‘പാന്‍ ഇന്ത്യന്‍ പ്രയോഗം അലോസരപ്പെടുത്തുന്നു’; സിനിമയെ അങ്ങനെ കാണാനാവില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

സിനിമകളിലെ ‘പാന്‍ ഇന്ത്യന്‍’ പ്രയോഗം അലോസരപ്പെടുത്തുന്നതെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമകളെയോ അഭിനേതാക്കളെയോ പാന്‍ ഇന്ത്യ എന്ന ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്തേണ്ടതില്ലെന്നാണ് ദുല്‍ഖര്‍ പങ്കുവെക്കുന്ന അഭിപ്രായം. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ അടിമുടി അലോസരപ്പെടുത്തുന്നതാണ് പാന്‍ ഇന്ത്യ എന്ന വാക്ക്. എനിക്കത് കേള്‍ക്കുന്നതേ ഇഷ്ടമല്ല. സിനിമാ ഇന്‍ഡസ്ട്രിയ്ക്കകത്തു നടക്കുന്ന മാറ്റങ്ങളെയും ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള കൈമാറ്റത്തെയുമൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അത് നല്ലതുതന്നെയാണ്. പക്ഷേ, നമ്മള്‍ ഒരു രാജ്യക്കാരാണ്. പാന്‍ അമേരിക്ക എന്നൊന്നും ആരും പറയുമെന്ന് എനിക്ക് തോന്നുന്നില്ല. അതെത്ര മധുരതരമായി പറഞ്ഞാലും എനിക്ക് മനസിലാവുകയുമില്ല’, ദുല്‍ഖര്‍ പറഞ്ഞു.

എസ്എസ് രാജമൗലി 2015-നും 2017-നും ഇടയിലായി രണ്ടുഭാഗങ്ങളിലായി ബാഹുബലി റിലീസ് ചെയ്തതിന് പിന്നാലെയാണ് പാന്‍ ഇന്ത്യന്‍ പ്രയോഗം ഇത്രത്തോളം പ്രസിദ്ധിയാര്‍ജിച്ചത്. തുടര്‍ന്ന് വിജയ്, അല്ലുഅര്‍ജുന്‍ തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഹിന്ദി ബോക്‌സ് ഓഫീസുകളില്‍ക്കൂടി ചലനമുണ്ടാക്കാന്‍ കഴിഞ്ഞതോടെ പാന്‍ ഇന്ത്യ എന്ന വാക്ക് കൂടുതല്‍ സ്വീകാര്യത നേടുകയും ചെയ്യുകയായിരുന്നു.

അടിസ്ഥാനപരമായി ഒറ്റമാര്‍ക്കറ്റിനെ ഉദ്ദേശിച്ച് നിര്‍മ്മിച്ചിട്ടുള്ള പല ചിത്രങ്ങള്‍ക്കും രാജ്യവ്യാപകമായ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരാള്‍ എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തരത്തിലാണ് ഒരു സിനിമ ചെയ്യുന്നതെങ്കില്‍ അതിന് ഇത്തരത്തിലുള്ള അതിരുകള്‍ കല്‍പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

‘നിങ്ങള്‍ക്ക് ഒരു പാന്‍ ഇന്ത്യന്‍ സിനിമ നിര്‍മ്മിക്കാനാവില്ല. ഇന്ത്യയൊട്ടാകെ സ്വീകരിക്കപ്പെട്ടിട്ടുള്ള ആ സിനിമകള്‍ യഥാര്‍ത്ഥത്തില്‍ ഒറ്റ മാര്‍ക്കറ്റിനെ കേന്ദ്രീകരിച്ച് നിര്‍മ്മിച്ചിട്ടുള്ളവയാണ്. നിങ്ങള്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വ്യത്യസ്ത മാര്‍ക്കറ്റുകള്‍ക്കായി അത് നിര്‍മ്മിക്കപ്പെടുകയും എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കപ്പെടുകയും വേണം’, ദുല്‍ഖര്‍ പറഞ്ഞു.

UPDATES
STORIES