റീലീസിന് ആഴ്ചകള്‍ ശേഷവും റെക്കോർഡുകള്‍ തകർത്ത് മുന്നേറുകയാണ് കെജിഎഫ്: ചാപ്റ്റർ 2. ഇതിനിടെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ സൂചനകള്‍ പുറത്തുവിടുകയാണ് നായകന് യഷ്. താനും സംവിധായകന് നീല്‍ പ്രശാന്തും ചില സീനുകളെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും ഇപ്പോഴതിന് പൂർണ്ണ രൂപമായിട്ടില്ലെന്നുമായിരുന്നു വെറെെറ്റി മാഗസീന് നല്കിയ അഭിമുഖത്തില്‍ യഷ് നടത്തിയ പ്രതികരണം.
“ഞാനും പ്രശാന്തും ഇതിനകം ഒരുപാട് സീനുകളെക്കുറിച്ച് ചിന്തിച്ചുവച്ചിട്ടുണ്ട്. ‘ചാപ്റ്റർ 2’ ൽ ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഒരുപാട് രംഗങ്ങളുണ്ട്. അതിനെല്ലാം ഇനിയും ഒരുപാട് സാധ്യതകളുണ്ടെന്ന് ഞങ്ങൾക്കറിയാം, ഒരുപാട് കിക്ക്-ആസ് സീനുകൾ സ്ക്രീനിലെത്തിക്കാന്‍ ബാക്കിയുണ്ട്. പക്ഷേ ഇപ്പോഴത് ഒരു ആശയം മാത്രമാണ്, പൂർണ്ണമായൊരു രൂപമായിട്ടില്ല”, യഷ് പറയുന്നു.
കെജിഎഫ് ഒരു ഭാഗം മാത്രമുള്ള സിനിമയായാണ് പ്രശാന്ത് നീല്‍ കണക്കുകൂട്ടിയിരുന്നതെന്നും പിന്നീടതിന്റെ സാധ്യതകള്‍ മനസിലാക്കി രണ്ട് ഭാഗങ്ങളാക്കി നിർമ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും താരം വെളിപ്പെടുത്തി. നേരത്തെ ചാപ്റ്റർ 2 വിന്റെ പോസ്റ്റ് ക്രെഡിറ്റ് രംഗങ്ങള്‍ മൂന്നാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കുന്നതാണെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. ഇത് ചർച്ചയായതോടെ സൂചന ശരിവെച്ച് അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് താരത്തിന്റെ പ്രതികരണം.
ഏപ്രിൽ 14 ന് തിയറ്ററുകളിലെത്തി കെജിഎഫ്: ചാപ്റ്റർ 2 രണ്ടാഴ്ച പിന്നിടുമ്പോള്‍ 1000 കോടി റോക്കോർഡിലേക്ക് കുതിക്കുകയാണ്. റിലീസുചെയ്ത അഞ്ചു ഭാഷകളിലും റെക്കോർഡുകള്‍ സ്വന്തമാക്കിയ ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് നേടുന്നത്.