യേശുദാസ്: പാട്ട് നിര്‍ത്താന്‍ അനുവദിക്കാത്ത സ്വരത്തിന്റെ പരിണാമം

അറുപത് വര്‍ഷങ്ങള്‍ ഒരു നീണ്ടകാലയളവാണ് പാട്ടിന്റെ രംഗത്ത്. ശബ്ദതന്തുക്കളില്‍  (Vocal Cords)  പ്രായം അല്ലെങ്കില്‍ ഫിസിയോളജി മാറ്റങ്ങള്‍ വരുത്തുക സ്വാഭാവികമാണ്. അതിനെ അതിജീവിച്ച് ഇന്നും ഒരു ചെറുപ്പക്കാരന്റെ ശബ്ദത്തോടെ പാടുക എന്നത് സിദ്ധിവിശേഷവും പരിപാലനവും ഒന്നിച്ചതിന്റെ നിദര്‍ശനവും. ലതാ മങ്കേഷ്‌കര്‍ പാട്ട് നിറുത്തണം എന്ന് ഒരിക്കല്‍ പറഞ്ഞുപോയ യേശുദാസിനോട് അത് ആരും പറയുമെന്ന് തോന്നുന്നില്ലാത്തത് ആര്‍ക്കും ആകര്‍ഷകമായി അദ്ദേഹത്തിനു ഇന്നും പാടാന്‍ കഴിയും എന്നതിനാലാണ്. സിനിമയുടെ ലോജിസ്റ്റിക്‌സ് പ്രത്യേകതകളുടെ സ്വാധീനത്തില്‍ അദ്ദേഹം അധികം പാടുന്നില്ല ഇപ്പോള്‍ എന്നേയുള്ളു.

1961ന്റെ അവസാനത്തില്‍ ‘കാല്‍പാടുകള്‍’ എന്ന സിനിമയ്ക്കു വേണ്ടി ശാന്ത പി നായരോടൊപ്പം ”അറ്റെന്‍ഷന്‍ പെണ്ണേ അറ്റെന്‍ഷന്‍” ആണ് യേശുദാസ് ആദ്യം മുഴുവനായി പാടിയ പാട്ട്. ഇന്നേക്ക് അറുപതുകൊല്ലം മുന്‍പ്. അന്ന് തന്നെ ചെറുപ്പത്തിന്റെ നുനുത്ത ശബ്ദത്തില്‍ ശ്രുതിശുദ്ധിയും ദാര്‍ഢ്യവും സന്നിവേശിപ്പിക്കുന്നതിലുള്ള കഴിവ് പ്രകടമായിരുന്നു. എന്നാല്‍ തുടര്‍ന്ന് പാടിയ പാട്ടുകള്‍ അത്ര ശ്രദ്ധിക്കപ്പെട്ടവ അല്ലായിരുന്നു എന്നത് യേശുദാസിന് ചില തിരിച്ചറിവുകള്‍ സമ്മാനിച്ചിരിക്കണം. 1962-63ല്‍ത്തന്നെ ‘ഭാര്യ’, ‘കണ്ണും കരളും’, ‘വിധി തന്ന വിളക്ക്’, ‘വേലുത്തമ്പി ദളവ’, ‘അമ്മയെ കാണാന്‍’ എന്നിവയിലെ സോളോ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടവയല്ലെന്ന് വിധി എഴുതപ്പെട്ടവയാണ്. ദേവരാജനും കെ രാഘവനും ദക്ഷിണാമൂര്‍ത്തിയും ഈ പുതിയ പാട്ടുകാരന്റെ കഴിവുകള്‍ മനസ്സിലാക്കിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ബാബുരാജ് ആദ്യം യേശുദാസിനു പാടാന്‍ കൊടുത്തത് ഒരു ത്യാഗരാജകീര്‍ത്തനം ആയിരുന്നു എന്നത് മുന്‍വിധിയുടെ താല്‍പര്യം ആയിരുന്നിരിക്കണം.

സ്‌കൂള്‍ യുവജനോത്സവത്തില്‍ പാടുന്ന യേശുദാസ്, മൃദംഗം വായിക്കുന്നത് പി ജയചന്ദ്രന്‍

സംഗീതസംവിധായകര്‍ ചൊല്ലിക്കൊടുക്കുന്ന ട്യൂണ്‍ ആവര്‍ത്തിക്കുമ്പോള്‍ അവരുടെ ആലാപനസ്വാധീനം സ്വന്തം ആലാപനത്തെ ബാധിച്ചിരുന്നു എന്ന് യേശുദാസിന്റെ ആദ്യകാലപാട്ടുകള്‍ കേട്ടാല്‍ തോന്നാം. സ്വന്തം സിദ്ധികള്‍ തിരിച്ചറിഞ്ഞുവരുന്ന സമയമായിരുന്നു യേശുദാസിന് ഇക്കാലം. ‘കണ്ണുനീര്‍ മുത്തുമായ്’, ‘ചൊട്ടമുതല്‍ ചുടല വരെ’ ‘ആകാശത്തിലെ കുരുവികള്‍’ എന്നിവ ഒഴിച്ചാല്‍ സോളൊ പാടിയ പാട്ടുകള്‍ ഇതിനു മുന്‍പുള്ളവയേപ്പോലെ പോപ്പുലര്‍ ആയിരുന്നില്ല എന്നത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 1964ലെ ‘കറുത്ത പെണ്ണേ കരിങ്കുഴലീ’ (അന്ന – ദേവരാജന്‍) ഉച്ചസ്ഥായിയില്‍, പതര്‍ച്ചയില്ലാതെ ഏകാഗ്രമായി പാടി ഫലിപ്പിക്കാനുള്ള കഴിവിനെ പ്രഘോഷിക്കുന്നതാകയാല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

എ എം രാജാ, കമുകറ, ഉദയഭാനു എന്നിവര്‍ക്ക് പ്രദാനം ചെയ്യാനാകാത്ത പലതും യേശുദാസിനു നല്‍കാനാവുമെന്നത് വലിയ ഒരു പരിണാമത്തിനാണ് വഴിവെച്ചത്. ഒരു സിനിമയിലെ പ്രധാന പാട്ട് ഗായികമാര്‍ പാടുക എന്ന നില കൈവിട്ട് ഗായകനിലേക്ക് അത് കൈമാറ്റപ്പെട്ടു. 62ലെ ഭാര്യയില്‍ പി സുശീലയുടെ പാട്ടുകളാണ് വന്‍ ജനപ്രീതി നേടിയത്. 63ലെ മൂടുപടം, അമ്മയെ കാണാന്‍ എന്നിവയിലൂടെ എസ് ജാനകിയാണ് ഹിറ്റ്‌മേക്കര്‍ ആയത്. (തളിരിട്ട കിനാക്കള്‍ തന്‍, ഉണരുണരൂ ഉണ്ണിപ്പൂവേ) ഈയിടയ്ക്ക് ‘യേശുദാസ്, യേശുദാസ് മാത്രം!!’ എന്ന ഉദ്‌ഘോഷണത്തിന് ആദ്യം പ്രകമ്പനം അരുളിയത് മേല്‍പറഞ്ഞ പാട്ടുകളോടൊപ്പം ‘അഷ്ടമുടിക്കായലിലെ..’യും (മണവാട്ടി) ‘കരയുന്നോ പുഴ ‘(മുറപ്പെണ്ണ്-ചിദംബരനാഥ്) എന്നിവയുമാണ്. ആലാപനത്തിലെ താരള്യത്താലും ശുഭോദര്‍ക്കമായ ഭാവിപ്രയാണത്തിന്റെ ആഹ്വാനം എന്ന ആശയപ്രസക്തിയാലും ”ഇടയ കന്യകേ പോവുക നീ” എളുപ്പം സ്വീകരിക്കപ്പെട്ടു. തന്റെ ജൈത്രയാത്രയ്ക്കുള്ള തുടക്കത്തിന്റെ സൂചനകള്‍ ഈ പാട്ടില്‍ (”പോവുക നീ ഇടറാതെ കാലിടറാതെ…’) അടങ്ങിയിരുന്നതിനാലും ‘ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തും നീ മനുഷ്യപുത്രനെ’ എന്ന വിപ്ലവസ്വാദുള്ള ഉദ്‌ഘോഷണമുണ്ടായിരുന്നതിനാലും തന്റെ കരിയറിന്റെ മുഖമുദ്രയാക്കി ഈ ഗായകന്‍ വീണ്ടും വീണ്ടും പാടിയത് മലയാളി സസന്തോഷം അംഗീകരിക്കുകയും ചെയ്തു.

വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍, യേശുദാസ്‌

സംഗീതസംവിധായകരായ ആരെയും അനുകരിക്കേണ്ട എന്നത് അദ്ദേഹം മനസ്സിലാക്കിയെടുത്തു എന്നുവേണം കരുതാന്‍. മുഹമ്മദ് റഫിയെ ആരാധിച്ചിരുന്ന യേശുദാസിന്റെ ആലാപനത്തില്‍ ആ സ്വാധീനം ചിലപ്പോള്‍ ദര്‍ശിക്കാം എന്നേയുള്ളു. ജിം റീവ്‌സിന്റെ ശൈലി അദ്ദേഹം സ്വാംശീകരിച്ചോ എന്ന് സംശയിക്കുന്നതിലും തെറ്റില്ല. 1964ല്‍ ”താമസമെന്തേ വരുവാന്‍” ഒരു സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു എന്ന് കരുതാം, അതിന്റെ ജനപ്രീതി തെളിവാണുതാനും. പിന്നീടുള്ള സാംസ്‌കാരികകേരളത്തിന്റെ ചരിത്രത്തില്‍ യേശുദാസിനു മുന്‍പ്, യേശുദാസിനു ശേഷം എന്ന വന്‍ വേര്‍തിര്‍വ് നിര്‍മ്മിക്കപ്പെട്ടതിന്റെ കാഹളം കൂടി ആയിരുന്നു ഇത്.

സ്വന്തം ശബ്ദവും ആലാപനശൈലികളും നവീകരിക്കുന്ന യേശുദാസിനോടൊപ്പം മലയാളിയുടെ ആസ്വാദനപരതയും സഞ്ചരിച്ചു എന്നതാണ് സത്യം. ശബ്ദവിന്യാസങ്ങളിലെ ചാരുതയും സ്വരപ്രകമ്പങ്ങളിലെ വൈവിധ്യങ്ങളും പല യേശുദാസുമാരെയാണ് കാലാകാലങ്ങളില്‍ മലയാളിയുടെ കേള്‍വിശീലങ്ങളില്‍ ഉള്‍ക്കൊള്ളിച്ചത്. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടപ്പെട്ട 80കളിലെ യേശുദാസ് ശബ്ദമാണ് ഇന്നും അദ്ദേഹത്തിന്റെ നിര്‍വ്വചിക്കപ്പെട്ട ശബ്ദമായി അംഗീകരിക്കപ്പെടുന്നത്. പ്രധാനമായും ശബ്ദത്തിന്റെ സ്ഫുടത, സ്വച്ഛത, വ്യക്തത, നിര്‍മ്മലത്വം ഇവയ്‌ക്കൊക്കെ ഒരു അടിസ്ഥാനമാനദണ്ഡവും (Benchmark) ഉദ്ധരണസൂചകവും  (Reference Point) യേശുദാസ് എന്നത് നിലവില്‍ വരികയുമാണുണ്ടായത്. പാട്ടുകാരെ ഇത് ആകെ സ്വാധീനിച്ച് കേരളത്തിലെ ശബ്ദങ്ങള്‍ക്ക് ഏകതാനത സൃഷ്ടിച്ചെടുക്കാനും ഈ സര്‍വ്വസമ്മതി വഴിവച്ചു എന്നതും സത്യമാണ്. മറ്റൊരു ശബ്ദത്തിന്റെ, മറ്റൊരു ആലാപനശൈലിയുടെ സാധ്യതകളെ ഇല്ലാതാക്കാന്‍ മാത്രം അതിശക്തമായിരുന്നു ഈ സ്വീകാര്യത ഉറപ്പിച്ച അടിസ്ഥാന കരിങ്കല്‍ത്തറ.

ക്ഷേത്ര ദര്‍ശനം നടത്തുന്ന യേശുദാസും ഭാര്യ പ്രഭയും

ഈ സര്‍വ്വാംഗീകാരം യേശുദാസിനെ ഒരു പൊതുവ്യക്തി ആയി മാറാന്‍ പ്രേരിപ്പിച്ചു എന്നത് സത്യമാണ്. ക്രിസ്ത്യാനി എന്ന സ്വത്വത്തില്‍ നിന്ന് പുറത്തു കടക്കുന്നു, സ്വയമേവ, മൂകാംബികയിലും ശബരിമലയിലും നിത്യസന്ദര്‍ശകനാകുകയും ചെയ്തു അദ്ദേഹം. മിക്ക അമ്പലങ്ങളിലും ഭക്തിഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നത് യേശുദാസ് ശബ്ദത്തിലൂടെ ആണെന്നുള്ളതുകൊണ്ട് ഈ സ്വാതന്ത്ര്യം എളുപ്പവുമായി. ഒരു പള്ളിയും ചോദ്യം ചെയ്യാന്‍ ഒരുമ്പെട്ടില്ല, മക്കള്‍ ഹിന്ദുക്കളെ കല്യാണം കഴിച്ചപ്പോഴും. ഒരു വിശ്വപൗരന്‍ ആയി സമ്മതി നേടുക എന്നത് എളുപ്പമുള്ള കാര്യവുമല്ല. ശബ്ദസ്വാധീനം കൊണ്ട് മതാത്മകതയെ നേരിടുക എന്ന ദുഷ്‌ക്കരകര്‍മ്മമാണ് സാധിക്കപ്പെട്ടത്. പാട്ട് പാടി ഒരു ജനതയെ മുഴുവന്‍ വശീകരിച്ച പലരുമുണ്ടെങ്കിലും സാംസ്‌കാരികതയെ ഇത്രയും ബാധിച്ച മറ്റൊരാള്‍ ഇല്ല തന്നെ. അതും ഇപ്പോള്‍ അറുപതോളം വര്‍ഷങ്ങളായി എന്നത് പാട്ടിന്റെ മോഹവലയം തീര്‍ക്കുന്ന നിഷ്‌ക്കളങ്ക വിപ്ലവോദാഹരണം തന്നെ. തന്റെ പോപ്പുലാരിറ്റിയും സ്വാധീനശക്തിയും ഉപയോഗിച്ച് കേരളസമൂഹത്തില്‍ ചില ഇടപെടലുകള്‍ യേശുദാസ് നടത്തണമെന്ന് സക്കറിയ പ്രഖ്യാപിച്ചത് കേരളചരിത്രത്തില്‍ ഒരു പാട്ടുകാരന്‍ എങ്ങനെ മഹദ് വ്യക്തിത്വമാര്‍ജ്ജിച്ചു എന്നതിന്റെ ഫലശ്രുതിയാണ്.

ഈ ജനസമ്മതി പൊതുജനത്തിന്റെ സംഗീത താല്‍പര്യത്തെ ബാധിച്ചു എന്നതും യേശുദാസിന്റെ ഇടപെടല്‍ എന്ന രീതിയില്‍ ഗണിക്കാവുന്നതാണ്. ശാസ്ത്രീയസംഗീതത്തില്‍ ഉന്നതബിരുദം നേടിയ ആള്‍ എന്ന നിലയ്ക്ക് സിനിമയില്‍ നിന്ന് ലഭിച്ച ജനപ്രീതിയെ സഹായകമാക്കി യേശുദാസ് 60കളുടെ അവസാനത്തോടെ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി. സിനിമാപ്പാട്ട് ഭക്തര്‍ കര്‍ണാടസംഗീതപ്രിയരായിരിക്കാറില്ല എന്ന പൊതുതത്വം അനുസരിച്ച് അന്നുവരെ കച്ചേരികള്‍ കേള്‍ക്കാത്തവര്‍ ഒന്നടങ്കം ആ സദസ്സുകളിലേക്ക് ആവാഹിക്കപ്പെട്ടു. പലരും പൊടുന്നനവേ ശാസ്ത്രീയ സംഗീതത്തില്‍ ആകൃഷ്ടരായി, ചിലര്‍ ആ അഭിരുചി നിലനിറുത്തുകയും ചെയ്തു. സിനിമയില്‍ പാടുക വഴി കര്‍ണാടകസംഗീതക്കച്ചേരികള്‍ ജനസമ്മതി നേടുക എന്നതിന്റെ പ്രാഗ് രൂപങ്ങള്‍ തമിഴകത്ത് എം കെ ത്യാഗരാജഭാഗവതരെപ്പോലെയുള്ളവരുടെ ജീവിതങ്ങളില്‍ ദര്‍ശിക്കാമെങ്കിലും മലയാളിയുടെ സംഗീതാഭിരുചികള്‍ വേറിട്ടതായിരുന്നതു കൊണ്ട് യേശുദാസിന്റെ ഈ ഇടപെടല്‍ അനന്യമായിരുന്നു. ശാസ്ത്രീയസംഗീതവുമായി ബന്ധമില്ലാത്തവരും ഇന്നും കേള്‍വിസുഖത്തിന്റെ ആകര്‍ഷകതയില്‍ യേശുദാസ് കീര്‍ത്തനങ്ങള്‍ സ്ഥിരം കേള്‍ക്കുന്നവരാണ്. ഭഗവദ് ഗീതയും ഋഗ് വേദവും സുന്ദരമായി പാടി റെക്കോര്‍ഡ് ചെയ്യാന്‍ തല്‍പ്പരകക്ഷികള്‍ യേശുദാസിനെത്തന്നെ ഉപയോഗിച്ചു എന്നത് ചരിത്രത്തില്‍ വന്ന് ഭവിക്കുന്ന ഐറണികളില്‍ ഒന്ന് മാത്രമായി കരുതാന്‍ പറ്റില്ല.

യേശുദാസ്

നിത്യയൗവനത്തില്‍ മലയാളി

യൗവനയുക്തനായ സുന്ദരന്റെ ശബ്ദപ്രവാഹം പ്രേംനസീര്‍ പ്രതിരൂപത്തില്‍ ആവേശിക്കപ്പെട്ടത് രണ്ടും ഒന്നിപ്പിയ്ക്കാന്‍ എളുപ്പമായതുകൊണ്ടാണ്. 1952 മുതല്‍ സിനിമയിലുള്ള പ്രേംനസീറിനു പുതിയ പ്രതിച്ഛായാമാനങ്ങള്‍ ലഭിക്കുന്നത് 1960കളുടെ പകുതിയോടെയാണ്. പതിനാലോളം വര്‍ഷങ്ങള്‍ക്കു ശേഷം, യേശുദാസിന്റെ വരവോടെയാണ് ഈ വിലയനസാധ്യത വികാസം പ്രാപിച്ചത്. യേശുദാസിന്റെ അംഗീകാരം ഈ പ്രതിഛായയുമായി യോജിപ്പിക്കാന്‍ എളുപ്പവുമാക്കി. ഈ സമ്മിളിതസ്വഭാവം പ്രേംനസീര്‍ സിനിമയില്‍ ഉള്ള കാലം മുഴുവന്‍ നിലനിന്നു. സിനിമാവ്യവസായത്തില്‍ പരസ്പരപൂരിതവും സഹായകവുമായി ഇത് വര്‍ത്തിക്കുകയും ചെയ്തു. ”അതിമനോഹരം ആദ്യത്തെ ചുംബനം” എന്ന് ഒരു പതിനെട്ട് വയസ്സുകാരന്‍ പാടുന്നതാണെന്ന് വിശ്വസിപ്പിക്കാന്‍ 45 വയസ്സുകാരന് എളുപ്പം സാധിക്കുന്നത് തന്നെയാണ് ഈ മാജിക്. കേള്‍വിക്കാരെ മൊത്തം യൗവനയുക്തരായി നിലനിര്‍ത്തുന്നത് ഒരു സമൂഹത്തില്‍ അത്ര എളുപ്പം നിര്‍വ്വഹിക്കപ്പെടാന്‍ സാധ്യതയുള്ളതല്ല. പൊതുബോധത്തിന്റെ പ്രായം ഇങ്ങനെ യൗവനത്തില്‍ തളയ്ക്കപ്പെട്ടത് യേശുദാസിന്റെ ബാഹ്യസ്വരൂപത്തില്‍ നിന്ന് ശബ്ദത്തെ അടര്‍ത്തിയെടുക്കാന്‍ വഴിവയ്ക്കുകയും ചെയ്തു. 60 വര്‍ഷങ്ങളോളം ഒരു സമൂഹത്തെ റൊമാന്റിക് ആയി നില നിര്‍ത്താന്‍ ആ ശബ്ദത്തിനു കഴിഞ്ഞു, ഇപ്പോഴും കഴിയുന്നു എന്നത് ലോകസംഗീതചരിത്രത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്.

ഭക്തിഗാനങ്ങള്‍ വഴിമാറുന്നു

”നിന്നെക്കണ്ട് കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ” എന്നത് ഒരു പ്രേമതരളിതന്റെ പ്രഖ്യാപനം ആണെന്ന് ധരിക്കപ്പെടാന്‍ എളുപ്പമാകുന്ന രീതിയില്‍ ഭക്തിഗാനശാഖയെ മാറ്റി മറിച്ചതും ആ ശബ്ദത്തിന്റെ മാന്ത്രികതാപ്രലോഭനങ്ങള്‍ ആണ്. വളരെ വിരസമായ രീതിയില്‍ നാമജപത്തിന്റെ സ്വഭാവത്തിലോ ഭജനപ്പാട്ട് എന്ന വിവക്ഷിക്കുന്ന രീതിയിലോ പ്രചരിച്ചിരുന്ന ഭക്തിഗാനങ്ങള്‍ വിപ്ലവകരമായി മാറപ്പെടുകയായിരുന്നു യേശുദാസിന്റെ ആലാപനപ്രവേശത്തോടെ. പി ലീലയുടെ ചില ഭക്തിഗാനങ്ങള്‍ അപവാദമായിട്ട് പ്രചാരത്തില്‍ ഉണ്ടായിരുന്നെങ്കിലും സ്വീകാര്യതയില്‍ ജനകീയത സ്വാംശീകരിക്കപ്പെടാന്‍ മടിച്ചു നിന്നിരുന്ന പാട്ടുകളായിരുന്നു അവ. കച്ചേരികളില്‍ മാത്രം പാടപ്പെടുന്ന ”കരുണചെയ് വാന്‍ എന്തു താമസം കൃഷ്ണാ’ എന്ന ഇരയിമ്മന്‍ തമ്പി കീര്‍ത്തനം പോലുള്ളവ മാത്രം, അല്ലെങ്കില്‍ ചില അഷ്ടപദികള്‍ ഇവയൊക്കെക്കൊണ്ട് തൃപ്തിപ്പെട്ടു വന്നവര്‍ക്ക് വലിയ തുറസ്സാണ് പുതിയ ഗായകന്റെ വരവോടെ ലഭിച്ചത്. കസെറ്റ് വിപണി കേരളത്തിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും വന്‍ ബിസിനെസ് ആയി മാറി. അതിസൗകുമാര്യശബ്ദം ആലാപനവശ്യതയോടെ സമര്‍പ്പിക്കുന്ന ഭക്തിഗാനങ്ങള്‍ സാംസ്‌കാരിക-സാമ്പത്തിക ഇടപെടലുകളുമായി മാറിയത് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വന്ന ഒരു ലത്തീന്‍ കത്തോലിക്കനാല്‍ ആണെന്നുള്ള സത്യം ഇന്നും അത്ര പെട്ടെന്ന് സ്വാംശീകരിക്കപ്പെടാന്‍ സാധ്യതയില്ല. ശബ്ദസൗകുമാര്യം സാമൂഹ്യപശ്ചാത്തലങ്ങളെ ഗംഭീരമായി മറയ്ക്കുകയോ തള്ളുകയോ ചെയ്തു.

യേശുദാസ്

ഭക്തിയേക്കാളേറെ സംഗീതം തുടിച്ചു നിന്ന ഗാനങ്ങളുടെ വ്യക്തിത്വം സിനിമാപ്പാട്ടുകളുടേത് പോലെ അവയിലെ യൗവന യുക്തത തന്നെ ആയിരുന്നു. പ്രേമഭാവം തുടിച്ചു നില്‍ക്കുന്നതാണ് ആ ശബ്ദം എന്നത് ഭാരതത്തില്‍ നേരത്തെ വേരോടിയിരുന്ന പ്രേമ-ഭക്തി സമന്വയവിചാരത്തിനു ചേര്‍ന്നതായിരുന്നു. യേശുദാസിന്റെ ശബ്ദത്തില്‍ പ്രേമപരത, ഭാവത്തില്‍ പ്രേമപരത, ഇതുമാത്രമേ ഉള്ളു എന്ന് ചിലര്‍ വാദിച്ചെങ്കിലും അത് സ്വീകാര്യതയെ തെല്ലും ബാധിച്ചില്ല. ”അഭിരാമശൈലമേ മലയാചലത്തിലെ അനവദ്യദേവാലയമേ” എന്നതിലെ സംഗീതമാണ് ആദ്യം അനുഭവഭേദ്യമാകുന്നത്. ഭക്തിയേക്കാള്‍ മധുരാലാപനമാണ് വശീകരിക്കുന്നതെന്നത് സത്യമെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. ”രാധതന്‍ പ്രേമത്തോടാണോ ..പറയൂ നിനക്കേറ്റം ഇഷ്ടം” ”ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ..” ഒക്കെ ഒരു പ്രേമലോലുപന്‍ പാടുന്ന പ്രതീതി കൊണ്ട് തന്നെയാണ് പ്രാഥമികമായി സ്വീകര്യത നേടുന്നത്. ഭക്തിഗാനമായി ഗണിക്കപ്പെടുന്നത് രണ്ടാമതായാണ്. ഉള്ളില്‍ ഒതുക്കപ്പെട്ട അനുരാഗപരതയ്ക്ക് തുറസ്സ് നല്‍കുന്നവ എന്ന ധര്‍മ്മം നിറവേറ്റുന്നതുകൊണ്ട് പ്രായഭേദമില്ലാതെ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഈ ഗാനങ്ങള്‍ ഹൃദയത്തുടിപ്പുകളോടെ മലയാളി ഏറ്റുവാങ്ങി. ഭക്തിഗാനശാഖ പടര്‍ന്നു പന്തലിച്ചു, കസെറ്റുകളും ആല്‍ബങ്ങളും വിറ്റഴിഞ്ഞു, അമ്പലങ്ങളില്‍ റെക്കോര്‍ഡ് പ്ലേയര്‍ എന്ന സാങ്കേതികത ചെന്ന് കയറി. അയ്യപ്പന്‍ ഉറങ്ങണമെങ്കില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സംഗീതം നല്‍കിയ, യേശുദാസ് എന്ന ക്രിസ്ത്യാനി പാടിയ ‘ഹരിവരാസനം’ വേണമെന്ന് ദൈവങ്ങളല്ല തീരുമാനിച്ചത്‌, സാദാ മലയാളി തന്നെയാണ്.

ഒരു 81 വയസ്സുകാരന്റെ ശരീരപ്രകൃതിയെ മാന്ത്രികമായി മറയ്ക്കുന്ന സ്വനതന്തുക്കളുടെ കളകണ്ഠം ഇയലുന്ന അവാച്യതരംഗങ്ങള്‍ 60 വര്‍ഷങ്ങളായി ഇവിടെ പ്രകമ്പനം കൊള്ളുന്നു എന്നതില്‍ അദ്ഭുതത്തിന് അവകാശമുണ്ട്.

UPDATES
STORIES