഷന്‍; ബോളിവുഡ് റെക്കോര്‍ഡുകളെ തകര്‍ത്ത് ഉജ്വല മുന്നേറ്റം

ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ് ‘കെജിഎഫ് ചാപ്ടര്‍ 2’. പ്രദര്‍ശനത്തിനെത്തി 14 ദിവസങ്ങള്‍ക്കകം ചിത്രം ആഗോള തലത്തില്‍ 1000 കോടി കളക്ഷന്‍ പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവുമധികം ചലനങ്ങളുണ്ടാക്കിയ ‘ആര്‍ആര്‍ആര്‍’, ‘ദങ്കല്‍’, ‘ബാഹുബലി-2’ എന്നിവയ്ക്ക് തൊട്ടുപിന്നിലായി കെജിഎഫ് ഇടംപിടിച്ചുകഴിഞ്ഞു.

ഏപ്രില്‍ 14ന് ആഗോള റിലീസായെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്നുമാത്രം 134.50 കോടി സ്വന്തമാക്കിയിരുന്നു. 100 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പും റെക്കോര്‍ഡ് നേട്ടമോടെയാണ് മുന്നേറുന്നത്. ‘പികെ’, ‘സഞ്ജു’, ‘ടൈഗര്‍ സിന്ദാ ഹേയ്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് മുന്നില്‍ തകര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡില്‍ ഒരു കന്നഡ ചിത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതും ശ്രദ്ധേയമാണ്. ‘ബാഹുബലി രണ്ടിന് ശേഷം ആദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രത്തിന് ബോളിവുഡില്‍ ഇത്രയധികം ജനപ്രീതിയുണ്ടാവുന്നത്.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018-ലാണ് കെജിഎഫിന്റെ ആദ്യഭാഗമെത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പുതന്ന വലിയ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. ഹൊംബാള ഫിലിംസിന്റം ബാനറില്‍ വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മ്മിച്ചത്. പിരീഡ് ഡ്രാമാ ഗ്യാങ്സ്റ്റര്‍ വിഭാഗത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

UPDATES
STORIES